പോളിങ് കണക്കുകള്‍ പുറത്തുവിടാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍, പുറത്തുവിടണമെന്ന ആവശ്യവുമായി വി.ഡി. സതീശൻ

പോളിങ് കണക്കുകള്‍ പുറത്തുവിടാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍, പുറത്തുവിടണമെന്ന ആവശ്യവുമായി വി.ഡി. സതീശൻ

തിരുവനന്തപുരം :നിയമസഭ തിരഞ്ഞെടുപ്പിലെ പോളിംഗ് ശതമാനം ഉൾപ്പെടെയുള്ള വിവരങ്ങൾ പ്രസിദ്ധീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് കത്ത് നൽകി, വി.ഡി.സതീശൻ.സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പൂർത്തിയായി മൂന്ന് ദിവസം കഴിഞ്ഞിട്ടും പോസ്റ്റൽ വോട്ടിംഗ് ഉൾപ്പെടെയുളള വിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മിഷൻ വെബ്സൈറ്റിൽ ലഭ്യമല്ല,തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്ത് വിട്ട് സുതാര്യത ഉറപ്പാക്കാനുള്ള ബാധ്യത ഭരണഘടന സ്ഥാപനമായ തിരഞ്ഞെടുപ്പ് കമ്മിഷനുണ്ടെന്നും ഭരണഘടനാ സ്ഥാപനത്തിൻ്റെ അന്തസും തിരഞ്ഞെടുപ്പ് പ്രക്രിയയിലെ സുതാര്യതയും ഉറപ്പാക്കുന്ന നടപടി തിരഞ്ഞെടുപ്പ് കമ്മിഷൻ സ്വീകരിക്കണമെന്നും വി.ഡി.സതീശൻ ആവശ്യപ്പെട്ടു. 

കണക്ക് പുറത്ത് വിടാത്തതില്‍ കൃത്യമായ വിശദീകരണം കമ്മീഷന്റെ ഭാഗത്ത് നിന്ന് ഇതുവരെ ഉണ്ടായിട്ടില്ലെന്നിരിക്കെയാണ് പ്രതിപക്ഷ നേതാവിന്റെ ഇടപെടല്‍.ഹോം, പോസ്റ്റല്‍ വോട്ടുകള്‍ ഉള്‍പ്പെടുത്തിയുള്ള അന്തിമ കണക്കുകളാണ് ഇനി വരാനുള്ളത്. സംസ്ഥാനത്ത് ആകെ പോള്‍ ചെയ്ത വോട്ടര്‍മാരുടെ എണ്ണമടക്കമുള്ള കണക്കും പുറത്തുവിടാനുണ്ട്.ചില ജില്ലകളില്‍ ഇന്‍ഫര്‍മേഷന്‍ വകുപ്പ് വിവരങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ടെങ്കിലും സംസ്ഥാനതലത്തിലുള്ള കണക്ക് ഇപ്പോഴും ലഭിച്ചിട്ടില്ല. വോട്ടെടുപ്പ് ദിവസം ബൂത്തിലെത്തിയവരുടെ കണക്കനുസരിച്ച് 78.27 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. കഴിഞ്ഞ തവണ 75 ശതമാനത്തിന് മുകളിലായിരുന്നു പോളിങ്ങ്.