എറണാകുളത്ത് രണ്ട് നഴ്‌സിങ് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു

 എറണാകുളത്ത് രണ്ട് നഴ്‌സിങ് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു

എറണാകുളം: ജില്ലയിലെ അശമന്നൂരിൽ കനാലിൽ കുളിക്കാനിറങ്ങിയ രണ്ട് നഴ്‌സിങ് വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ട് മരിച്ചു. പെരുമ്പാവൂരിനടുത്ത് അശമന്നൂർ ഭാഗത്തുകൂടി കടന്നുപോകുന്ന പെരിയാർവാലി കനാലിലാണ് നാടിനെ നടുക്കിയ അപകടം സംഭവിച്ചത്. മലപ്പുറം സ്വദേശിയായ അജ്‌മൽ, കൊല്ലം സ്വദേശിയായ അജ്‌സൽ എന്നിവർക്കാണ് അപകടത്തിൽ ജീവൻ നഷ്‌ടമായത്. ചെറുകുന്നം കെ.എം.പി കോളജിലെ നഴ്‌സിങ് വിദ്യാർത്ഥികളാണ് ഇരുവരും.

അപകടത്തിൻ്റെ പശ്ചാത്തലം

കോളജ് അവധിയായതിനാലാണ് ചൊവ്വാഴ്‌ച രാവിലെ കോളജിലെ സഹപാഠികളായ ആറ് സുഹൃത്തുക്കൾ കനാലിൽ കുളിക്കാനായി ഇറങ്ങിയത്. വേനലാണെങ്കിലും കനാലിലെ നീരൊഴുക്ക് ശക്തമായിരുന്നു. ഭൂതത്താൻ കെട്ട് അണകെട്ടിൽ നിന്നും ഒഴുകുന്ന ജലം ഗ്രാമീണ മേഖലയിലൂടെ ഒഴുകിയാണ് കനാൽ വഴി പെരിയാറിൽ എത്തുന്നത്.കനാലിൽ ആഴവും ഒഴുക്കുമുള്ള ഭാഗത്തായിരുന്നു വിദ്യാർത്ഥികൾ കുളിക്കാനിറങ്ങിയത്. ഇതിനിടെയാണ് അപ്രതീക്ഷിതമായി വിദ്യാർഥികൾ ശക്തമായ ഒഴുക്കിൽപ്പെട്ടത്. രക്ഷപെടുത്താൻ കൂടെയുള്ള വിദ്യാർഥികൾ ശ്രമിച്ചെങ്കിലും ശക്തമായ അടിയൊഴുക്കുള്ളതിനാൽ മൂന്ന് കുട്ടികൾ വെള്ളത്തിനടിയിലേക്ക് താഴുകയായിരുന്നു. നാട്ടുകാർ നൽകിയ വിവരത്തെത്തുടർന്ന് ഉടൻ തന്നെ സ്ഥലത്തെത്തിയ അഗ്നിശമന സേനയും നാട്ടുകാരും ചേർന്ന് വിപുലമായ തെരച്ചിൽ നടത്തിയാണ് മൂന്ന് വിദ്യാർഥികളെയും പുറത്തെടുത്തത്.എന്നാൽ അജ്‌മൽ, അജ്‌സൽ എന്നിവർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടിരുന്നതായി രക്ഷാപ്രവർത്തകർ അറിയിച്ചു. അപകടത്തിൽപ്പെട്ട അതീവ ഗുരുതരാവസ്ഥയിലായിരുന്ന മൂന്നാമത്തെ വിദ്യാർഥിയായ മണക്കാട് സ്വദേശി എമിനെ നാട്ടുകാർ ഉടൻ തന്നെ കോതമംഗലത്തെ മാർ ബസേലിയോസ് ആശുപത്രിയിലേക്ക് മാറ്റി. നിലവിൽ ആശുപത്രിയിലെ വെൻ്റിലേറ്ററിൽ ചികിത്സയിലുള്ള എമിൻ ഇപ്പോഴും ഗുരുതരാവസ്ഥയിലാണ്. പ്രാഥമിക വിവരങ്ങൾ അനുസരിച്ച് എമിൻ്റെ ആരോഗ്യനില ആശങ്കാജനകമായി തുടരുകയാണ്.

പഠനത്തിനായി ദൂരസ്ഥലങ്ങളിൽ നിന്നും എത്തി ഹോസ്റ്റലിലും മറ്റും താമസിച്ച് പഠിക്കുന്ന വിദ്യാർഥികളുടെ വേർപാട് സഹപാഠികളെയും അധ്യാപകരെയും ഒരുപോലെ തളർത്തിയിരിക്കുകയാണ്. നഴ്‌സിങ് പഠനം പൂർത്തിയാക്കി മികച്ചൊരു ഭാവി സ്വപ്‌നം കണ്ടിരുന്ന യുവാക്കളുടെ അപ്രതീക്ഷിത വിയോഗം നാട്ടുകാർക്കും വലിയ ആഘാതമായി.മരണപ്പെട്ട വിദ്യാർഥികളുടെ മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ്‌മോർട്ടത്തിനായി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റും. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകും. കനാലുകളിൽ നീരൊഴുക്ക് ശക്തമായ സമയത്ത് ഇത്തരം ജലാശയങ്ങളിൽ ഇറങ്ങുന്നത് അപകടകരമാണെന്ന് അധികൃതർ ആവർത്തിച്ച് മുന്നറിയിപ്പ് നൽകുന്നുണ്ടെങ്കിലും അപകടങ്ങൾ തുടരുകയാണ്.