വാൽപാറ ദുരന്തം: ഉള്ളുലഞ് ഒരു ഗ്രാമം !അന്ത്യാഞ്ജലി അർപ്പിക്കാനായി ആയിരങ്ങൾ !

വാൽപാറ ദുരന്തം: ഉള്ളുലഞ് ഒരു ഗ്രാമം !അന്ത്യാഞ്ജലി അർപ്പിക്കാനായി ആയിരങ്ങൾ !

രാവിലെ 9 മുതല്‍ അമ്പലപ്പറമ്പ് സ്‌കൂളില്‍ പൊതുദര്‍ശനം

മലപ്പുറം: വാൽപാറയിലുണ്ടായ വാഹനാപകടത്തിൽ മരിച്ച 9പേരുടെ മൃതദേഹങ്ങൾ നാട്ടിൽ അല്പ സമയത്തിനകം എത്തിച്ചേരും  പാങ്ങ് പള്ളിപ്പറമ്പ് ഗവ. എൽപി സ്കൂളിലെ അധ്യാപകർ ഉൾപ്പെടെയുള്ളവരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് ശേഷമാണ് കൊണ്ടുവന്നത്. പ്രത്യേക പൊലീസ് അകമ്പടിയോടെ ഒൻപത് ആംബുലൻസുകളിലാണ് മൃതദേഹങ്ങൾ പാങ്ങിൽ എത്തിക്കുന്നത്.

പൊതുദർശനം ഹൈസ്കൂളിൽ

രാവിലെ ഒൻപത് മുതൽ 10 വരെ അമ്പലപ്പറമ്പ് ഗവ. ഹൈസ്കൂളിലാണ് പൊതുദർശനം. മരിച്ച അധ്യാപകർ ജോലി ചെയ്തിരുന്ന എൽപി സ്കൂളിൽ സ്ഥലപരിമിതി ഉള്ളതിനാലാണ് ഹൈസ്കൂളിലേക്ക് പൊതുദർശനം മാറ്റിയത്. ജനപ്രതിനിധികളും ബന്ധുക്കളും ഉൾപ്പെടെ നിരവധിപേർ മൃതദേഹങ്ങളെ അനുഗമിക്കുകയാണ്. രാവിലെ 8.30ഓടെ മൃതദേഹങ്ങൾ നാട്ടിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.പൊതുദർശനത്തിന് ശേഷം മൃതദേഹങ്ങൾ വീടുകളിലേക്ക് കൊണ്ടുപോകും. അവിടെ ബന്ധുക്കൾക്ക് അന്തിമോപചാരം അർപ്പിക്കാൻ സൗകര്യമൊരുക്കും. തുടർന്ന് പള്ളിയിൽ എത്തിച്ച് ഖബറടക്കം ഉൾപ്പെടെയുള്ള ചടങ്ങുകൾ നടക്കും. ഇസ്‌ലാം ആചാരപ്രകാരമുള്ള ചടങ്ങുകൾ പൊള്ളാച്ചിയിൽ വച്ചുതന്നെ പൂർത്തിയാക്കിയിരുന്നു. കുട്ടികൾക്ക് പ്രിയപ്പെട്ട അധ്യാപകരെ അവസാനമായി കാണുന്നതിനായി സ്കൂളിൽ പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. കൂടുതൽ ആളുകൾ എത്തിച്ചേർന്നാലുള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ സ്കൂളിൽ എത്താൻ ജനപ്രതിനിധികൾ നിർദേശിച്ചു.

നാടിനെ കണ്ണീരിലാഴ്ത്തിയ ദുരന്തം

സ്കൂളിലെ സഹപ്രവർത്തകരും ജീവനക്കാരും കുടുംബാംഗങ്ങളും ഉൾപ്പെടെ 13 പേരാണ് പുലർച്ചെ വിനോദയാത്രയ്ക്ക് പുറപ്പെട്ടത്. സന്തോഷത്തോടെ ആരംഭിച്ച യാത്ര വലിയ ദുരന്തത്തിലാണ് കലാശിച്ചത്. ഏഴ് സ്ത്രീകൾക്കും ഒരു പുരുഷനും ഒരു കുട്ടിക്കും ജീവൻ നഷ്ടമായി. ഇന്നലെ വൈകിട്ടോടെയാണ് നാടിനെ നടുക്കിയ അപകടവിവരം പുറത്തുവന്നത്. രാവിലെ ആറുമണിയോടെ പൊള്ളാച്ചിയിൽ നിന്ന് ആംബുലൻസുകൾ പുറപ്പെട്ടു.പാലക്കാട് പൊള്ളാച്ചി ദേശീയപാതയിലൂടെ ഗോപാലപുരം, മുണ്ടൂർ, മണ്ണാർക്കാട്, കരിങ്കല്ലത്താണി, പെരിന്തൽമണ്ണ വഴിയാണ് ആംബുലൻസുകൾ പാങ്ങിൽ എത്തിയത്. മലപ്പുറം സബ് കലക്ടർ, ഗ്രാമപഞ്ചായത്ത് പ്രതിനിധികൾ എന്നിവരുടെ വാഹനങ്ങളും ആംബുലൻസുകൾക്ക് അകമ്പടി നൽകി. എംഎൽഎയുടെ നിർദേശപ്രകാരം ആറുമണിയോടെ ആംബുലൻസുകൾ യാത്ര തിരിച്ചു.പൊള്ളാച്ചിയിൽ നിന്ന് കൊഴിഞ്ഞാമ്പാറ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും മൃതദേഹങ്ങളെ അനുഗമിച്ചു. ഒൻപത് ആംബുലൻസുകൾക്ക് മുന്നിലും പിന്നിലുമായി പൊലീസ് വാഹനങ്ങൾ അകമ്പടിയായുണ്ട്. പ്രിയപ്പെട്ട അധ്യാപകരുടെ വേർപാട് പാങ്ങ് ഗ്രാമത്തിന് വലിയ ഞെട്ടലുണ്ടാക്കി. നാട്ടുകാരും ജനപ്രതിനിധികളും ചേർന്ന് ഉറക്കമൊഴിച്ചാണ് രാത്രി വൈകിയും പൊതുദർശനത്തിനുള്ള ക്രമീകരണങ്ങൾ പൂർത്തിയാക്കിയത്.

