"സിപിഎമ്മുകാർ നന്നാകുന്ന ലക്ഷണമില്ല", രൂക്ഷ വിമര്‍ശനവുമായി ജി.സുധാകരൻ
ആലപ്പുഴ: സിപിഎമ്മുകാർ നന്നാകുന്ന ലക്ഷണമില്ലെന്ന വിമര്‍ശനവുമായി നിയുക്ത അമ്പലപ്പുഴ എംഎൽഎ ജി സുധാകരൻ. സാധാരണ കഷായം കൊണ്ട് നന്നാകില്ലെന്നും എങ്ങനെ നന്നാക്കണമെന്ന് പറയേണ്ട കാര്യം ഇനി തനിക്കില്ലെന്നും ജി സുധാകരൻ ആലപ്പുഴയിൽ മാധ്യമങ്ങളോട് പറഞ്ഞു. സിപിഎമ്മിൽ നിന്നും പുറത്തുവന്നതിൻ്റെ സാഹചര്യവും അദ്ദേഹം വിശദീകരിച്ചു.ജി സുധാകരനെ രണ്ടുവർഷം മുമ്പ് തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കേണ്ടതായിരുന്നു എന്ന് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ അഭിപ്രായം പറഞ്ഞവരും സ്ഥാനമോഹികളുമാണ് പാർട്ടിയെ നശിപ്പിക്കുന്നതെന്ന് ജി സുധാകരൻ വിമര്‍ശിച്ചു. മോഷ്‌ടിക്കുന്നവരും വെള്ളമടിക്കുന്നവരും മാത്രം മതി പാർട്ടിക്കുള്ളിൽ. അങ്ങനെയുള്ളവരാകും തനിക്കെതിരെ പറഞ്ഞത്. തനിക്ക് ചെയ്യാവുന്ന സേവനമൊക്കെ 61 വർഷം കൊണ്ട് ചെയ്‌തു. ഇനി സേവനം ചെയ്യാനുള്ള അന്തരീക്ഷം അവിടെ ഇല്ല. ലോക്കൽ കമ്മറ്റി അംഗത്തെ കൊണ്ട് തൻ്റെ അച്ഛനെ വരെ ചീത്ത വിളിപ്പിച്ചു. സ്വന്തം അച്ഛനെ ബഹുമാനിക്കുന്ന ആരും പിന്നെ പാർട്ടിയിൽ നിൽക്കില്ലെന്നും ജി സുധാകരൻ പറഞ്ഞു.ഭുവനേശ്വരൻ രക്തസാക്ഷി ആയത് എങ്ങനെയാണെന്ന് എനിക്കറിയാം ഇവർക്കാർക്കെങ്കിലും അതറിയാമോ.? കെഎസ്‌യുക്കാരാണ് കൊന്നതെങ്കിലും അതിനുള്ള സാഹചര്യം ഒരുക്കിയത് ആരാണ്, ഭുവനേശ്വരൻ്റെ കാര്യത്തിൽ ഇവരാരും മുതലക്കണ്ണീർ ഒഴുക്കണ്ട, കേസ് മുഴുവൻ പറഞ്ഞത് ഞങ്ങളാണ്, ഞങ്ങളുടെ വീട്ടിലെ കാശുകൊണ്ടാണ് കേസ് നടത്തിയത്. അതിനൊന്നും ഇതുവരെ ആരോടും ഒരു പരാതിയും ഞാൻ പറഞ്ഞിട്ടില്ല" അദ്ദേഹം പറഞ്ഞു.ആരെങ്കിലും ഉദ്ദേശിക്കുമ്പോൾ ഒരാളെ പാർട്ടിയിൽ നിന്ന് പുറത്താക്കാനാകില്ല. മുൻകാല പ്രാബല്യത്തോടെ പുറത്താക്കാൻ പറ്റുമോ? അതിന് കാരണം വേണം. പാർട്ടിക്കെതിരെ താൻ ഒന്നും പറഞ്ഞിട്ടില്ല. സ്ഥാനമോഹികൾക്കെതിരെയാണ് പറഞ്ഞത്. അവരെ നന്നാക്കാൻ എളുപ്പമല്ല. താമസിച്ചാണെങ്കിലും തോൽവി എന്തുകൊണ്ടാണെന്ന് എല്ലാവർക്കും മനസ്സിലായി.എന്തുവേണമെങ്കിലും ചെയ്തോട്ടെ, പക്ഷേ ജനം കൂടെയുണ്ടാകില്ല. ജനം കൂടെയുണ്ടാവണമെങ്കിൽ പണ്ട് ഞങ്ങൾ പ്രവർത്തിച്ചപോലെ പ്രവത്തിക്കണം. തലപോകുന്ന സാഹചര്യത്തിലും പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ചവരാണ് തങ്ങള്‍, അങ്ങനെയുള്ളവരെ ഇങ്ങനെയാണോ പറയുന്നതെന്നും, സ്ഥാനമോഹികളും സാമ്പത്തിക മോഹികളായ ആൾക്കാരും സിപിഐഎമ്മിനെ നശിപ്പിക്കുന്നതിനെ പറ്റിയാണ് താൻ സംസാരിക്കുന്നതെന്നും ജി സുധാകരൻ പറഞ്ഞു.