ഐ‌പി‌എൽ -2026: "കൈവിട്ടത് ക്യാച്ചുകളല്ല, വിജയം കൂടി" :SRH-നോടുള്ള PBKS തോൽവിക്ക് ശേഷം ശ്രേയസ് അയ്യർ

ഐ‌പി‌എൽ -2026: "കൈവിട്ടത് ക്യാച്ചുകളല്ല, വിജയം കൂടി" :SRH-നോടുള്ള PBKS തോൽവിക്ക് ശേഷം  ശ്രേയസ് അയ്യർ

ഹൈദരാബാദ്: സൺറൈസേഴ്‌സ് ഹൈദരാബാദിനോട് 33 റൺസിന് പരാജയപ്പെട്ടതിന് പിന്നാലെ, ടീമിന്‍റെ മോശം ഫീൽഡിംഗിനെ രൂക്ഷമായി വിമർശിച്ച് പഞ്ചാബ് കിംഗ്‌സ് നായകൻ ശ്രേയസ് അയ്യർ രംഗത്ത്. മത്സരത്തിന്‍റെ നിർണായക ഘട്ടങ്ങളിൽ വരുത്തിയ പിഴവുകളാണ് തോൽവിക്ക് പ്രധാന കാരണമെന്ന് അയ്യർ തുറന്നു പറഞ്ഞു.'തുടക്കത്തിൽ തന്നെ ഒരുപാട് ക്യാച്ചുകൾ ഞങ്ങൾ കൈവിട്ടു കളഞ്ഞു. അത് ടീമിന് താങ്ങാവുന്നതിലും അധികമായിരുന്നു. സമയം കൂടുന്തോറും പിച്ചിന്‍റെ വേഗത കുറഞ്ഞുവരികയായിരുന്നു. സൺറൈസേഴ്‌സ് മികച്ച ക്രിക്കറ്റാണ് കാഴ്‌ചവെച്ചത്. എങ്ങനെ ജയിക്കണമെന്ന് അവർ നമുക്ക് കാണിച്ചുതന്നു," മത്സരശേഷം അയ്യർ പ്രതികരിച്ചു.തിരിച്ചടിയായ ഫീൽഡിംഗ് പിഴവുകൾ

ഉപ്പലിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ പഞ്ചാബ് ഫീൽഡർമാരുടെ പിഴവുകൾ ഹൈദരാബാദിന് അനുഗ്രഹമായി. ഇഷാൻ കിഷൻ, ഹെൻറിച്ച് ക്ലാസൻ എന്നിവർ നൽകിയ ക്യാച്ചുകൾ കൈവിട്ടത് പഞ്ചാബിന് വലിയ വില നൽകേണ്ടി വന്നു. ഈ ജീവൻദാനങ്ങൾ മുതലെടുത്ത ഇരുവരും അർധസെഞ്ചുറികളുമായി ഹൈദരാബാദിനെ മികച്ച സ്കോറിലെത്തിച്ചു.ഓപ്പണർമാരായ അഭിഷേക് ശർമ്മയും ട്രാവിസ് ഹെഡും പവർപ്ലേയിൽ തകർത്തടിച്ചതോടെ പഞ്ചാബ് പ്രതിരോധത്തിലായി. ഇഷാൻ കിഷൻ 55 റൺസുമായി മധ്യ ഓവറുകൾ നിയന്ത്രിച്ചപ്പോൾ, ക്ലാസന്‍റെ തകർപ്പൻ ബാറ്റിംഗ് ഹൈദരാബാദിനെ 200 റൺസ് കടക്കാൻ സഹായിച്ചു. അതേസമയം ടീമിന്‍റെ ഫോമിനെക്കുറിച്ച് അയ്യർ ആശങ്ക പ്രകടിപ്പിച്ചു. "സീസണിൽ ഞങ്ങൾക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. എല്ലാവരും നല്ല ആത്മവിശ്വാസത്തിലുമായിരുന്നു. എന്നാൽ ഇതേ ഫോമിലാണ് മുന്നോട്ട് പോകുന്നതെങ്കിൽ അത് ഒട്ടും ഗുണകരമാകില്ല."

കൊനോളിയുടെ സെഞ്ചുറി പാഴായി

മറുപടി ബാറ്റിംഗിനിറങ്ങിയ പഞ്ചാബ് കിംഗ്‌സിന് ഒരു ഘട്ടത്തിലും കൃത്യമായ അടിത്തറ കണ്ടെത്താനായില്ല. ആദ്യ ഏഴ് പന്തിനുള്ളിൽ തന്നെ രണ്ട് ഓപ്പണർമാരെയും പവർപ്ലേയിൽ നായകൻ അയ്യരെയും നഷ്ടമായത് പഞ്ചാബിന് വലിയ ആഘാതമായി. ആറ് ഓവർ പിന്നിടുമ്പോൾ മൂന്ന് വിക്കറ്റിന് 57 റൺസ് എന്ന നിലയിലായിരുന്നു അവർ.മാർക്കസ് സ്റ്റോയിനിസും യുവതാരം കൂപ്പർ കൊനോളിയും ചേർന്ന് നടത്തിയ പോരാട്ടമാണ് പഞ്ചാബിനെ തകർച്ചയിൽ നിന്ന് രക്ഷിച്ചത്. സമ്മർദ്ദഘട്ടത്തിൽ തകർപ്പൻ സെഞ്ചുറി (പുറത്താകാതെ 107 റൺസ്) നേടിയ കൊനോളിയുടെ പ്രകടനത്തെ അയ്യർ പ്രശംസിച്ചു. "കൊനോളി അതിശയിപ്പിക്കുന്ന താരമാണ്. അവന്‍റെ പോരാട്ടവീര്യം അഭിനന്ദനാർഹമാണ്. സമ്മർദ്ദമുള്ള മത്സരങ്ങളിൽ വലിയ സ്കോർ നേടാനുള്ള കഴിവ് അവനുണ്ട്," അദ്ദേഹം പറഞ്ഞു. എങ്കിലും മറുവശത്ത് നിന്ന് പിന്തുണയില്ലാത്തതും അവസാന ഓവറുകളിൽ ആവശ്യമായ റൺ റേറ്റ് കുത്തനെ ഉയർന്നതും പഞ്ചാബിനെ 33 റൺസ് അകലെ തളച്ചു.

ഹൈദരാബാദ് ഒന്നാമതെത്തി

പഞ്ചാബ് കിംഗ്‌സിനെ തോൽപ്പിച്ചതോടെ സൺറൈസേഴ്‌സ് ഹൈദരാബാദ് ഐപിഎൽ പോയിന്‍റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് മുന്നേറി. നിലവിൽ 11 മത്സരങ്ങളിൽ നിന്ന് 14 പോയിന്‍റുമായാണ് ഹൈദരാബാദ് ഒന്നാമതുള്ളത്.