IPL 2026:ഉർവിൽ പട്ടേൽ കൊടുങ്കാറ്റായി: 13 പന്തിൽ ഫിഫ്റ്റി, ചെന്നൈയ്‌ക്ക് തകര്‍പ്പൻ ജയം

IPL 2026:ഉർവിൽ പട്ടേൽ കൊടുങ്കാറ്റായി: 13 പന്തിൽ ഫിഫ്റ്റി, ചെന്നൈയ്‌ക്ക് തകര്‍പ്പൻ ജയം

ഹൈദരാബാദ്: ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയം  ഇന്ന് സാക്ഷ്യം വഹിച്ചത് ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും സ്ഫോടനാത്മകമായ ഇന്നിങ്‌സുകളിൽ ഒന്ന്  . ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സിനെതിരെ നടന്ന മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്‌സിന് വേണ്ടി ഉർവിൽ പട്ടേൽ വെറും 13 പന്തിൽ നിന്ന് അർധ സെഞ്ച്വറി തികച്ച് ചരിത്രം കുറിച്ചു.

ലഖ്‌നൗ ഇന്ന് ഉയർത്തിയ 204 റൺസ് എന്ന കൂറ്റൻ ലക്ഷ്യം 19.2 ഓവറിൽ 5 വിക്കറ്റ് നഷ്‌ടത്തിൽ ചെന്നൈ മറികടന്നു. ഇതോടെ ചെന്നൈ പോയിൻ്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നു. ഉർവിൽ മൊത്തം 23 പന്തിൽ നിന്ന് 65 റൺസ് എടുത്തു. ഇതിൽ 8 സിക്‌സറുകളും 2 ഫോറുകളും ഉൾപ്പെടുന്നു.ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും വേഗമേറിയ അർദ്ധ സെഞ്ച്വറി എന്ന യശസ്വി ജയ്‌സ്വാളിൻ്റെ (13 പന്ത്) റെക്കോഡിനൊപ്പമാണ് ഉർവിൽ എത്തിയത്. ഇതോടെ ചെന്നൈ സൂപ്പർ കിങ്‌സിന് വേണ്ടി സുരേഷ് റെയ്‌ന 2014-ൽ സ്ഥാപിച്ച 16 പന്തിലെ ഫിഫ്റ്റി എന്ന റെക്കോഡും ഉർവിൽ മറികടന്നു. 13 പന്തിൽ ഏഴ് സിക്‌സും ഒരു ഫോറും പറത്തി ഉർവിൽ പട്ടേൽ ഐപിഎൽ ചരിത്രത്തിൽ തൻ്റെ പേര് കൂടി ഏഴുതി ചേർത്തിരിക്കുന്നു.വെറും 13 പന്തിൽ അർധസെഞ്ച്വറി പൂർത്തിയാക്കിയ യശസ്വി ജയ്‌സ്വാളാണ് മുൻപ് ഈ നേട്ടം കൈവരിച്ചിരുന്നത് . 2023 ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ രാജസ്ഥാൻ റോയൽസിനായി കളിക്കുന്നതിനിടെയാണ് ജയ്‌സ്വാൾ റെക്കോഡ് കുറിച്ചത്. 14 പന്തിൽ അർധസെഞ്ചുറി നേടിയ കെ എൽ രാഹുൽ, പാറ്റ് കമ്മിൻസ്, റൊമാരിയോ ഷെപ്പേർഡ് എന്നിവർ ഈ പട്ടികയിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്നു.

ഐപിഎല്ലിൽ ഏറ്റവും വേഗതയേറിയ 50 റൺസ് (എതിർത്ത പന്തുകളുടെ അടിസ്ഥാനത്തിൽ)

13 - യശസ്വി ജയ്‌സ്വാൾ (RR) vs KKR, കൊൽക്കത്ത, 2023

13 - ഉർവിൽ പട്ടേൽ (CSK) vs LSG, ലഖ്‌നൗ, 2026

14 – KL രാഹുൽ (PBKS) vs DC, മൊഹാലി, 2018

14 - പാറ്റ് കമ്മിൻസ് (കെകെആർ) vs എംഐ, പൂനെ, 2022

14 - റൊമാരിയോ ഷെപ്പേർഡ് (RCB) vs CSK, ബെംഗളൂരു, 2025

അര്‍ധ സെഞ്ച്വറി നേടിയതിന് ശേഷം തൻ്റെ നേട്ടം അച്ഛന് സമര്‍പ്പിച്ചായിരുന്നു ഉര്‍വിലിന്‍റെ ആഘോഷ പ്രകടനം. കൈകൾ കൂപ്പി പ്രാർഥിച്ച ശേഷം പോക്കറ്റിൽ നിന്നും 'ഇത് പപ്പയ്ക്കായി' എന്ന് എഴുതിയ കുറിപ്പും ഉര്‍വില്‍ പുറത്തെടുത്തു. കഴിഞ്ഞ ഒരു മാസമായി ഉർവിലിൻ്റെ പിതാവ് അനാരോഗ്യകരമായ അവസ്ഥകളിൽ നിന്ന് സുഖം പ്രാപിച്ചുവരികയാണെന്നായിരുന്നു ചില മാധ്യമങ്ങൾ അവകാശപ്പെട്ടിരുന്നത്.