ഭർത്താവിൻ്റെ മൃതദേഹത്തോടൊപ്പം പത്ത് ദിവസം കഴിഞ് ഭാര്യ : പോലീസെത്തി സംസ്കാരകർമ്മങ്ങൾ നടത്തി

ബെംഗളൂരു: ഭർത്താവിൻ്റെ മൃതദേഹത്തോടൊപ്പം പത്ത് ദിവസം താമസിച്ച് ഭാര്യ. കർണാടകയിലെ മുഡിഗരെ താലൂക്കിലാണ് ഈ ഹൃദയഭേദകമായ സംഭവം നടന്നത്. ബണക്കലിൽ സ്വദേശിയായ സിറിൽ മോണിസ് എന്ന ആളാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു.
സിറിൽ മരിച്ച് പത്ത് ദിവസങ്ങൾക്ക് ശേഷമാണ് സംഭവം പുറംലോകം അറിയുന്നത്. അതുവരെ ഇയാളുടെ ഭാര്യ മൃതദേഹത്തോടൊപ്പം കഴിയുകയായിരുന്നു. സ്ത്രീ മാനസികമായി ചില ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നുവെന്നും പൊലീസ് പറഞ്ഞു.മുഡിഗരെയിലെ ബണക്കലിലാണ് സിറിലും കുടംബവും താമസിച്ചിരുന്നത്. ശാരീരിക ബുദ്ധിമുട്ടുകൾ കാരണം സിറിൽ എപ്പോഴും വീട്ടിൽ തന്നെയായിരുന്നു. ഇവർക്ക് രണ്ട് മക്കളാണുള്ളത് .ഒരാൾ ബെംഗളൂരുവിലും . മറ്റൊരു മകൻ വിദേശത്തുമാണ് ജോലിചെയ്യുന്നത്.രണ്ടുപേരും ദിവസവും വീട്ടിൽ വിളിച്ച് അച്ഛനെ കുറിച്ച് അന്വേഷിക്കാറുണ്ടായിരുന്നു. എന്നാൽ അമ്മ പറഞ്ഞിരുന്നത് അച്ഛൻ സുഖമായിരിക്കുന്നുവെന്നും കുഴപ്പൊന്നുമില്ലെന്നുമായിരുന്നു. അമ്മയുടെ വാക്കുകൾ വിശ്വസിച്ച മക്കൾക്ക് ആദ്യം യാതൊരുവിധ സംശയവും തോന്നിയിരുന്നില്ല .ഫോൺ വിളിക്കുമ്പോഴൊക്കെ അച്ഛൻ്റെ ശബ്ദം കേൾക്കാതയതോടെയാണ് മക്കൾക്ക് സംശയം തോന്നിതുടങ്ങിയത് .തുടർന്ന് അവരുടെ ഒരു സുഹൃത്തിനെ വിളിച്ച് തങ്ങളുടെ വീട്ടിൽ പോയി അന്വേഷിക്കാൻ പറഞ്ഞപ്പോഴാണ് സംഭവം പുറത്തറിയുന്നത് .സുഹൃത്ത് വീട്ടിൽ പോയി പരിശോധിച്ചപ്പോഴാണ് സിറിലിനെ മരിച്ചനിലയിൽ കണ്ടെത്തുന്നത് . മൃതദേഹം പൂർണമായും അഴുകിയ നിലയായിരുന്നു. ഈ കാര്യം അരെയും അറിയിക്കാതെ മൃതദേഹത്തോടൊപ്പം കഴിയുകയായിരുന്നു ഭാര്യ.
വിവരം അറിഞ്ഞെത്തിയ ബണക്കൽ നിവാസികൾ ഉടൻ തന്നെ പൊലീസിനെ വിവരം അറിയിച്ചു. പൊലീസിൻ്റെയും പ്രദേശവാസികളുടെയും സാന്നിധ്യത്തിലാണ് മൃതദേഹം പുറത്തെടുത്തത്. തുടർന്ന് ക്രിസ്ത്യൻ സെമിത്തേരിയിൽ അന്ത്യകർമങ്ങൾ നടത്തി.