"സമൂഹത്തിൻ്റെ കപട മനഃസാക്ഷിയെ പൂർണമായും തുറന്നുകാട്ടുന്ന, കേട്ടുകേൾവിയില്ലാത്ത ക്രൂരത" : ഹൈക്കോടതി
എറണാകുളം: അട്ടപ്പാടി മധു വധക്കേസിൽ പ്രതികളുടെ ശിക്ഷ ജീവപര്യന്തമായി ഉയർത്തിയ വിധിയിൽ, കേരളത്തിലെ സാമൂഹികാവസ്ഥയെയും നീതിന്യായ വ്യവസ്ഥയെയും വിരൽചൂണ്ടുന്ന അതിരൂക്ഷമായ നിരീക്ഷണങ്ങളുമായി ഹൈക്കോടതി. കേരളത്തിലെ കോടതികൾക്ക് മുന്നിലെത്തുന്ന ആദ്യത്തെ 'ആൾക്കൂട്ട കൊലപാതക' കേസാണിതെന്ന് വ്യക്തമാക്കിയ ജസ്റ്റിസ് വി രാജ വിജയരാഘവൻ, ജസ്റ്റിസ് കെ വി ജയകുമാർ എന്നിവരടങ്ങിയ ബെഞ്ച്, സമൂഹത്തിൻ്റെ കപട മനഃസാക്ഷിയെ പൂർണമായും തുറന്നുകാട്ടുന്നതാണ് ഈ കേട്ടുകേൾവിയില്ലാത്ത ക്രൂരതയെന്ന് നിരീക്ഷിച്ചു.
ഒരു വനവാസി യുവാവിനെ വേട്ടയാടി പരസ്യമായി അപമാനിച്ച് സ്വന്തം രീതിയിൽ നീതി നടപ്പാക്കാൻ തങ്ങൾക്ക് അവകാശമുണ്ടെന്ന് പ്രതികൾ സ്വയം കരുതിയതായി കോടതി ചൂണ്ടിക്കാട്ടി.
"മധുവിന് മനുഷ്യൻ്റെ അന്തസ്സില്ലെന്നാണ് പ്രതികൾ കരുതിയത്. വെറും 40 കിലോഗ്രാം മാത്രം ശരീരഭാരമുള്ള, കടുത്ത പോഷകാഹാരക്കുറവും മാനസിക വെല്ലുവിളിയും നേരിട്ടിരുന്ന ഒരു മനുഷ്യനെയാണ് മണിക്കൂറുകളോളം അവർ ക്രൂരമായി വേട്ടയാടി ആക്രമിച്ചത്."
സത്യത്തിന് നേരെ കൂട്ടത്തോടെ കണ്ണടച്ച സമൂഹം
വിചാരണക്കോടതിയിൽ സത്യം തെളിയിക്കുന്നതിൽ പ്രൊസിക്യൂഷൻ പരാജയപ്പെട്ടുവെന്ന് കോടതി നിരീക്ഷിച്ചു. ആക്രമണത്തിന് സാക്ഷിയായ വലിയൊരു വിഭാഗം ജനങ്ങൾ സത്യത്തിന് നേരെ കൂട്ടത്തോടെ കണ്ണടയ്ക്കാനാണ് തീരുമാനിച്ചത്. സാക്ഷികൾ ബോധപൂർവം മറുഭാഗത്തേക്ക് മാത്രം നോക്കാൻ തീരുമാനിച്ചതും കടുത്ത അസ്വസ്ഥതയുണ്ടാക്കുന്ന കാര്യമാണെന്ന് കോടതി പറഞ്ഞു.കേസിലെ സാക്ഷികൾ കൂട്ടത്തോടെ കൂറുമാറിയത് നിസ്സാരമായി കാണാനാകില്ല. പ്രതികൾ തങ്ങൾക്ക് ലഭിച്ച ജാമ്യവ്യവസ്ഥകൾ കാറ്റിൽപ്പറത്തിയാണ് സാക്ഷികളെ സ്വാധീനിച്ചത്. ഇവരുടെ ജാമ്യം റദ്ദാക്കാൻ കഴിഞ്ഞതുകൊണ്ട് മാത്രമാണ് ഒരു ഫോറസ്റ്റ് വാച്ചർക്കെങ്കിലും കോടതിയിൽ കൃത്യമായ മൊഴി നൽകാൻ സാധിച്ചത്. ഭയം കൊണ്ടോ സ്വാധീനം കൊണ്ടോ കൂറുമാറുന്ന സാക്ഷികളെ സംരക്ഷിക്കാൻ കഴിയാത്തത് നിയമവ്യവസ്ഥയുടെ വളരെ വലിയ ദയനീയ അവസ്ഥയാണെന്നും കോടതി വിലപിച്ചു.
