രണ്ടാം പിണറായി സർക്കാർ പരസ്യത്തിന് ചെലവഴിച്ചത് 203 കോടി രൂപ!

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാർ ഇക്കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സർക്കാരിൻ്റെ ഔദ്യോഗിക പ്രചാരണ സംവിധാനമായ പിആർഡി വഴി ചെലവഴിച്ചത് 203 കോടി രൂപ. കാസർകോട് സ്വദേശി മുഹമ്മദ് അഷറഫിന് വിവരാവകാശ പ്രകാരം ലഭിച്ച മറുപടിയിലാണ് ഇതിൻ്റെ വിവരങ്ങളുള്ളത്. രണ്ടാം പിണറായി ഭരണകാലത്ത് നൽകിയ ആകെ പരസ്യങ്ങളുടെ തുകയാണ് പുറത്ത് വന്നിട്ടുള്ളത്.
2021ൽ മാത്രം 39,21,70,205 രൂപയുടെ പരസ്യമാണ് ആകെ നൽകിയിട്ടുള്ളത്. ഇതേവർഷം ദൃശ്യശ്രവ്യ മാധ്യമങ്ങൾക്ക് 18,40,60000 രൂപയാണ് നൽകിയിട്ടുള്ളത്. ഡിസ്‌പ്ലേ പരസ്യങ്ങൾക്ക് 13,60,00000 രൂപയും ടെണ്ടർ/നോൺ ടെണ്ടർ പരസ്യങ്ങൾക്ക് 7,21,10205 രൂപയുമാണ് നൽകിയിട്ടുള്ളത്. 2025-26 കാലഘട്ടത്തിൽ മാത്രം 87ൽപ്പരം കോടിയുടെ പരസ്യമാണ് നൽകിയിട്ടുള്ളത്. ദൃശ്യശ്രവ്യ മാധ്യമങ്ങൾക്ക് ഇതേവർഷം 7,71,90,773 മാത്രമാണ് നൽകിയത്. എന്നാൽ ഡിസ്‌പ്ലേ പരസ്യങ്ങൾക്ക് 58,56,97,745 രൂപയാണ് നൽകിയിരിക്കുന്നത്. ടെണ്ടർ/നോൺ ടെണ്ടർ പരസ്യങ്ങൾക്ക് ഇക്കാലയളവിൽ 20,78,74,402 രൂപയുമാണ് നൽകിയിട്ടുള്ളത്.
https://www.worldm.news/keralam/pinarayi-mohanlal-interview--25271
തെരഞ്ഞെടുപ്പിന് മുമ്പ് കെഎസ്ആർടിസി ബസുകളിലെ പരസ്യം നീക്കി
നിയമസഭാ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതോടെ കെ.എസ്ആർടിസി ബസുകളിലെ സർക്കാർ പരസ്യങ്ങൾ നീക്കിയിരുന്നു. പൊതുസ്ഥലങ്ങളിലും സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിലും മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഫോട്ടോയുള്ള ബോർഡുകളും പരസ്യങ്ങളും 48 മണിക്കൂറിനകം നീക്കം ചെയ്യണമെന്ന് പെരുമാറ്റച്ചട്ടത്തിൽ നിഷ്‌കർഷിച്ചതോടെയാണ് പരസ്യങ്ങൾ മാറ്റിയത്.മൂവായിരത്തിൽപരം ബസുകളിൽ ഒരു മാസത്തേക്കാണ് ഒന്നരക്കോടിയോളം രൂപ ചെലവിട്ട് പബ്ലിക് റിലേഷൻസ് വകുപ്പ് വഴി സർക്കാർ പരസ്യം നൽകിയത്. അതിദാരിദ്ര്യ നിർമാർജനം മുതൽ വിവിധ പദ്ധതികളായിരുന്നു വിഷയം. ബസുകളിലെ പരസ്യം നീക്കാത്തതു സംബന്ധിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ വിളിച്ചു ചേർത്ത യോഗത്തിൽ യുഡിഎഫ് പരാതിപ്പെടുകയും ചെയ്തിരുന്നു.
ഈ വർഷം മാർച്ചിൽ ദേശീയ ദിനപത്രങ്ങളിലടക്കം പത്രങ്ങളുടെ പേജിന് സമാനമായി നൽകിയ പരസ്യം വലിയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. 2011ലെ യുഡിഎഫ് സർക്കാരുമായി 2016, 2021 കാലയളവിലെ എൽഡിഎഫ് സർക്കാരിനെ താരതമ്യം ചെയ്തായിരുന്നു പരസ്യം. ദേശീയ ദിനപത്രങ്ങളുടെയടക്കം രണ്ട് പേജുകളിൽ മലയാളത്തിലായിരുന്നു പരസ്യം അച്ചടിച്ചു വന്നത്. പ്രതിപക്ഷം ഇതിനെതിരെ കടുത്ത വിമർശനവുമായി രംഗത്ത് വന്നിരുന്നു.