പാർട്ടി പ്രവർത്തകർക്ക് വിശ്വാസമില്ലെങ്കിൽ അധ്യക്ഷ സ്ഥാനം രാജിവയ്ക്കാൻ തയാറാണെന്ന് ഉദ്ധവ് താക്കറെ

പാർട്ടി പ്രവർത്തകർക്ക്  വിശ്വാസമില്ലെങ്കിൽ അധ്യക്ഷ സ്ഥാനം രാജിവയ്ക്കാൻ തയാറാണെന്ന്  ഉദ്ധവ് താക്കറെ

മുംബൈ: ശിവസേനയുടെ അറുപതാം വാർഷിക ദിനത്തിൽ വികാരാധീനനായി ശിവസേന (യുബിടി) അധ്യക്ഷൻ ഉദ്ധവ് താക്കറെ. പാർട്ടിക്കുള്ളിൽ നിരവധി വെല്ലുവിളികളും ആക്രമണങ്ങളും നേരിടുന്നുണ്ടെങ്കിലും പോരാടാനുള്ള തൻ്റെ നിശ്ചയദാർഢ്യം നഷ്ടപ്പെട്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ പാർട്ടി പ്രവർത്തകർക്ക് തന്നിൽ വിശ്വാസമില്ലെങ്കിൽ അധ്യക്ഷ സ്ഥാനം രാജിവയ്ക്കാൻ തയാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പാർട്ടിയിലെ സാധാരണ പ്രവർത്തകരിലൊരാൾ അടുത്ത ശിവസേന അധ്യക്ഷനായാൽ തനിക്ക് അതിയായ സന്തോഷമേയുള്ളൂവെന്ന് അനുയായികളോട് സംസാരിക്കവെ ഉദ്ധവ് താക്കറെ പറഞ്ഞു. എന്നാൽ പാർട്ടിയെ കള്ളന്മാരുടെ കൈകളിൽ ഏൽപ്പിക്കാൻ താൻ തയാറല്ല. നേതൃസ്ഥാനത്തോട് തനിക്ക് യാതൊരു ആർത്തിയുമില്ലെന്നും, എപ്പോൾ വേണമെങ്കിലും സ്ഥാനമൊഴിയാൻ തയാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പാർട്ടിയിലെ ആറ് ലോക്‌സഭ എംപിമാർ വിമത നീക്കം നടത്തുന്ന പശ്ചാത്തലത്തിലാണ് ഉദ്ധവിൻ്റെ ഈ പ്രതികരണം. കഴിഞ്ഞ നാല് വർഷത്തിനിടെ രണ്ടാം തവണയാണ് പാർട്ടി പിളർപ്പിലേക്ക് നീങ്ങുന്നത്. ഒരു ദശാബ്ദത്തിലേറെയായി താൻ പാർട്ടിയെ നയിക്കുകയാണെന്നും, നിരന്തരമായി തനിക്കെതിരെ ഉണ്ടാകുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ശിവസേന (യുബിടി) അധ്യക്ഷ സ്ഥാനം ഒഴിയാൻ തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

ബിജെപിക്കും ഏക്‌നാഥ് ശിന്ദേ യുടെ നേതൃത്വത്തിലുള്ള വിമത വിഭാഗത്തിനുമെതിരെ രൂക്ഷമായ വിമർശനമാണ് ഉദ്ധവ് താക്കറെ ഉന്നയിച്ചത്. നിലവിലെ രാഷ്ട്രീയ പ്രതിസന്ധികൾക്കിടയിലും പാർട്ടി പ്രവർത്തകർ ഇപ്പോഴും ആവേശഭരിതരാണെന്നും, യാതൊരു ഭയവുമില്ലാതെയാണ് അവർ മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.ഷൺമുഖാനന്ദ ഹാളിൽ നടന്ന പരിപാടിയിൽ സംസാരിക്കവെ ബിജെപിക്കെതിരെ അദ്ദേഹം ആഞ്ഞടിച്ചു. പ്രതിസന്ധി ഘട്ടങ്ങളിൽ ബിജെപിയെ ഏറെ സഹായിച്ച അതേ പാർട്ടിയെത്തന്നെ തകർക്കാനാണ് അവർ ഇപ്പോൾ ശ്രമിക്കുന്നതെന്ന് ഉദ്ധവ് ആരോപിച്ചു. സംസ്ഥാനത്തെ ബിജെപി ഘടകം വൈകാതെ തന്നെ 'മിന്ധെ സേന'യുമായി (ശിന്ദേ വിഭാഗം) ലയിക്കുമെന്നും അദ്ദേഹം പരിഹസിച്ചു.

