സംപൂജ്യരായിത്തീർന്ന ഇടതുപക്ഷത്തിലെ മാണിഗ്രൂപ്പ് : മത്സരിച്ച മന്ത്രിക്കടക്കം തോൽവി

സംപൂജ്യരായിത്തീർന്ന ഇടതുപക്ഷത്തിലെ മാണിഗ്രൂപ്പ് : മത്സരിച്ച മന്ത്രിക്കടക്കം തോൽവി

പാല : കേരളത്തിലെ ജനങ്ങള്‍ ഇടത് മുന്നണിയോട് കടക്ക് പുറത്ത് എന്ന് പറഞ്ഞ ഈ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് (മാണി) ഗ്രൂപ്പ് തീര്‍ത്തും അപ്രസക്തമാകുന്ന കാഴ്‌ചയ്ക്കും നാം സാക്ഷിയായി. ഒരു കാലത്ത് യുഡിഎഫിലെ പ്രാമാണ്യമുള്ള കക്ഷി ആയിരുന്നു മാണി കോണ്‍ഗ്രസ് എന്നതും എടുത്ത് പറയേണ്ടതുണ്ട്. കേരള രാഷ്‌ട്രീയത്തിലെ മാണി കോണ്‍ഗ്രസിലെ അപ്രമാദിത്വം അവസാനിച്ചിരിക്കുന്നു എന്ന് വേണം ഇത്തവണത്തെ നിയമസഭ തെരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യുമ്പോള്‍ അനുമാനിക്കാന്‍.കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന്‍റെ സ്വന്തം തട്ടകമായ പാലയില്‍ ജോസ് കെ മാണി രണ്ടാമതും പരാജയപ്പെട്ടു. മാണി സി കാപ്പനാണ് ഇവിടെ ജോസിനെ തോല്‍പ്പിച്ചത്. എന്‍ഡിഎയ്ക്ക് വേണ്ടി ഷോണ്‍ ജോര്‍ജായിരുന്നു രംഗത്തുണ്ടായിരുന്നത്. പാര്‍ട്ടിയിലെ രണ്ടാമനും ജലവിഭവമന്ത്രിയുമായ റോഷി അഗസ്റ്റിനും വീണു. കാഞ്ഞിരപ്പള്ളിയില്‍ മുതിര്‍ന്ന നേതാവ് എന്‍ ജയരാജിനെ കോണ്‍ഗ്രസിന്‍റെ റോണി കെ ബേബി മൂവായിരത്തിലേറെ ഭൂരിപക്ഷത്തോടെ പരാജയപ്പെടുത്തി. പൂഞ്ഞാറില്‍ സെബാസ്റ്റ്യന്‍ കുളത്തിങ്കലും പരാജയപ്പെട്ടു.

പി ജെ ജോസഫുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് യുഡിഎഫ് വിട്ട് ഇടതുമുന്നണിയിലെത്തിയ കേരള കോണ്‍ഗ്രസ്(എം) 2021ലെ നിയമസഭ തെരഞ്ഞെടുപ്പിലും 2020ലെ തദ്ദേശ തെരഞ്ഞെടുപ്പിലും കോട്ടയം ജില്ലയില്‍ ഇടതുമുന്നണിക്ക് മികച്ച വിജയം നേടിക്കൊടുത്തിരുന്നു. 2021ല്‍ പന്ത്രണ്ട് സീറ്റില്‍ മത്സരിച്ച പാര്‍ട്ടി അഞ്ച് സീറ്റില്‍ വിജയിച്ചു. 2016ല്‍ യുഡിഎഫിന്‍റെ ഭാഗമായിരുന്നപ്പോഴും പാര്‍ട്ടി അഞ്ച് സീറ്റിലാണ് വിജയിച്ചത്.

തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് ഉയര്‍ന്ന് കേട്ട മുന്നണി മാറ്റ വാര്‍ത്തകള്‍ തള്ളിക്കൊണ്ട് കേരള കോണ്‍ഗ്രസിനെ ഇടത് പക്ഷത്ത് തന്നെ ചേര്‍ത്ത് നിര്‍ത്തിയ ജോസ് കെ മാണിയും കൂട്ടരും അസാധാരണമായ രാഷ്‌ട്രീയ സാഹചര്യമാണ് ഇപ്പോൾ നേരിടുന്നത് . ഇത്തവണ 12 സീറ്റിൽ  മത്സരിച്ചപ്പോൾ ഒരു സ്ഥലത്തുപോലും മാണിഗ്രൂപ്പിന് ജയിക്കാൻ സാധിച്ചില്ല ,അതേസമയം കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് കരുത്താര്‍ജ്ജിക്കുന്ന കാഴ്‌ചയും ഈ തെരഞ്ഞെടുപ്പില്‍ നാം കണ്ടു.മത്സരിച്ച 8സീറ്റിൽ 7ലും മികച്ച ഭൂരിപക്ഷത്തോടെ വിജയിക്കാൻ പാർട്ടിക്ക് കഴിഞ്ഞു.