മണിയൻപിള്ള രാജു ഓടിച്ച കാറിടിച്ച് രണ്ട് ബൈക്ക് യാത്രികർക്ക് പരിക്ക്

തിരുവനന്തപുരം: നടനും നിർമാതാവുമായ മണിയൻപിള്ള രാജു ഓടിച്ച കാറിടിച്ച് രണ്ട് ബൈക്ക് യാത്രികർക്ക് പരിക്ക്. നിവേദിത് കൃഷ്‌ണ, സൂരജ് എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. വഴുതക്കാട് ട്രിവാന്‍ഡ്രം ക്ലബിന് മുന്നിൽ വച്ച് ഇന്നലെ രാത്രി 10 മണിയോടെയാണ് അപകടമുണ്ടായത്. കാറിടിച്ചിട്ടതിന് പിന്നാലെ നടന്‍ നിര്‍ത്താതെ പോകുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ യുവാക്കള്‍ ചികിത്സയില്‍ തുടരുകയാണ്. അതേസമയം യുവാക്കളെ കാറിടിച്ചത് താന്‍ തന്നെയാണെന്ന് മണിയന്‍പിള്ള രാജു പറഞ്ഞു. എന്നാല്‍ ഭയം കൊണ്ടാണ് കാര്‍ നിര്‍ത്താതെ പോയതെന്നും താരം പറഞ്ഞു.ഇന്ന് രാവിലെയാണ് വാഹനം ഓടിച്ചത് താൻ തന്നെയാണെന്ന് കാര്യം പൊലീസിനോട് വ്യക്തമാക്കിയത്. സുബ്രഹ്മണ്യം ഹാളിലെ ചടങ്ങിൽ പങ്കെടുത്ത ശേഷം വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടമുണ്ടായതെന്നും അപ്പോഴത്തെ പരിഭ്രാന്തി കൊണ്ടാണ് വണ്ടി നിർത്താതെ പോയതെന്നും നടൻ കൂട്ടിച്ചേർത്തു. നിവേദിതിൻ്റെ കാലുകൾക്കും സൂരജിൻ്റെ നട്ടെല്ലിനും ഒടിവുണ്ട്.