"ജൂൺ ആദ്യവാരം ധവളപത്ര മിറക്കും" ; മുനമ്പത്ത് നിന്ന് ഒരാളേയും ഇറക്കിവിടില്ലെന്ന് മുഖ്യമന്ത്രി

ന്യൂഡല്‍ഹി: കേരളത്തിന്‍റെ സമ്പദ്‌വ്യവസ്ഥയെക്കുറിച്ചുള്ള ധവളപത്രം ജൂൺ ആദ്യവാരം പുറപ്പെടുവിക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. പ്രധാനമന്ത്രിയെയും ധനമന്ത്രിയെയും സനന്ദർശിച്ച ശേഷം ഡല്‍ഹിയില്‍ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. കേന്ദ്ര സംസ്ഥാന ബന്ധങ്ങളുടെ കാര്യത്തിലുള്ള ചില പ്രശ്‌നങ്ങൾ പ്രധാനമന്ത്രിയെയും ധനകാര്യ മന്ത്രിയെയും അറിയിച്ചിട്ടുണ്ട്. അനൂകൂലമായ നിലപാടുകളുണ്ടാവും എന്നാണ് പറഞ്ഞത്. വിവിധ കാര്യങ്ങൾ അവരെ ബോധ്യപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ടെന്നാണ് വിശ്വാസം. അവർ ചില കാര്യങ്ങൾ മുന്നോട്ട് വെച്ചിട്ടുമുണ്ട്. അതുകൂടി പരിഗണിച്ച് സാമ്പത്തികമായി ചെയ്യാനുള്ള കാര്യങ്ങൾ ചെയ്യും. സ്വപ്‌ന പദ്ധതികൾക്ക് സഹായം അഭ്യർഥിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്തിന്‍റെ പദ്ധതികളുടെ വിശദാംശങ്ങൾ ബജറ്റിൽ വകയിരുത്തിയ ശേഷം കേന്ദ്രത്തിന്‍റെ വിവിധ വകുപ്പുകളിൽ അതിന്‍റെ വിശദാംശങ്ങൾ ധരിപ്പിക്കും. പല പദ്ധതികൾക്കും സഹായം ആവശ്യപ്പെട്ടിട്ടുണ്ട്. ദേശീയ പാത ഭൂമിയേറ്റെടുക്കലിന് 25 ശതമാനം തുക, 5580 കോടി രൂപ കേരളം നൽകിയിട്ടുണ്ട്. അത് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് (എൻഎച്ച്എഐ) കൈമാറിയിട്ടുണ്ട്. കടമെടുപ്പിന്‍റെ പരിധിയിൽ നിന്നും ഈ തുക ഒഴിവാക്കണമെന്ന് അഭ്യർഥിച്ചിട്ടുണ്ട്.

കടമെടുപ്പിന്‍റെ പരിധി 3.5 ശതമാനമാനുള്ളത്. അതിൽ 0.5 ശതമാനം ഊർജ മേഖലയിൽ ചെലവഴിക്കാൻ മാത്രമുള്ളതാണ്. അതുകൊണ്ട് മൂന്നു ശതമാനം മാത്രമാണ് നിലവിലുള്ളത്. അതിൽ കിഫ്ബിയും പെൻഷൻ ഫണ്ടും വരുത്തിയ ബാധ്യതകൾ കൂടി ഈ കടമെടുപ്പിന്‍റെ പരിധി കുറച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ധവളപത്രമിറക്കിയ ശേഷം അതിന്‍റെ വിശദാംശങ്ങൾ കൂടി കേന്ദ്രത്തെ ധരിപ്പിക്കും.