ഇടുങ്ങിയ വളവും കുറഞ്ഞ സുരക്ഷാഭിത്തിയും

വാൽപാറ റൂട്ടിലെ പതിനാറാം ഹെയർപിൻ വളവിൽ ഇന്നലെ വൈകിട്ട് 5.15നാണ് അപകടമുണ്ടായത്. നാട്ടിലേക്ക് മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച മിനി വാൻ 300 അടി താഴ്‌ചയിലേക്ക് മറിഞ്ഞു. വളവിൽ എതിരെ വന്ന വാഹനത്തിന് കടന്നുപോകാൻ സൗകര്യമൊരുക്കുന്നതിനിടെ 21കാരനായ ഡ്രൈവർക്ക് നിയന്ത്രണം നഷ്ട‌മാവുകയായിരുന്നു.ഒരേസമയം രണ്ട് വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാത്തത്ര ഇടുങ്ങിയതായിരുന്നു വളവ്. സുരക്ഷാഭിത്തിക്ക് ആവശ്യത്തിന് ഉയരം ഇല്ലാതിരുന്നതും ദുരന്തത്തിൻ്റെ വ്യാപ്തി കൂട്ടി. മലക്കം മറിഞ്ഞാണ് വാഹനം താഴേക്ക് പതിച്ചത്. വാഹനം പൂർണമായും തകർന്നു. ഏതാനും മിനിറ്റുകൾക്ക് മുൻപ് സംഘം പതിനാറാം വളവിൽ വച്ച് ചായ കുടിക്കുകയും ചിത്രങ്ങൾ എടുക്കുകയും ചെയ്തിരുന്നു.

ഇതിന് തൊട്ടുപിന്നാലെയാണ് നാടിനെ കണ്ണീരിലാഴ്ത്തിയ ദുരന്തം സംഭവിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ നാല് പേർ കോയമ്പത്തൂർ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. 11കാരി അദ്ഭുതകരമായി പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്.

നാട്ടുകാരുടെ കാരുണ്യം

അപകടവിവരം അറിഞ്ഞ് രാത്രിയോടെ മലപ്പുറത്ത് നിന്ന് ജനപ്രതിനിധികളും ബന്ധുക്കളും പൊള്ളാച്ചിയിൽ എത്തി. മന്ത്രി, ചിറ്റൂരിൽ നിന്നുള്ള ജനപ്രതിനിധികൾ, ജില്ല കലക്ടർ, ഉന്നത പൊലീസ് ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിൽ ഔദ്യോഗിക നടപടികൾ മികച്ച രീതിയിൽ ഏകോപിപ്പിച്ചു. പൊള്ളാച്ചിയിലെ പള്ളി കമ്മിറ്റിയുടെയും തമിഴ്‌നാട് സ്വദേശികളായ നാട്ടുകാരുടെയും പൂർണ സഹകരണത്തോടെയാണ് നടപടികൾ വേഗത്തിലാക്കിയത്.

പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ കുളിപ്പിക്കുന്നതടക്കമുള്ള പ്രാഥമിക ചടങ്ങുകൾ ആശുപത്രിക്ക് സമീപമുള്ള പള്ളിയിൽ നടന്നു. ആദ്യമെത്തിച്ചത് പാങ്ങ് സ്വദേശിയായ അധ്യാപിക റംലയുടെ മൃതദേഹമാണ്. നടപടികൾ പൂർത്തിയാക്കിയാണ് ആംബുലൻസുകളിൽ മൃതദേഹങ്ങൾ ഒരുമിച്ച് നാട്ടിലേക്ക് കൊണ്ടുവന്നത്.മലപ്പുറം പാങ്ങ് ഗവ. ഹൈസ്‌കൂളിൽ ഒരു മണിക്കൂറോളം പൊതുദർശനത്തിന് വച്ച ശേഷം വീടുകളിലേക്ക് കൊണ്ടുപോകും. തുടർന്ന് അതത് മഹല്ലുകളിൽ ഖബറടക്കം നടക്കും. പ്രിയപ്പെട്ടവരുടെ ചേതനയറ്റ ശരീരം ഏറ്റുവാങ്ങാൻ കാത്തുനിൽക്കുകയാണ് ഒരു നാടാകെ.