ബിജെപിക്കെതിരെ രൂക്ഷവിമർശനം

എംഎൽഎമാരെയും എംപിമാരെയും അടർത്തിയെടുക്കുന്ന ബിജെപി നടപടിയെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു. സ്വന്തമായി നേതാക്കളെ വളർത്തിയെടുക്കാൻ കഴിയാത്ത ബിജെപിയുടെ പരാജയത്തെ അദ്ദേഹം പരിഹസിച്ചു. സ്വന്തമായി 'കുട്ടികളെ' ഉണ്ടാക്കാൻ കഴിയുന്നില്ലെങ്കിൽ എന്തിനാണ് തങ്ങളുടെ 'കുട്ടികളെ' മോഷ്ടിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. മറ്റുള്ളവരുടെ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന ഒരു സംഘം ബിജെപിക്കുണ്ടെന്നും, എന്നാൽ തങ്ങളുടെ കുട്ടികൾ അവർക്കുള്ളതല്ലെന്നും അദ്ദേഹം പറഞ്ഞു. താൻ സംസ്ഥാനത്തുടനീളം യാത്ര ചെയ്യുന്നില്ലെന്നും ജനങ്ങളെ കാണുന്നില്ലെന്നുമുള്ള നിരന്തരമായ ആരോപണങ്ങളെയും മുൻ മുഖ്യമന്ത്രി കൂടിയായ ഉദ്ധവ് തള്ളി. താൻ ഒന്നും ചെയ്യുന്നില്ലെങ്കിൽ പ്രതിപക്ഷം എങ്ങനെയാണ് തെരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.മുഖ്യമന്ത്രിയായിരുന്ന കാലത്തെ തൻ്റെ പ്രവർത്തനങ്ങളെ ന്യായീകരിച്ച ഉദ്ധവ്, ബിജെപി തൻ്റെ പാർട്ടിയെ വഞ്ചിച്ചതുകൊണ്ടാണ് ആ പദവി ഏറ്റെടുക്കേണ്ടി വന്നതെന്ന് വ്യക്തമാക്കി. വിമത നേതാക്കൾക്ക് മന്ത്രിസ്ഥാനങ്ങളോട് മാത്രമായിരുന്നു ആർത്തിയെന്നും, 'മാതോശ്രീ'യിൽ (താക്കറെ കുടുംബത്തിൻ്റെ വസതി) നിന്ന് അവർക്ക് ഭക്ഷണം പാകം ചെയ്ത് നൽകണമെന്നായിരുന്നു അവരുടെ പ്രതീക്ഷയെന്നും അദ്ദേഹം പരിഹസിച്ചു. പാർട്ടിയിലുണ്ടായ പിളർപ്പിൽ ഖേദം പ്രകടിപ്പിച്ച അദ്ദേഹം, വിമത നേതാക്കളുടെ മണ്ഡലങ്ങളിലെ വോട്ടർമാരോട് മാപ്പ് ചോദിച്ചു. ശക്തമായ 'മോദി തരംഗം' ഉണ്ടായിട്ടും ജനങ്ങൾ ഒറ്റക്കെട്ടായ ശിവസേനയ്ക്കാണ് വോട്ട് ചെയ്തതെന്നും അദ്ദേഹം ഓർമിപ്പിച്ചു.

നിലവിലെ ഭരണകൂടത്തിൻ്റെ ഹിന്ദുത്വ ആശയങ്ങളെയും ഉദ്ധവ് താക്കറെ നിശിതമായി വിമർശിച്ചു. ഗോമൂത്രധാരികൾ നടപ്പിലാക്കുന്ന 'ഭോണ്ടുത്വ' (വ്യാജ ഹിന്ദുത്വം) എന്നാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചത്. 'ഓപ്പറേഷൻ താമര' പോലെയുള്ള അഴിമതികൾ കാരണം രാജ്യം അരാജകത്വത്തിലേക്ക് നീങ്ങുകയാണെന്നും, ജനങ്ങൾക്ക് ജനാധിപത്യത്തിലുള്ള വിശ്വാസം നഷ്ടപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. കർഷകരുടെ കടങ്ങൾ എഴുതിത്തള്ളാൻ തയാറാകാത്ത ഭരണകൂടത്തിന്, ജനപ്രതിനിധികളെ വിലയ്‌ക്കെടുക്കാൻ കോടിക്കണക്കിന് രൂപയുടെ പെട്ടികൾ (ഖോക്കകൾ) ഉണ്ടെന്നും അദ്ദേഹം ആരോപിച്ചു. ഇത്തരം രാഷ്ട്രീയക്കാരെ തെരഞ്ഞെടുപ്പിലൂടെ ശിക്ഷിക്കാൻ അദ്ദേഹം വോട്ടർമാരോട് ആഹ്വാനം ചെയ്തു.മറാഠി സമുദായത്തിൻ്റെയും ഹിന്ദുക്കളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനായാണ് ശിവസേന രൂപീകരിച്ചതെന്ന് പാർട്ടിയുടെ ചരിത്രം അനുസ്മരിച്ചുകൊണ്ട് ഉദ്ധവ് പറഞ്ഞു. ബിജെപിയുമായി സഖ്യത്തിലായിരുന്ന കാലത്ത് പാർട്ടി പകുതി സമയവും കോൺഗ്രസിനെതിരെയാണ് പോരാടിയതെന്ന് അദ്ദേഹം സമ്മതിച്ചു. എന്നാൽ മുൻകാലങ്ങളിൽ കോൺഗ്രസ് നേതാക്കളെ അടർത്തിയെടുത്തിട്ടുണ്ടെങ്കിലും, ഒരിക്കൽപ്പോലും ഒരു വിമതനെ മുഖ്യമന്ത്രിയാക്കുകയോ 'മാതോശ്രീ'യെ വഞ്ചിക്കുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



