ബിഹാറിൽ നിതീഷ് യുഗത്തിന് അന്ത്യം; ആദ്യ ബിജെപി മുഖ്യമന്ത്രി വരുന്നു

പട്‌ന: ബിഹാറിൽ പുതിയ രാഷ്ട്രീയ യുഗത്തിന് തുടക്കമാകുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രി പദവിയിലിരുന്ന നിതീഷ് കുമാർ സ്ഥാനം ഒഴിയുന്നതോടെ ബിഹാർ ആദ്യ ബിജെപി സർക്കാരിൻ്റെ ഭരണത്തിന് സാക്ഷ്യംവഹിക്കാൻ ഒരുങ്ങുകയാണ്. അവസാന മന്ത്രിസഭായോഗത്തിന് ശേഷം ഇന്ന് രാവിലെ നിതീഷ് കുമാർ രാജിസമർപ്പിച്ചു .
ജനതാദൾ യുണൈറ്റഡ് അധ്യക്ഷനായ നിതീഷ് കുമാർ കഴിഞ്ഞയാഴ്‌ചയാണ് രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടത്. ഗവർണറെ കണ്ട് രാജി സമർപ്പിക്കുന്നതിന് മുമ്പ് മന്ത്രിസഭ പിരിച്ചുവിടാനുള്ള തീരുമാനം മുഖ്യമന്ത്രി തൻ്റെ സഹപ്രവർത്തകരെ അറിയിക്കുമെന്നും ഇത് തികച്ചും ഭരണഘടനാപരമായ നിബന്ധനയാണെന്നും മുതിർന്ന ബിജെപി നേതാവും മന്ത്രിയുമായ ദിലീപ് ജയ്‌സ്വാൾ വ്യക്തമാക്കി.
നിയമസഭാകക്ഷി യോഗം
243 അംഗ നിയമസഭയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിക്ക് നിലവിൽ 89 എംഎൽഎമാരാണുള്ളത്. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് ബിജെപി ഓഫിസിൽ ചേരുന്ന യോഗത്തിൽ വച്ച് നിയമസഭാകക്ഷി നേതാവിനെ ഔദ്യോഗികമായി തെരഞ്ഞെടുക്കും. കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാനെയാണ് നിയമസഭാകക്ഷി നേതാവിനെ തെരഞ്ഞെടുക്കാനുള്ള കേന്ദ്ര നിരീക്ഷകനായി ബിജെപി പാർലമെൻ്ററി ബോർഡ് നിയമിച്ചിരിക്കുന്നത്. അദ്ദേഹം ഇതിനായി പട്നയിലെത്തും.202 അംഗ എൻഡിഎയിൽ ജെഡിയുവിൻ്റെ 85 എംഎൽഎമാരുണ്ട്. ഇതിന് പുറമെ കേന്ദ്രമന്ത്രിമാരായ ചിരാഗ് പാസ്വാൻ, ജിതൻ റാം മാഞ്ചി എന്നിവരുടെ നേതൃത്വത്തിലുള്ള ലോക് ജനശക്തി പാർട്ടിയുടെ (രാം വിലാസ്) 19 എംഎൽഎമാരും ഹിന്ദുസ്ഥാനി അവാം മോർച്ചയുടെ അഞ്ച് എംഎൽഎമാരും സഖ്യത്തിലുണ്ട്. രാജ്യസഭാ എംപി ഉപേന്ദ്ര കുശ്വാഹ നയിക്കുന്ന രാഷ്ട്രീയ ലോക് മോർച്ചയുടെ അഞ്ച് എംഎൽഎമാരും എൻഡിഎയുടെ ഭാഗമാണ്. വൈകിട്ട് നാലിന് എൻഡിഎ നിയമസഭാംഗങ്ങൾ നിയമസഭ സെൻട്രൽ ഹാളിൽ യോഗം ചേരും. ഘടകകക്ഷികളുടെ പിന്തുണ പ്രഖ്യാപിച്ചശേഷം പുതിയ സർക്കാർ രൂപീകരിക്കാൻ എൻഡിഎ നേതാക്കൾ ഗവർണറെ സമീപിക്കും.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് സാമ്രാട്ട് ചൗധരി
സംസ്ഥാന ബിജെപി മുൻ അധ്യക്ഷനും നിലവിൽ ആഭ്യന്തരമന്ത്രിയുമായ ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരിയാണ് പുതിയ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രധാനമായും പരിഗണിക്കപ്പെടുന്നത്. എന്നാൽ രാജസ്ഥാൻ, ഡൽഹി, മധ്യപ്രദേശ് എന്നിവിടങ്ങളിലേതുപോലെ കേന്ദ്ര നേതൃത്വത്തിൻ്റെ ഇടപെടലിൽ അപ്രതീക്ഷിതമായ പ്രഖ്യാപനങ്ങൾ ഉണ്ടായേക്കാമെന്ന് ബിജെപി വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
മുഖ്യമന്ത്രി സ്ഥാനം ഒഴിയുകയാണെങ്കിലും ഭരണത്തിൽ നിതീഷ് കുമാറിൻ്റെ സ്വാധീനം തുടരുമെന്ന പ്രതീക്ഷയിലാണ് ജെഡിയു നേതാക്കൾ. അദ്ദേഹം ഭൂരിഭാഗം സമയവും ബിഹാറിലുണ്ടാകുമെന്നും പാർലമെൻ്റ് സമ്മേളന സമയത്ത് മാത്രം ഡൽഹിയിലേക്ക് പോകുമെന്നും സംസ്ഥാന ന്യൂനപക്ഷകാര്യ മന്ത്രിയായ സമാ ഖാൻ പറഞ്ഞു. നിതീഷ് കുമാറിൻ്റെ പൂർണ സമ്മതത്തോടെയും മാർഗനിർദേശത്തിലുമായിരിക്കും പുതിയ സർക്കാർ പ്രവർത്തിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു മാസം മുമ്പ് പാർട്ടിയിൽ ചേർന്ന നിതീഷ് കുമാറിൻ്റെ ഏക മകൻ നിഷാന്തിന് പുതിയ സർക്കാരിൽ സുപ്രധാന പദവി ലഭിക്കുമെന്നും ജെഡിയു പ്രതീക്ഷിക്കുന്നു.