യുഎസ് ഇൻ്റലിജൻസ് ഡയറക്‌ടർ തുൾസി ഗബാർഡ് രാജിവച്ചു

വാഷിങ്‌ടണ്‍: യുഎസ് പ്രസിഡൻ്റെ ഡൊണാൾഡ് ട്രംപിൻ്റെ ഉന്നത രഹസ്യാന്വേഷണ ഉദ്യോഗസ്ഥ തുള്‍സി ഗബ്ബാർഡ് നാഷണൽ ഇൻ്റലിജൻസ് (ഡിഎൻഐ) ഡയറക്‌ടർ സ്ഥാനത്ത് നിന്ന് രാജിവച്ചു. അപൂർവമായ അസ്ഥി കാൻസർ ബാധിച്ച ഭർത്താവ് എബ്രഹാം വില്യംസിനൊപ്പം കഴിയാനും അദ്ദേഹത്തെ പിന്തുണയ്‌ക്കാനും വേണ്ടിയാണ് തീരുമാനമെന്ന് രാജിക്കത്ത്. ട്രംപ് തന്നെയാണ് രാജിയുടെ കൂടുതൽ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടുള്ളത്.ഓവൽ ഓഫിസിൽ നടന്ന യോഗത്തിനിടെ തുള്‍സി ഗബ്ബാർഡ് തൻ്റെ തീരുമാനം ട്രംപിനെ അറിയിച്ചതായി വിദേശ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. ജൂൺ 30 വരെയാകും തുള്‍സി സേവനമനുഷ്‌ഠിക്കുക. "ഈ സമയത്ത്, സർവിസിൽ നിന്ന് മാറി നിന്ന് അദ്ദേഹത്തോടൊപ്പം നിൽക്കുകയും ഈ പോരാട്ടത്തിൽ അദ്ദേഹത്തെ പൂർണമായി പിന്തുണയ്ക്കുകയും വേണം" എന്ന് തുള്‍സി വ്യക്തമാക്കി. കഴിഞ്ഞ ഒന്നര വർഷമായി നാഷണൽ ഇൻ്റലിജൻസ് ഡയറക്‌ടറുടെ ഓഫീസിനെ നയിക്കാൻ അവസരം നൽകിയതിനും ട്രംപിനോട് നന്ദി പറഞ്ഞു.
എന്നാൽ ഓഫിസ് വിടുന്നതിന് മുൻപ് സുഗമമായ ഒരു മാറ്റം ഉറപ്പാക്കുമെന്നും വ്യക്തിപരവും ദുഷ്‌കരവുമായ സമയത്ത് എല്ലാവരും ഒപ്പമുണ്ടാകണമെന്നും രാജിക്കത്തി തുള്‍സി ഗബ്ബാർഡ് വ്യക്കമാക്കി. നിർഭയമായി തൻ്റെ കരിയറിലുടനീളം പ്രവർത്തിച്ച തുൾസി ഭരണഘടനാപരമായ അവകാശങ്ങൾ ഉറപ്പാക്കുന്നതിനും രഹസ്യാന്വേഷണ ഏജൻസി പുനഃക്രമീകരിക്കുന്നതിലും വലിയ പങ്ക് വഹിച്ചിട്ടുണ്ട്.
ട്രംപ്-റഷ്യ അന്വേഷണം, മുൻ യുഎസ് പ്രസിഡൻ്റ് ജോൺ എഫ് കെന്നഡി, സെനറ്റർ റോബർട്ട് എഫ് കെന്നഡി എന്നിവരുടെ കൊലപാതകങ്ങൾ ഉൾപ്പെടെ കേസുകള്‍ക്ക് തുള്‍സി ഗബ്ബാർഡാണ് നേതൃത്വം വഹിച്ചത്. ബൈഡൻ ഭരണകാലത്ത് സർക്കാർ സ്ഥാപനങ്ങൾ ദുരുപയോഗം ചെയ്‌തെന്ന കേസിൽ "ആയുധവൽക്കരണ വർക്കിങ് ഗ്രൂപ്പ്" സ്ഥാപിച്ച് അന്വേഷണം ഏകോപിപ്പിച്ചിരുന്നു. കൂടാതെ 2025-ൽ മയക്കുമരുന്ന് ഭീകരതയുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന 10,000-ത്തിലധികം പേരെ അമേരിക്കയിലേക്ക് പ്രവേശിക്കുന്നത് തടയുകയും നാഷണൽ കൗണ്ടർ ടെററിസം സെൻ്റർ വഴി 85,000ത്തിലധികം പൗരന്മാരെ തീവ്രവാദ നിരീക്ഷണ പട്ടികയിൽ ചേർക്കുകയും ചെയ്‌തിരുന്നു.21ആം വയസിൽ ഹവായിയിൽ ജനപ്രതിനിധി അംഗമായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് തുൾസി തൻ്റെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. 9/11 ആക്രമണത്തിന് ശേഷം ആർമി നാഷണൽ ഗാർഡിൽ ചേർന്ന തുൾസി ഇറാഖിലും കുവൈത്തിലും സേവനമനുഷ്‌ഠിച്ചിട്ടുണ്ട്. ഡെമോക്രാറ്റിക് പാർട്ടി മുൻ നേതാവ് കൂടിയാണ് തുൾസി.2020-ലെ പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിൽ ട്രംപിൻ്റെ എതിരാളിയായി മത്സരിക്കാനൊരുങ്ങിയ തുൾസിക്ക് പിന്നീട് പിന്മാറേണ്ടിവന്നു. ഇതോടെ, 2022-ൽ ഡെമോക്രാറ്റിക് പാർട്ടി വിട്ടതിന് ശേഷം അടുത്തിടെയാണ് അവർ ട്രംപിന് പിന്തുണ പ്രഖ്യാപിക്കുന്നത്. ഡെമോക്രാറ്റിക് പാര്‍ട്ടി നേതാക്കളില്‍ നിന്ന്, കലഹിച്ച് റിപ്പബ്ലിക്കൻ പാർട്ടിയിലേക്ക് എത്തുകയായിരുന്നു. കമലാ ഹാരിസിനെതിരായ സംവാദത്തിന് തയ്യാറെടുക്കുന്നതിൽ ട്രംപിനെ സഹായിച്ച വ്യക്തികൂടിയായിരുന്നു തുൾസി. യുഎസ് പാർലമെൻ്റിലെ ആദ്യ ഹിന്ദുമത വിശ്വാസികൂടിയാണ് വിരമിച്ച നാഷണൽ ഇൻ്റലിജൻസ് ഡയറക്‌ടർ തുള്‍സി ഗബ്ബാർഡ്.