ആദ്യഘട്ടത്തിൽ പോസ്റ്റൽ ബാലറ്റുകൾ , വോട്ടെണ്ണലിനെക്കുറിച്ച്‌ വിശദമായി അറിയാൻ

ആദ്യഘട്ടത്തിൽ പോസ്റ്റൽ ബാലറ്റുകൾ , വോട്ടെണ്ണലിനെക്കുറിച്ച്‌  വിശദമായി അറിയാൻ

കേരളം : ഏപ്രിൽ ഒൻപതിന് നടന്ന വോട്ടെടുപ്പിനു ശേഷം ജനാധിപത്യത്തിൻ്റെ വിധി കുറിച്ച വോട്ടിങ് യന്ത്രങ്ങൾ സ്ട്രോങ് റൂമുകളിൽ സുരക്ഷിതമാണ്. ഇന്ത്യൻ ജനാധിപത്യത്തിൻ്റെ ഏറ്റവും സുതാര്യമായ വോട്ടെണ്ണൽ പ്രക്രിയകളിലൂടെയും അതിൻ്റെ സമയക്രമത്തെക്കുറിച്ചുമുള്ള വിശദാംശങ്ങളും അറിയാം.

43 സ്ഥലങ്ങളിലായി 140 കേന്ദ്രങ്ങളിൽ രാവിലെ എട്ട് മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും. 140 റിട്ടേണിങ് ഓഫീസർമാരും 1340 അഡീഷണൽ റിട്ടേണിങ്‌ ഓഫീസർമാരും 4208 സൂക്ഷ്മനിരീക്ഷകരും 4208 ക‍ൗണ്ടിങ്‌ സൂപ്പർവൈസർമാരും 5563 ക‍ൗണ്ടിങ്‌ അസിസ്റ്റൻ്റുമാരും ഉൾപ്പെടെ 15,465 ഉദ്യോഗസ്ഥരാണ്‌ വോട്ടെണ്ണലിൻ്റെ ഭാഗമാകുന്നത്‌.

വോട്ടെണ്ണലിൻ്റെ ആദ്യഘട്ടമെന്നത് സ്ട്രോങ് റൂമുകൾ തുറക്കുന്ന പ്രക്രിയയാണ്. രാവിലെ തെരഞ്ഞെടുപ്പ് ഒബ്സർവറുടെയും സ്ഥാനാർത്ഥികളുടെയോ അവരുടെ അംഗീകൃത ഏജൻ്റുമാരുടെയോ, സാന്നിധ്യത്തിൽ വീഡിയോ റെക്കോർഡിങ്ങോടെ സ്ട്രോങ് റൂമുകൾ തുറക്കുന്നു. പോസ്റ്റൽ ബാലറ്റുകൾ എണ്ണലാണ് ആദ്യഘട്ടത്തിൽ നടക്കുക. ആദ്യം എണ്ണിത്തുടങ്ങുന്നത് സർവീസ് വോട്ടർമാരുടെയും തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെയും പോസ്റ്റൽ ബാലറ്റുകളാണ്. ഇതിനായി പ്രത്യേകം ടേബിളുകൾ സജ്ജീകരിച്ചിട്ടുണ്ടാകും.ശേഷം ഇവിഎം വോട്ടെണ്ണൽ ആരംഭിക്കും. പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങി അരമണിക്കൂറിന് ശേഷം വോട്ടിങ് മെഷീനുകളിലെ വോട്ടുകൾ എണ്ണിത്തുടങ്ങും. ഓരോ മണ്ഡലത്തിലും പരമാവധി 14 കൗണ്ടിങ് ടേബിളുകൾ വരെ ക്രമീകരിക്കും. ഒരു റൗണ്ടിൽ ഒരേസമയം 14 ബൂത്തുകളിലെ വോട്ടുകളാണ് എണ്ണുന്നത്. കൺട്രോൾ യൂണിറ്റിൻ്റെ സീലുകൾ പൊട്ടാത്തതാണെന്ന് കൗണ്ടിങ് ഏജൻ്റുമാരെ കാണിച്ച് ഉറപ്പുവരുത്തുകയും ചെയ്യും. സൂപ്പർവൈസർ മെഷീനിലെ ‘Result’ ബട്ടൺ അമർത്തുമ്പോൾ ഓരോ സ്ഥാനാർത്ഥിക്കും ലഭിച്ച വോട്ടുകൾ ഡിസ്പ്ലേയിൽ തെളിയും. കൗണ്ടിങ് അസിസ്റ്റൻ്റുമാർ ഈ വിവരങ്ങൾ ഫോം 17C-യുമായി ഒത്തുനോക്കി രേഖപ്പെടുത്തുന്നു.അടുത്തത് വിവിപാറ്റ് സ്ലിപ്പുകൾ എണ്ണലാണ്. ഇവിഎമ്മുകളിലെ വോട്ടെണ്ണൽ പൂർത്തിയായ ശേഷം, തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നിർദ്ദേശപ്രകാരം ബൂത്തുകളിലെ വിവിപാറ്റ് സ്ലിപ്പുകൾ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്ത് എണ്ണി തിട്ടപ്പെടുത്തും. ഇവിഎമ്മിലെ വോട്ടും വിവിപാറ്റ് സ്ലിപ്പുകളും തമ്മിൽ കൃത്യത ഉറപ്പുവരുത്താനാണ് ഇങ്ങനെ ചെയ്യുന്നത്.എല്ലാ റൗണ്ടുകളും പൂർത്തിയായി വിവിപാറ്റ് സ്ലിപ്പുകളും എണ്ണി തിട്ടപ്പെടുത്തിയ ശേഷം വരണാധികാരി (Returning Officer) വിജയിയെ ഔദ്യോഗികമായി പ്രഖ്യാപിക്കുകയും വിജയ സർട്ടിഫിക്കറ്റ് നൽകുകയും ചെയ്യുന്നതോടെ ഓരോ മണ്ഡലത്തിലും എംഎൽഎമാരുടെ പ്രഖ്യാപനമാകും.