കേന്ദ്രത്തിന്‍റെ വിവിധ വകുപ്പുകളിൽ നിന്നും സംസ്ഥാനത്തിന് ലഭിക്കാനുള്ള തുക, നിയമപരമായ തടസങ്ങൾ നീക്കി കേന്ദ്ര പദ്ധതികളിൽ ലഭിക്കാനുള്ള പരമാവധി തുക വാങ്ങിയെടുക്കാനുള്ള ശ്രമവുമായി സർക്കാർ മുന്നോട്ട് പോകും. ഇറാൻ- അമേരിക്ക യുദ്ധം ഗൾഫിൽ നിന്നുള്ള ധനവരവിനെ ബാധിച്ചിട്ടുണ്ട്. ക്രൂഡ് ഓയിൽ വിലവർധനയും ഉപഭോക്തൃസംസ്ഥാനമായ കേരളത്തെ സാരമായി ബാധിച്ചു. ഏറ്റവും കൂടുതൽ നാണയപ്പെരുപ്പവും വിലക്കയറ്റവും ഉള്ള സംസ്ഥാനമായി കേരളം നിലവിൽ മാറിയെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രത്തിന്‍റെ ഭാഗത്ത് നിന്നും പലകാര്യങ്ങളും അറിയിച്ചിട്ടുണ്ട്. അതെല്ലാം പരിശോധിച്ച് കേന്ദ്രത്തിന്‍റെ എല്ലാ വകുപ്പുകളിൽ നിന്നും സംസ്ഥാനത്തിന് കിട്ടേണ്ട പണം കിട്ടിയിട്ടുണ്ടോ എന്നത് പരിശോധിച്ച് വരികയാണ്. ഏതെങ്കിലും വകുപ്പുകൾക്ക് പണം കിട്ടാനുണ്ടെങ്കിൽ അത് എന്തുകൊണ്ടാണെന്ന് പരിശോധിച്ച് മേൽനടപടികൾ സ്വീകരിക്കും. യൂട്ടിലിറ്റി സർട്ടിഫിക്കറ്റ് കൊടുക്കാതിരിക്കുക, ഓഡിറ്റ് നടത്താതിരിക്കുക എന്നീ പ്രശ്‌നങ്ങളാണെങ്കിൽ അത് എത്രയും പെട്ടെന്ന് അത് നൽകി പണം വാങ്ങുന്നതിനുള്ള നടപടി സ്വീകരിക്കും. പിഎം ശ്രീയിൽ നിയമപരമായ കാര്യങ്ങൾ പരിശോധിക്കും. മന്ത്രിസഭാ യോഗത്തിലും ചർച്ച ചെയ്തിരുന്നു.

സിൽവർലൈൻ പദ്ധതി സംസ്ഥാനവും കേന്ദ്രവും ഉപേക്ഷിച്ചതാണ്. എന്നിട്ടും ഉപേക്ഷിക്കപ്പെട്ട് പദ്ധതിക്ക് വേണ്ടി സ്ഥലമേറ്റെടുക്കാനുള്ള വിജ്ഞാപനം അപ്പോഴും നിലനിൽക്കുന്നതാണ് പ്രശ്‌നമായി വരുന്നത്. നാട്ടിലെ മനുഷ്യരോട് ശത്രുക്കളെ പോലെ പെരുമാറേണ്ട ആവശ്യമില്ല. വിജ്ഞാപനം നിലനിൽക്കുന്നതിനാൽ തന്നെ സാധാരണക്കാർക്ക് ആ ഭൂമി കൊണ്ട് മറ്റ് ഒരു ഉപയോഗവുമില്ല. മക്കളുടെ കല്യാണം നടത്താൻ ബാങ്ക് വായ്പ പോലും ലഭിക്കാത്ത അവസ്ഥയാണുള്ളത്. അതുകൊണ്ടാണ് ഭൂമി ഡീനോട്ടിഫൈ ചെയ്തത്. പുതിയ പദ്ധതി തീർച്ചയായും വിഭാവനം ചെയ്യണം. അതിന് സമയം വേണം. കിഫ്ബിയുടെ ഡയറക്ടർ ബോർഡ് യോഗം അടുത്ത ദിവസം വെച്ചിട്ടുണ്ട്. അവരുടെ ഇപ്പോഴത്തെ നില എന്താണെന്നുള്ള റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. അതു പരിശോധിച്ച് ബാധ്യതകൾ മനസിലാക്കി ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടി വരും.

ദേശീയപാത വികസനത്തിനായി ഭൂമി ഏറ്റെടുക്കുന്നതിന് 5,580 കോടി രൂപ (25 ശതമാനം തുക) കേരളം നല്‍കിയിട്ടുണ്ടെന്നും ഈ തുക സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയില്‍നിന്ന് ഒഴിവാക്കണമെന്നും പ്രധാനമന്ത്രിയോട് അഭ്യര്‍ഥിച്ചു. നിലവില്‍ ജിഎസ്ഡിപിയുടെ 3.5 ശതമാനമാണ് കടമെടുപ്പ് പരിധിയെങ്കിലും അതില്‍ 0.5 ശതമാനം വൈദ്യുതി മേഖലയിലെ പരിഷ്‌കാരങ്ങള്‍ക്കായി മാറ്റിവെച്ചിട്ടുള്ളതാണ്. കിഫ്ബിയും പെന്‍ഷന്‍ഫണ്ടും വരുത്തിവെച്ച ബാധ്യതകള്‍കൂടി ഈ പരിധിയില്‍ ഉള്‍പ്പെടുന്നത് കടമെടുപ്പിനെ സാരമായി ബാധിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ധവളപത്രം ഇറക്കിയശേഷം ഇതിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ കേന്ദ്രത്തെ ധരിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.