ഭരണഘടനയും ദളിത് ജീവിതങ്ങളും തമ്മിലുള്ള അകലം
ഭരണഘടനാ തത്വങ്ങൾ എന്താണെന്ന് നമ്മുടെ സമൂഹം ഇനിയും തിരിച്ചറിഞ്ഞിട്ടില്ലെന്ന് കോടതി ഓർമിപ്പിച്ചു. ഭരണഘടന പ്രകാരം ഏറ്റവും കൂടുതൽ സംരക്ഷണം ലഭിക്കേണ്ട മധുവിന് ഒരു തരത്തിലുള്ള സംരക്ഷണവും ഈ സമൂഹത്തിൽ നിന്ന് ലഭിച്ചില്ല. ഭരണഘടനാ ആശയങ്ങളും ദളിത് ജനതയുടെ യഥാർഥ ജീവിത സാഹചര്യങ്ങളും തമ്മിൽ ഇന്നും വലിയ അന്തരമുണ്ട്. സംഘടിതമായി ഒരാൾക്ക് നീതിയും സമത്വവും നിഷേധിക്കുന്നത് മനുഷ്യൻ്റെ ആത്മാവിനോട് ചെയ്യുന്ന ക്രൂരതയാണ്. ഡോ. ബി ആർ അംബേദ്കർ ഇന്ത്യൻ സമൂഹത്തെക്കുറിച്ച് പറയാൻ ശ്രമിച്ച സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക അസമത്വത്തിൻ്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഈ കേസ് എന്നും ഹൈക്കോടതി വ്യക്തമാക്കി.അട്ടപ്പാടി മധുവധക്കേസിൽ 12 പ്രതികളുടെ ശിക്ഷ ജീവപര്യന്തമാക്കി ഉയർത്തിക്കൊണ്ടുള്ള ഉത്തരവിലാണ് ഹൈക്കോടതി ഈ നിരീക്ഷണം. ഒന്നാം പ്രതി ഹുസൈനെ വെറുതെ വിട്ടിരുന്നു. പതിനാറാം പ്രതിക്ക് ഒരു വർഷം തടവ് ശിക്ഷ കൂടി ഹൈക്കോടതി വിധിച്ചു. മൂന്ന് മാസം തടവായിരുന്നു നേരത്തെ വിചാരണ കോടതി പതിനാറാം പ്രതിക്ക് വിധിച്ചിരുന്നു.
പ്രോസിക്യൂഷൻ്റെ വാദം കണക്കിലെടുത്താണ് പ്രതികളുടെ ശിക്ഷ വര്‍ധിപ്പിച്ചത്. 7 വർഷത്തെ കഠിനതടവ് ശിക്ഷ നേരത്തെ വിചാരണ കോടതി വിധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ജസ്‌റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങിയ ഹൈക്കോടതി ബെഞ്ച് ശിക്ഷ വര്‍ധിപ്പിച്ചത്. 2018 ഫെബ്രുവരി 22-നാണ് പാലക്കാട് അട്ടപ്പാടി മുക്കാലിയിൽ വെച്ച് ഒരുസംഘം ആളുകൾ മോഷണക്കുറ്റമാരോപിച്ച് ആദിവാസി യുവാവായ മധുവിനെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയത്.തുടർന്ന് 2023 ഏപ്രിലിൽ മണ്ണാർക്കാട് പട്ടികജാതി-പട്ടികവർഗ പ്രത്യേക കോടതി കേസിലെ 16 പ്രതികളിൽ 14 പേർ കുറ്റക്കാരാണെന്ന് കണ്ടെത്തുകയും, പ്രധാനികളായ 13 പ്രതികൾക്ക് 7 വർഷം കഠിനതടവ് ശിക്ഷ വിധിക്കുകയും ചെയ്‌തിരുന്നു. ഈ വിധിക്കെതിരെയാണ് ഇരുവിഭാഗവും ഹൈക്കോടതിയെ സമീപിച്ചത്.