നിതിൻ രാജിൻ്റെ മരണം: അഞ്ചരക്കണ്ടി കോളജിൽ സർവകലാശാല സമിതി ഇന്ന് തെളിവെടുക്കും

തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി ഡെൻ്റൽ കോളജ് വിദ്യാർഥി നിതിൻ രാജിൻ്റെ മരണത്തിൽ നിർണായക നീക്കവുമായി ആരോഗ്യ സർവകലാശാല. മരണത്തെക്കുറിച്ച് അന്വേഷിക്കാൻ സർവകലാശാല നിയോഗിച്ച പ്രത്യേക സമിതി ഇന്ന് കോളജിലെത്തി തെളിവെടുക്കും. രണ്ട് ദിവസം ക്യാമ്പസിൽ തുടരുന്ന സമിതി വിദ്യാർഥികളിൽനിന്നും അധ്യാപകരിൽനിന്നും മൊഴിയെടുക്കും. നിതിൻ രാജിൻ്റെ മരണവുമായി ബന്ധപ്പെട്ട് ഉയർന്ന ഗുരുതര ആരോപണങ്ങൾ സമിതി വിശദമായി പരിശോധിക്കും.
അധ്യാപകർ ഒളിവിൽ
അതേസമയം, കേസിലെ പ്രതികളായ അധ്യാപകർ ആറാം ദിവസവും ഒളിവിൽ തുടരുകയാണ്. കോളജിലെ പ്രൊഫസറായ എംകെ റാം, സംഗീത നമ്പ്യാർ എന്നിവരാണ് ഒളിവിൽ പോയത്. പൊലീസ് കേസെടുത്തതിന് പിന്നാലെ ഇവർ ഒളിവിൽ പോകുകയായിരുന്നു. ഇവരെ കണ്ടെത്താൻ പൊലീസ് ലുക്ക് ഔട്ട് നോട്ടിസ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് നീങ്ങാനാണ് സാധ്യത.വിദ്യാർഥികളോട് മോശമായി പെരുമാറിയതിനും മാനസികമായി പീഡിപ്പിച്ചതിനും ഇവർക്കെതിരെ നിരവധി പരാതികൾ ഇതിനകം പൊലീസിന് ലഭിച്ചിട്ടുണ്ട്. അന്വേഷണം മുന്നോട്ട് കൊണ്ടുപോകണമെങ്കിൽ പ്രതികളായ അധ്യാപകരെ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് പൊലീസ് അറിയിച്ചു.
ഗവർണറുടെ ഇടപെടൽ
നിതിൻ രാജിൻ്റെ മരണത്തിൽ ഗവർണർ നേരിട്ട് ഇടപെട്ടിട്ടുണ്ട്. ആരോഗ്യ സർവകലാശാല വൈസ് ചാൻസലറുമായി ഗവർണർ കൂടിക്കാഴ്‌ച നടത്തി. സംഭവത്തിൽ കർശനമായ നടപടി വേണമെന്നും വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്നും ഗവർണർ നിർദേശിച്ചു.കോളജിൻ്റെ അഫിലിയേഷൻ റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സർവകലാശാലയുടെ പരിഗണനയിലാണ്. കോളജിലെ പഠനസൗകര്യങ്ങളുടെ കുറവും വിദ്യാർഥികൾ നേരിടുന്ന മാനസിക സമ്മർദ്ദവും അന്വേഷണ സമിതി ഗൗരവമായി പരിശോധിക്കും.
കോളജിൻ്റെ നിലനിൽപ്പ് പ്രതിസന്ധിയിൽ
വിദ്യാർഥിയുടെ മരണത്തിന് പുറമെ ഭൂമി സംബന്ധിച്ച വിവാദങ്ങളും അഞ്ചരക്കണ്ടി കോളജിനെ പ്രതിസന്ധിയിലാക്കുന്നുണ്ട്. ബ്രിട്ടീഷ് ഭരണകാലത്തെ കർവാ തോട്ടം (അഞ്ചരക്കണ്ടി എസ്റ്റേറ്റ്) ഉൾപ്പെടുന്ന ഭൂമിയിലാണ് കോളജ് സ്ഥിതി ചെയ്യുന്നത്. ഇത് മിച്ചഭൂമിയാണെന്ന് താലൂക്ക് ലാൻഡ് ബോർഡ് കണ്ടെത്തിയിട്ടുണ്ട്. ഈ ഭൂമി സർക്കാരിലേക്ക് തിരിച്ചു പിടിക്കണമെന്ന ഡെപ്യൂട്ടി കലക്ടറുടെ ഉത്തരവ് കഴിഞ്ഞ മാസമാണ് പുറത്തുവന്നത്. നിയമവിരുദ്ധമായാണ് ഭൂമി കൈവശം വച്ചിരിക്കുന്നതെന്ന കണ്ടെത്തൽ കോളജിൻ്റെ നിലനിൽപ്പിനെത്തന്നെ ബാധിച്ചേക്കും.ഭൂമി തിരിച്ചുപിടിക്കാനുള്ള നടപടികൾ വേഗത്തിലാക്കാൻ ലാൻഡ് ബോർഡ് നിർദേശിച്ചിട്ടുണ്ട്. മിച്ചഭൂമിയിലെ പ്രവർത്തനങ്ങൾ റദ്ദാക്കണമെന്നും ഉത്തരവുണ്ട്. നിലവിൽ ഡെൻ്റൽ കോളജിന് പുറമെ നഴ്സിങ് കോളജുമാണ് ഇവിടെ പ്രവർത്തിക്കുന്നത്. അഞ്ചരക്കണ്ടി മെഡിക്കൽ കോളജിൻ്റെ അനുമതി നേരത്തെ റദ്ദാക്കിയിരുന്നു. വിദ്യാർഥിയുടെ മരണവും ഒപ്പം ഭൂമി വിവാദവും ഒത്തുചേരുന്നതോടെ കോളജ് ഭരണസമിതി വലിയ നിയമക്കുരുക്കിലാണ്.
ക്യാമ്പസ്സിൽ പ്രതിഷേധ സമരം ആരംഭിച്ച് വിദ്യാർത്ഥികൾ
കുറ്റാരോപിതരായ അദ്ധ്യാപകൻ റാം അടക്കമുള്ള അധ്യാപകരെ കോളേജിൽ നിന്ന് പിരിച്ചുവിടുക എന്നതുൾപ്പടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് വിദ്യാർത്ഥികൾ ക്യാമ്പസ്സിൽ പ്രതിഷേധ സമരം ആരംഭിച്ചു