"നോർക്ക എക്സിക്യൂട്ടീവ് വൈസ് ചെയർമാൻ സ്ഥാനത്ത് പ്രവാസി പ്രാതിനിധ്യം വേണo" : ഗ്ലോബൽ മലയാളി ഫോറം

"നോർക്ക എക്സിക്യൂട്ടീവ് വൈസ് ചെയർമാൻ സ്ഥാനത്ത് പ്രവാസി പ്രാതിനിധ്യം വേണo" :  ഗ്ലോബൽ മലയാളി ഫോറം

മുംബൈ/തിരുവനന്തപുരം  : കേരളത്തിന്റെ സാമ്പത്തിക ഭദ്രതയുടെ നട്ടെല്ലായ പ്രവാസി മലയാളികൾക്ക് ഭരണതലത്തിൽ അർഹമായ പ്രാതിനിധ്യം നൽകണമെന്ന ആവശ്യം ശക്തമാകുന്നു. നോർക്ക (NORKA) എക്സിക്യൂട്ടീവ് വൈസ് ചെയർമാൻ സ്ഥാനത്തേക്ക് പ്രവാസികളുടെ വേദനയും പ്രയാസങ്ങളും നേരിട്ടറിഞ്ഞ ഒരു പ്രവാസി മലയാളിയെ നിയമിക്കണമെന്ന്  'ഗ്ലോബൽ മലയാളി ഫോറം' കേരളസർക്കാറിനോട് ആവശ്യപ്പെട്ടു . ദശാബ്ദങ്ങളായി കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയെ താങ്ങിനിർത്തുന്ന പ്രവാസികൾ, സ്വന്തം നാട്ടിൽ നേരിടുന്ന അവഗണനയിൽ വലിയ പ്രതിഷേധത്തിലാണ്. ദശാബ്ദങ്ങളായി കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയെ താങ്ങിനിർത്തുന്ന പ്രവാസികൾ, സ്വന്തം നാട്ടിൽ നേരിടുന്ന അവഗണനയിൽ വലിയ പ്രതിഷേധത്തിലാണ്.

ഗ്ലോബൽ മലയാളി ഫോറം ഉന്നയിക്കുന്ന പ്രധാന ആവശ്യങ്ങൾ:


  • നേരിട്ടുള്ള നേതൃത്വം: പ്രവാസികളുടെ ജീവിതയാഥാർത്ഥ്യങ്ങൾ നേരിട്ട് അനുഭവിച്ചറിഞ്ഞ ഒരാൾക്ക് മാത്രമേ അവരുടെ അടിയന്തര പ്രശ്നങ്ങളുടെ ഗൗരവം ഉൾക്കൊണ്ട് വേഗത്തിൽ പരിഹാരം കാണാൻ സാധിക്കൂ. അതിനാൽ നോർക്ക എക്സിക്യൂട്ടീവ് വൈസ് ചെയർമാൻ പദവിയിൽ പ്രവാസി പ്രാതിനിധ്യം ഉറപ്പാക്കണം.
  • അടിയന്തര സേവനങ്ങൾ: വിസ അനിശ്ചിതത്വം, തൊഴിൽ നഷ്ടം, നാട്ടിലെ സർക്കാർ ഓഫീസുകളിൽ മാസങ്ങളോളം കയറിയിറങ്ങേണ്ടി വരുന്ന അവസ്ഥ, ഭൂമി സംബന്ധമായ തർക്കങ്ങൾ, നിയമപരമായ തടസ്സങ്ങൾ എന്നിവ പരിഹരിക്കാൻ ഔദ്യോഗികതലത്തിൽ പ്രവാസികളുടെ ശക്തമായ സാന്നിധ്യം ആവശ്യമാണ്.
  • ​വിശ്വാസ്യതയും പുനരധിവാസവും: കോവിഡ് കാലത്ത് ഫോൺ കോളുകളിലൂടെയും വ്യക്തിപരമായ ഇടപെടലുകളിലൂടെയും പ്രവാസികൾക്ക് ലഭിച്ച ആശ്വാസം ഔദ്യോഗിക സംവിധാനത്തിന്റെ ഭാഗമായി മാറണം. സർക്കാർ-പ്രവാസി ബന്ധം കൂടുതൽ സുതാര്യവും വിശ്വാസപൂർണ്ണവുമാക്കാൻ ഈ നിയമനം അനിവാര്യമാണ്.
  • ​ലോക കേരളസഭ പോലുള്ള വേദികൾ വലിയ പ്രതീക്ഷകൾ നൽകിയെങ്കിലും, ഒരു സാധാരണ പ്രവാസി നേരിടുന്ന ദൈനംദിന പ്രശ്നങ്ങൾക്ക് ഇന്നും പരിഹാരം അന്യമാണ്. രാഷ്ട്രീയ ബന്ധങ്ങൾ തേടി സർക്കാർ ഓഫീസുകളിൽ കയറിയിറങ്ങേണ്ട ഗതികേട് പ്രവാസികൾക്ക് അവസാനിപ്പിക്കണം.

​കേരളത്തിന്റെ വികസനത്തിൽ നിർണ്ണായക പങ്ക് വഹിക്കുന്ന പ്രവാസികളുടെ ശബ്ദം ഭരണസിരാകേന്ദ്രങ്ങളിൽ എത്തേണ്ടത് കാലത്തിന്റെ അനിവാര്യതയാണെന്ന് ഗ്ലോബൽ മലയാളി ഫോറം ഭാരവാഹികൾ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. കേരളത്തിലെ പുതിയ ഭരണ നേതൃത്വം പ്രവാസികളുടെ ഈ ന്യായമായ ആവശ്യം ഗൗരവമായി പരിഗണിക്കുമെന്നും, അർഹിക്കുന്ന ആദരവും പ്രാതിനിധ്യവും നൽകുമെന്നും ഫോറം പ്രത്യാശ പ്രകടിപ്പിച്ചു.

സമൂഹമാധ്യമങ്ങളിലുള്ള മറുനാടൻ മലയാളികളുടെയും വിവിധ പ്രവാസി സംഘടനകളുടെയും  കൂട്ടായ്മകളിൽ ഈ ആവശ്യം  ഇതിനോടകം തന്നെ വലിയ ചർച്ചാവിഷയമായി മാറിയിട്ടുണ്ട് .