ഉദയനിധിയുടെ സ്വത്ത് വിവരം : വിഷയത്തിൽ ആദായനികുതി വകുപ്പ് മറുപടി നൽകണമെന്ന് മദ്രാസ് ഹൈക്കോടതി.

ചെന്നൈ: തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ്റെ സ്വത്ത് വിവാദവുമായി ബന്ധപ്പെട്ട വിഷയത്തിൽ ആദായനികുതി വകുപ്പ് മറുപടി നൽകണമെന്ന് മദ്രാസ് ഹൈക്കോടതി. ഉദയനിധി സ്റ്റാലിൻ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ വെളിപ്പെടുത്തിയ സ്വത്ത് വിവരങ്ങൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ഉദയനിധി മത്സരിക്കുന്ന ചെപ്പോക്ക്-ട്രിപ്ലിക്കെയ്ൻ മണ്ഡലത്തിലെ വോട്ടറായ കുമാരവേൽ ആണ് ഹർജി സമർപ്പിച്ചത്.
2026ലെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ നൽകിയ സ്വത്ത് വിവരങ്ങളും 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സമർപ്പിച്ച വിവരങ്ങളും തമ്മിൽ പൊരുത്തക്കേടുകൾ ഉണ്ടെന്നാണ് ഹർജിക്കാരൻ്റെ വാദം. 2021ലെ സത്യവാങ്മൂലത്തിൽ ഉദയനിധി സ്റ്റാലിൻ റെഡ് ജയൻ്റ് മൂവീസ് എന്ന കമ്പനിയിൽ 7.36 കോടി രൂപ നിക്ഷേപിച്ചിരുന്നു എന്നും നിലവിലെ സത്യവാങ്മൂലത്തിൽ ഇത്തരം വിശദാംശങ്ങൾ ഉൾപ്പെടുത്തിയിട്ടില്ലെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടുന്നു.അദ്ദേഹത്തിൻ്റെ ഭാര്യയും ഇതേ കമ്പനിയിൽ 2.63 കോടി രൂപയുടെ നിക്ഷേപം നടത്തിയിട്ടുണ്ടെന്നും എന്നാൽ ഈ ഇടപാടിനെക്കുറിച്ച് ശരിയായ വിശദീകരണം നൽകിയില്ലെന്നും ഹർജിയിൽ പറയുന്നുണ്ട്. 2021ൽ സ്നോ ഹൗസിങിന് 11.06 കോടി രൂപ വായ്‌പ നൽകിയതായി ഉദയനിധി സ്റ്റാലിൻ പരാമർശിച്ചിട്ടുണ്ടെങ്കിലും 2026-ലെ സത്യവാങ്മൂലത്തിൽ 10 കോടി രൂപ മാത്രമേ പരാമർശിക്കുന്നുള്ളൂവെന്നും ബാക്കി 1.06 കോടി രൂപ തിരിച്ചടച്ചോ എന്നതിനെക്കുറിച്ച് വ്യക്തതയില്ലെന്നും ഹർജിക്കാരൻ പറഞ്ഞു.കൂടാതെ, 2020ന് മുമ്പ് നൽകിയ സത്യവാങ്മൂലത്തിൽ വരുമാനം 2 കോടിയാണ് എന്നാണ് പറയുന്നതെന്നും ഏറ്റവും പുതിയ സത്യവാങ്മൂലത്തിൽ ഇത് 10.98 കോടി രൂപയാണെന്നും ഹർജിയിൽ പറയുന്നു. വരുമാനത്തിൽ ഗണ്യമായ വർധനവുണ്ടായത് എങ്ങനെയാണെന്നും ഹർജിക്കാരൻ ചോദിച്ചു.
തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ സ്വത്തുക്കളെക്കുറിച്ചുള്ള അപൂർണ്ണമോ തെറ്റായതോ ആയ വിവരങ്ങൾ നൽകുന്നത് ജനപ്രാതിനിധ്യ നിയമത്തിൻ്റെ ലംഘനമാണെന്നും ഈ പൊരുത്തക്കേടുകൾ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്താൻ ആദായനികുതി വകുപ്പിനും കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിനും നിർദ്ദേശം നൽകണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടു.ചീഫ് ജസ്റ്റിസ് എസ്.എ. ധർമ്മാധികാരി, ജസ്റ്റിസ് ജി. അരുൾ മുരുകൻ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹർജി പരിഗണിച്ചത്. തെരഞ്ഞെടുപ്പ് സത്യവാങ്മൂലങ്ങളിൽ തെറ്റായ വിവരങ്ങൾ നൽകിയാൽ ജനപ്രാതിനിധ്യ നിയമപ്രകാരം നടപടിയെടുക്കാമെന്ന് കോടതി നിരീക്ഷിച്ചു. ഏപ്രിൽ 20നകം മറുപടി സമർപ്പിക്കാൻ ആദായനികുതി വകുപ്പിനോട് കോടതി നിർദ്ദേശിക്കുകയും കേസ് അന്നേ ദിവസത്തേയ്‌ക്ക് മാറ്റിവയ്ക്കുകയും ചെയ്തു.മാതൃകാ പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഏതൊരു പ്രശ്‌നവും ഒരു തെരഞ്ഞെടുപ്പ് ഹർജിയിലൂടെ മാത്രമേ ഉന്നയിക്കാവൂ എന്നും പൊതുജനങ്ങൾക്ക് ലഭ്യമായ രേഖകൾ സംബന്ധിച്ച പരാതികൾ അസാധാരണമല്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നുണ്ട്.