"ഈ സര്‍ക്കാരിന് എട്ടിൻ്റെ പണി തന്നിട്ടാണ് മുൻസർക്കാർ പോയത് ; പോണപോക്കില്‍ മുനമ്പം ഭൂമി വഖഫ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തു"

"ഈ സര്‍ക്കാരിന് എട്ടിൻ്റെ പണി തന്നിട്ടാണ്  മുൻസർക്കാർ പോയത് ; പോണപോക്കില്‍ മുനമ്പം ഭൂമി വഖഫ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തു"

തിരുവനന്തപുരം: മുനമ്പം ഭൂമി വഖഫ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത സഭവത്തില്‍ മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിനെ കുറ്റപ്പെടുത്തി മുഖ്യമന്ത്രി വിഡി സതീശന്‍. അവിടെ രണ്ടു മത വിഭാഗങ്ങളെ ശത്രുക്കളാക്കാന്‍ നടത്തുന്ന ശ്രമമാണ് നടന്നത്. അതിന് അന്നത്തെ സര്‍ക്കാര്‍ അതിന് കൂട്ടുനിന്നു. കഴിഞ്ഞ സര്‍ക്കാര്‍ പോകുന്ന പോക്കില്‍ ആ ഭൂമി വഖഫ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നുവെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.ഇപ്പോഴുള്ള വഖഫ് ബോര്‍ഡ് മുന്‍ സര്‍ക്കാര്‍ നിയമിച്ചതാണ്. പൊളിറ്റിക്കല്‍ അപ്പോയിന്റ്‌മെന്റായിട്ടുള്ള വഖഫ് ബോര്‍ഡ് പോണപോക്കില്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടു പോയി. സാധാരണ വഖഫ് ലാന്‍ഡ് രജിസ്റ്റര്‍ ചെയ്യുന്നത് അതിന്റെ മുത്തവല്ലിയാണ്. ഇവിടെ വഖഫ് ബോര്‍ഡ് തന്നെ പോര്‍ട്ടലിലേക്ക് കൊടുത്തിരിക്കുകയാണ്. എന്താണ് ഇതിന്റെ ഉദ്ദേശ്യം. ഇവരു രണ്ടു കൂട്ടരും ഒരേ പാതയില്‍ സഞ്ചരിക്കുന്നവരാണെന്ന് പ്രതിപക്ഷ നേതാവ് ആയിരുന്നപ്പോള്‍ ഞാന്‍ ഉന്നയിച്ചിരുന്നു. അതിന് അടിവരയിടുന്ന നടപടിയാണ് പോണപോക്കില്‍ ചെയ്തത്.ശരിക്ക് വഖഫ് ഭൂമിയാണെന്ന് എസ്റ്റാബ്ലിഷ് ചെയ്താല്‍ ഇവര്‍ കയ്യേറ്റക്കാരാണ്. ഇവരെ ഒഴിപ്പിക്കാന്‍ കോടതിക്കും സര്‍ക്കാരിനും പാടായിരിക്കും. വരാന്‍ പോകുന്ന സര്‍ക്കാരിന് എട്ടിന്റെ പണി കൊടുക്കുകയാണ് വഖഫ് ബോര്‍ഡ് ചെയ്തത്. വരാന്‍ പോകുന്ന സര്‍ക്കാരിന് തീരുമാനമെടുക്കാന്‍ അനുവാദം നല്‍കുകയല്ലേ ചെയ്യേണ്ടിയിരുന്നത്. ഇപ്പോഴത്തെ നടപടിയെ നിയമപരമായി സര്‍ക്കാര്‍ നേരിടും. നിയമപരമായ തീരുമാനമെടുക്കും. 10 മിനിറ്റു കൊണ്ട് തീരുമാനം എടുപ്പിക്കാതിരിക്കാന്‍ മനപ്പൂര്‍വ്വം, രാഷ്ട്രീയമായി ചെയ്ത നടപടിയാണ്. സത്യത്തില്‍ എന്തിനാണ് പോര്‍ട്ടലില്‍ പെടുത്തിയതെന്ന് അവര്‍ ജനങ്ങളോട് പറയേണ്ടതാണ്. ഇക്കാര്യം സര്‍ക്കാര്‍ നിയമപരമായി പരിശോധിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

അവിടെ നിന്നും കുടുംബങ്ങളെ കുടിയൊഴിപ്പിക്കുന്ന പ്രശ്‌നമില്ല. അവിടെ അവര്‍ക്ക് സംരക്ഷണം നല്‍കും. അവിടത്തെ സ്ഥലത്ത് നികുതി നല്‍കാനുള്ള സംവിധാനം ഉണ്ടാക്കും. 10 മിനിറ്റ് എന്നു പറഞ്ഞതിനുശേഷം വഖഫ് ബോര്‍ഡ് ഉണ്ടാക്കിയ നിയമപരമായ പ്രശ്‌നങ്ങളാണിത്. വഖഫ് ട്രൈബ്യൂണിലിന്റെ തീരുമാനം പോലും വഖഫ് ബോര്‍ഡ് സ്‌റ്റേ ചെയ്യിപ്പിച്ചു. എന്തായിരുന്നു കഴിഞ്ഞ സര്‍ക്കാരിന്റെ നിലപാട് ഇക്കാര്യത്തിലെന്ന് വ്യക്തമല്ലേ. മതപരമായി ഭിന്നിപ്പിക്കാനുണ്ടായ സംഘപരിവാര്‍ അജണ്ടയ്ക്ക് ുട പിടിക്കുകയാണ് സിപിഎം നേതൃത്വം നല്‍കിയ സര്‍ക്കാര്‍ ചെയ്തതെന്ന് വളരെ വ്യക്തമായില്ലേയെന്നും മുഖ്യമന്ത്രി വിഡി സതീശന്‍ ചോദിച്ചു.