സ്റ്റോപ്പിലാത്ത സ്ഥലത്ത് നിര്‍ത്തിയില്ല; കെഎസ്ആർടിസി ബസിൻ്റെ സൈഡ് ഗ്ലാസ് അടിച്ച് തകർത്ത് യുവതി

കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൻ്റെ സൈഡ് ഗ്ലാസ് അടിച്ചുതകർത്ത യുവതിക്ക് 25000 രൂപ പിഴ. കോഴിക്കോട് മാങ്കാവ് മിനി ബൈപ്പാസിൽ മിംസ് ആശുപത്രിയുടെ സമീപത്തെ ബസ്റ്റോപ്പിൽ ബസ് നിർത്താത്തതിനെ തുടർന്നാണ് യുവതി ബസിൻ്റെ സൈഡ് ഗ്ലാസ് അടിച്ചു തകർത്തത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് സംഭവം നടന്നത്. കെഎസ്‌ആര്‍ടിസിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ വീഡിയോ പുറത്തു വിട്ടപ്പോഴാണ് സംഭവം പുറം ലോകം അറിഞ്ഞത്. രാമനാട്ടുകര ഭാഗത്ത് നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന സൂപ്പർഫാസ്റ്റ് ബസിലാണ് സംഭവം നടന്നത്. കോഴിക്കോട് നിന്നും ബസിൽകയറിയ യുവതി മിംസ് ആശുപത്രിയുടെ സമീപത്ത് എത്തിയപ്പോൾ ഇറങ്ങണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ കണ്ടക്‌ടർ ഇവിടെ സ്റ്റോപ്പ് ഇല്ലെന്ന് യുവതിയെ അറിയിച്ചു. തുടർന്ന് ഏറെനേരം യുവതി കണ്ടക്‌ടർമായും ഡ്രൈവറുമായും തർക്കത്തിൽ ഏർപ്പെട്ടു. എന്നാൽ നിർത്തില്ലെന്ന കണ്ടക്‌ടറുടെയും ഡ്രൈവറുടെയും മറുപടിയിൽ പ്രകോപിതയായ യുവതി ബസിലെ എമർജൻസി ഹാമർ ഉപയോഗിച്ച് സൈഡ് ഗ്ലാസ് അടിച്ച് തകർത്തു. തുടർന്ന് കെഎസ്ആർടിസി ബസ് നേരെ നടക്കാവ് പൊലീസ് സ്റ്റേഷനിലേക്ക് വെച്ച് പിടിച്ചു. സംഭവത്തിൻ്റെ ദൃശ്യങ്ങൾ ഉൾപ്പെടെ പൊലീസിന് കൈമാറിയതോടെ യുവതിക്ക് 25000 രൂപയോളം പിഴ അടക്കേണ്ടി വരികയായിരുന്നു.