"അമേരിക്കൻ കോടതിക്ക് അധികാരമില്ല"; എസ്ഇസി കേസ് തള്ളണമെന്ന് ഗൗതം അദാനി

"അമേരിക്കൻ കോടതിക്ക് അധികാരമില്ല"; എസ്ഇസി കേസ് തള്ളണമെന്ന് ഗൗതം അദാനി

വാഷിങ്ടൺ: അമേരിക്കൻ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മിഷൻ (എസ്ഇസി) നൽകിയ സെക്യൂരിറ്റീസ് തട്ടിപ്പ് കേസ് തള്ളണമെന്ന് ആവശ്യപ്പെട്ട് ശതകോടീശ്വരൻ ഗൗതം അദാനി അമേരിക്കൻ കോടതിയെ സമീപിച്ചു. അമേരിക്കൻ നിയമങ്ങളുടെ അനാവശ്യമായ വിദേശ പ്രയോഗമാണ് ഇതെന്നും കേസ് പരിഗണിക്കാൻ കോടതിക്ക് അധികാരമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് അദാനിയുടെ നടപടി.

ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകിയെന്ന ആരോപണം നിക്ഷേപകരിൽ നിന്ന് മറച്ചുവച്ചു എന്ന് ആരോപിച്ച് 2024 നവംബറിലാണ് എസ്ഇസി ഗൗതം അദാനിക്കും അനന്തരവൻ സാഗർ അദാനിക്കുമെതിരെ കേസെടുത്തത്. എന്നാൽ ആരോപണങ്ങൾ നിഷേധിച്ച ഇരുവരും 2026 ഏപ്രിൽ 30ന് നൽകാനിരിക്കുന്ന ഹർജിക്ക് മുന്നോടിയായി ന്യൂയോർക്കിലെ ഈസ്റ്റേൺ ഡിസ്ട്രിക്റ്റ് കോടതിയിൽ (ഇഡിഎൻവൈ) പ്രീ-മോഷൻ കത്ത് സമർപ്പിച്ചു.അദാനി ഗ്രീൻ എനർജി ലിമിറ്റഡ് 2021ൽ നടത്തിയ ബോണ്ട് വിൽപനയുമായി ബന്ധപ്പെട്ട എസ്ഇസിയുടെ വാദങ്ങൾ നിയമപരമായി നിലനിൽക്കില്ലെന്ന് അഭിഭാഷകർ നൽകിയ കത്തിൽ പറയുന്നു. കോടതിക്ക് തങ്ങളുടെ മേൽ അധികാരമില്ലെന്നും അമേരിക്കയുമായി മതിയായ സമ്പർക്കങ്ങളോ ബോണ്ട് വിതരണത്തിൽ നേരിട്ട് പങ്കോ ഇല്ലെന്നും അവർ വ്യക്തമാക്കി.

നിക്ഷേപകർക്ക് നഷ്ടമില്ല

അമേരിക്കയ്ക്ക് പുറത്താണ് 75 കോടി ഡോളറിൻ്റെ ബോണ്ട് വിൽപന നടന്നത്. ബോണ്ടുകൾ വിറ്റത് അമേരിക്കക്കാരല്ലാത്ത അണ്ടർറൈറ്റർമാർക്കാണ്. ഇതിൻ്റെ ചെറിയൊരു ഭാഗം മാത്രമാണ് യോഗ്യതയുള്ള സ്ഥാപന നിക്ഷേപകർക്ക് കൈമാറിയത്. ഈ ഉപ ഇടപാടുകളിൽ അദാനി ഗ്രീൻ നേരിട്ട് പങ്കാളിയല്ല. ഗൗതം അദാനി ബോണ്ട് വിതരണത്തിന് അനുമതി നൽകിയെന്നോ പ്രധാന യോഗങ്ങളിൽ പങ്കെടുത്തെന്നോ പരാതിയിൽ പറയുന്നില്ല.കൈക്കൂലി ആരോപണങ്ങളെ സാധൂകരിക്കുന്ന തെളിവുകളുമില്ല. നിക്ഷേപകർക്ക് യാതൊരു നഷ്ടവും സംഭവിച്ചിട്ടില്ലെന്നും ബോണ്ടുകളുടെ കാലാവധി പൂർത്തിയായെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. 2024ൽ അദാനി ഗ്രീൻ നിക്ഷേപകർക്ക് പലിശയുൾപ്പെടെ മുഴുവൻ തുകയും തിരികെ നൽകി. ഇന്ത്യയിലെ സൗരോർജ പദ്ധതിയുമായി ബന്ധപ്പെട്ടാണ് കൈക്കൂലി ആരോപണം ഉയർന്നത്. ഈ പദ്ധതിയിൽ അമേരിക്കയ്ക്ക് യാതൊരു പങ്കുമില്ല.

അടിസ്ഥാനരഹിതമായ ആരോപണങ്ങൾ

എസ്ഇസിയുടെ നടപടി അധികാരപരിധിക്ക് പുറത്തുള്ളതാണെന്നും കത്തിൽ പറയുന്നു. കമ്പനി ഇന്ത്യയുടേതാണ്. ആരോപിക്കപ്പെടുന്ന കുറ്റകൃത്യങ്ങൾ പൂർണമായും നടന്നത് ഇന്ത്യയിലാണ്. അമേരിക്കൻ സെക്യൂരിറ്റീസ് നിയമങ്ങൾ ബാധകമാകണമെങ്കിൽ ആഭ്യന്തര ഇടപാട് നടന്നിരിക്കണം. ഇത് തെളിയിക്കാൻ എസ്ഇസിക്ക് കഴിഞ്ഞിട്ടില്ല.പരിസ്ഥിതി-സാമൂഹിക പ്രതിബദ്ധതകൾ, അഴിമതി വിരുദ്ധ നിലപാടുകൾ എന്നിവയുമായി ബന്ധപ്പെട്ട് എസ്ഇസി ചൂണ്ടിക്കാട്ടുന്ന കമ്പനിയുടെ പ്രസ്താവനകൾ അമിതമായ അവകാശവാദങ്ങൾ മാത്രമാണ്. ഇതിനെ അടിസ്ഥാനമാക്കി നിക്ഷേപകർക്ക് തീരുമാനങ്ങളെടുക്കാനാകില്ല. അതിനാൽ ഇത് നിയമപരമായി നിലനിൽക്കില്ല. തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകളുമായി പ്രതികളെ നേരിട്ട് ബന്ധിപ്പിക്കാനോ ഇവർക്ക് തട്ടിപ്പ് നടത്താൻ ഉദ്ദേശ്യമുണ്ടായിരുന്നുവെന്ന് തെളിയിക്കാനോ എസ്ഇസിക്ക് കഴിഞ്ഞിട്ടില്ലെന്നും കേസ് പൂർണമായും തള്ളണമെന്നുമാണ് പ്രതികളുടെ പ്രധാന ആവശ്യം.