കേരളം : വിധിയെഴുത്ത് കഴിഞ്ഞു, ഇനി ജനവിധിഅറിയാനുള്ള കാത്തിരിപ്പ്

തിരുവനന്തപുരം: നാളുകള്‍ നീണ്ട പ്രചാരണങ്ങള്‍ക്ക് ശേഷം വിധിയെഴുതി കേരളം. രാവിലെ ഏഴ് മണിക്ക് പോളിങ് ആരംഭിച്ചതോടെ ബൂത്തുകളില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. അതുകൊണ്ട് തന്നെ തുടക്കത്തില്‍ മികച്ച പോളിങ്ങാണ് രേഖപ്പെടുത്തിയത്. പലയിടങ്ങളിലും പോളിങ് 80 ശതമാനം കടന്നു.എറണാകുളത്താണ് ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത്. വോട്ടെടുപ്പ് തുടരവേ വൈകിട്ട് അഞ്ച് മണി വരെയുള്ള കണക്കുകള്‍ പ്രകാരം പോളിങ് 75 ശതമാനം രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ രാത്രി 11 മണിയോടെ പുറത്ത് വന്ന കണക്കുകളില്‍ പോളിങ് ശതമാനം 78.27 രേഖപ്പെടുത്തി. അവസാന കണക്കിനൊപ്പം പോസ്റ്റല്‍ ബാലറ്റും കൂടി പരിഗണിച്ചാല്‍ പോളിങ് ശതമാനം 80 ശതമാനം കടക്കും. ഇത് 2021ലെ പോളിങ് ശതമാനത്തെക്കാള്‍ കൂടുതലാണ്.കേരളത്തിലെ പോളിങ് ഏറ്റവും ഉയര്‍ന്ന നാലാമത്തെ തെരഞ്ഞെടുപ്പാണിത്. ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത് 1960ലായിരുന്നു (85.72%). 1987ൽ പോളിങ് ശതമാനം 80.59 രേഖപ്പെടുത്തി. കൊവിഡ് കാലമായ 2021ൽ 74.06 ശതമാനവും 2016ൽ 77.35 ശതമാനവും പോളിങ്ങാണ് രേഖപ്പെടുത്തിയത്. കേരളത്തേക്കാള്‍ കൂടുതല്‍ പോളിങ്ങാണ് ഇന്നലെ വോട്ടെടുപ്പ് നടന്ന അസമിലും പുതുച്ചേരിയിലം രേഖപ്പെടുത്തിയത്. അസമില്‍ 84.42 ശതമാനവും പുതുച്ചേരിയില്‍ 86.92 ശതമാനവുമാണ് രേഖപ്പെടുത്തിയത്.
ജില്ല തിരിച്ചുള്ള പോളിങ് ശതമാനം ഇങ്ങനെ:
ജില്ല 2026 2021
തിരുവനന്തപുരം 77.05 % - 70.01 %
കൊല്ലം 76.29 % 73.07 %
പത്തനംതിട്ട 70.76 % 68.09 %
ആലപ്പുഴ 77.41 % 74.75 %
കോട്ടയം 74.60 % 72.13 %
ഇടുക്കി 77.15 % 70.38 %
എറണാകുളം 79.78 % 74.14 %
തൃശൂർ 77.10 % 77.10 %
പാലക്കാട് 80.56 % 76.19 %
മലപ്പുറം 79.78 % 74.04 %
കോഴിക്കോട് 81.33 % 78.31 %
വയനാട് 78.81 % 74.64 %
കണ്ണൂർ 78.59 % 77.42 %
കാസർകോട് 79.09 % 74.30 %
വോട്ടെടുപ്പിന് മുമ്പും ശേഷവും വലിയ ആത്മവിശ്വാസത്തിലാണ് മുന്നണികളും. 100 സീറ്റുകളില്‍ വിജയം ഉറപ്പാണെന്ന് വലത് പക്ഷം പറയുമ്പോള്‍ തുടര്‍ ഭരണമുണ്ടാകുമെന്നാണ് ഇടതിന്‍റെ പ്രതീക്ഷ. അതേസമയം കേരളത്തില്‍ കൂടുതല്‍ വേരൂന്നാനാകുമെന്ന ശുഭ പ്രതീക്ഷയിലാണ് ബിജെപിയും. വോട്ടെടുപ്പ് സംബന്ധിച്ച പ്രതീക്ഷികളും കണക്ക് കൂട്ടലുകളും ഇനി 25 ദിനങ്ങള്‍ തുടരും. തുടര്‍ന്ന് മെയ് നാലിന് തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരും.
കള്ളവോട്ട് ആരോപണങ്ങളും സംഘര്‍ഷങ്ങളും:
തെരഞ്ഞെടുപ്പിനിടെ പലയിടത്തും കള്ളവോട്ട് ആരോപണങ്ങള്‍ ഉയര്‍ന്നു. ഇതിന് പിന്നാലെ ഏതാനും ബൂത്തുകളില്‍ സംഘർഷങ്ങളുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്. നാദാപുരം മണ്ഡലത്തിലെ വാണിമേൽ എംയുപി സ്‌കൂളിൽ ഒരാളുടെ വോട്ടർ ഐഡിയുമായി എത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ കള്ളവോട്ട് ആരോപിച്ച് പിടികൂടി. ചിറ്റൂരിൽ എൽഡിഎഫ് സ്ഥാനാർഥിക്കായി വോട്ട് അഭ്യർഥിച്ച് എൻഡിഎ സ്ഥാനാർഥിയുടെ ഫേസ് ബുക്കില്‍ പോസ്റ്റ് ഇട്ടത് ഏറെ വിവാദങ്ങള്‍ക്കിടയാക്കി. പിന്നാലെ പോസ്റ്റ് പിൻവലിച്ചു. അതേസമയം തന്‍റെ അറിവോടെയല്ല പോസ്റ്റെന്നാണ് എൻഡിഎ സ്ഥാനാർഥി പറയുന്നത്.