"ഇന്ന് ഇവിടെ ഒരു കടുവയുണ്ട്. കാലങ്ങളായി നായ്ക്കൾ കുരച്ചേക്കാം, എന്നാൽ കടുവകൾ മാത്രമേ വേട്ടയാടുകയുള്ളൂ..."

ശിവസേനയുടെ അറുപതാം വാർഷിക ദിനത്തിൽ ഉദ്ധവ് താക്കറെയ്ക്ക് ശക്തമായ മറുപടിയുമായി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്‌നാഥ് ശിന്ദേ   രംഗത്തെത്തി. നായ്ക്കൾ കുരയ്ക്കുമെന്നും എന്നാൽ കടുവകൾ വേട്ടയാടുമെന്നും പറഞ്ഞ ശിന്ദേ  , ഉദ്ധവിൻ്റെ പുതിയ രാഷ്ട്രീയ നീക്കങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളുടെ തുടക്കം മാത്രമാണെന്നും മുന്നറിയിപ്പ് നൽകി.മഹാരാഷ്ട്രയിൽ 'ഓപ്പറേഷൻ ടൈഗർ' നടക്കുന്നുണ്ടെന്ന അഭ്യൂഹങ്ങൾക്കിടെ, പ്രതിപക്ഷം ഉന്നയിക്കുന്ന വിമർശനങ്ങൾക്കും പാർട്ടി പ്രവർത്തകരുടെ വലിയൊരു കൂട്ടത്തെ അഭിസംബോധന ചെയ്യവെ ശിന്ദേ  മറുപടി നൽകി. ഉദ്ധവ് താക്കറെയുടെ പേരെടുത്ത് പറയാതെയായിരുന്നു  വിമർശനം. 

"ഇന്ന് ഇവിടെ ഒരു കടുവയുണ്ട്. കാലങ്ങളായി നായ്ക്കൾ കുരച്ചേക്കാം, എന്നാൽ കടുവകൾ മാത്രമേ വേട്ടയാടുകയുള്ളൂ. നായ്ക്കൾ കൂട്ടമായാണ് കുരയ്ക്കുന്നത്, എന്നാൽ സിംഹം ഒറ്റയ്ക്കാണ് വരുന്നത്. ഇതുവരെ കണ്ടത് വെറുമൊരു ട്രെയിലർ മാത്രമാണെന്നും, മുഴുവൻ സിനിമയും വരാനിരിക്കുന്നതേയുള്ളൂ..." ശിന്ദേ   പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും പ്രശംസിച്ച ശിന്ദേ  യുടെ വാക്കുകളെ വലിയ കരഘോഷത്തോടെയാണ് സദസ്സ് സ്വീകരിച്ചത്. ശിവസേന സ്ഥാപകൻ ബാലാസാഹെബ് താക്കറെയുടെ ദീർഘകാലത്തെ സ്വപ്നം പന്ത്രണ്ട് വർഷത്തിനുള്ളിൽ പ്രധാനമന്ത്രി മോദി സാക്ഷാത്കരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. വ്യവസായികളെ ആശ്രയിക്കുന്നതിന് പകരം താഴെത്തട്ടിലുള്ള പ്രവർത്തകരെ ശാക്തീകരിക്കുന്നതിലാണ് പാർട്ടിയുടെ യഥാർഥ വിജയമെന്നും ശിന്ദേ   ചൂണ്ടിക്കാട്ടി.പാർട്ടിയുടെ ഒരു സാധാരണ പ്രവർത്തകൻ സംസ്ഥാനത്തിൻ്റെ മുഖ്യമന്ത്രിയാകുന്ന ദിവസമായിരിക്കും തനിക്ക് ഏറ്റവും കൂടുതൽ സന്തോഷം നൽകുന്നതെന്ന് ശിന്ദേ   പറഞ്ഞു. ശുപാർശകളിലൂടെയോ ആഡംബര കാറുകളിലൂടെയോ അല്ല, മറിച്ച് കഠിനാധ്വാനത്തിൻ്റെ അടിസ്ഥാനത്തിൽ മാത്രമായിരിക്കും പാർട്ടി ടിക്കറ്റുകളും സഖ്യത്തിനുള്ള അവസരങ്ങളും നൽകുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

https://www.worldm.news/mumbai/3-mps-attended-the-crucial--31168