ഐപിഎൽ -2026ൽ ചരിത്രം സൃഷ്ട്ടിച്ച 15-കാരൻ, അവാര്‍ഡുകള്‍ വാരിക്കൂട്ടി സൂര്യവംശി

  ഐപിഎൽ -2026ൽ  ചരിത്രം സൃഷ്ട്ടിച്ച 15-കാരൻ,  അവാര്‍ഡുകള്‍ വാരിക്കൂട്ടി സൂര്യവംശി

ഹൈദരാബാദ്: ബാറ്റിങ് വിസ്‌മയങ്ങൾക്കും വമ്പൻ പോരാട്ടങ്ങൾക്കും സാക്ഷ്യം വഹിച്ച ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ 19-ാം പതിപ്പിന് ആവേശകരമായ കലാശക്കൊട്ട്. ഗുജറാത്ത് ടൈറ്റൻസിനെ തകർത്ത് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു തുടർച്ചയായ രണ്ടാം തവണയും ഐപിഎൽ കിരീടത്തിൽ മുത്തമിട്ടപ്പോൾ, വ്യക്തിഗത മികവുകളാൽ ഈ സീസൺ പൂർണമായും കീഴടക്കിയത് രാജസ്ഥാൻ റോയൽസിന്റെ 15 വയസുകാരൻ പ്രതിഭ വൈഭവ് സൂര്യവംശിയാണ്.

ക്രിക്കറ്റ് ലോകത്തെ ഏറ്റവും വലിയ അത്ഭുതമായി വൈഭവ് സൂര്യവംശി മാറി. രാജസ്ഥാൻ റോയൽസിൻ്റെ ഈ കൗമാര താരം തൻ്റെ ഭയമില്ലാത്ത ബാറ്റിങ് ശൈലിയിലൂടെ ഇന്ത്യൻ ക്രിക്കറ്റിൻ്റെ അടുത്ത സൂപ്പർ സ്റ്റാർ താനാണെന്ന് അടിവരയിട്ടു പ്രഖ്യാപിച്ചു. ഫൈനൽ മത്സരത്തിന് വേദിയായ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന പ്രൗഢഗംഭീരമായ സമ്മാനദാന ചടങ്ങിൽ വൈഭവ് സൂര്യവംശി മുഖ്യ ആകർഷണമായി മാറി. സീസണിലെ റെക്കോർഡ് റൺവേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ് ഉൾപ്പെടെ നിരവധി പ്രമുഖ പുരസ്‌കാരങ്ങളാണ് ഈ 15-കാരൻ വേദിയിൽ ഏറ്റുവാങ്ങിയത്.

ബാറ്റിങ് റെക്കോഡുകൾ തകർത്തെറിഞ്ഞ് വൈഭവ്

ബിഹാറിലെ സമസ്‌തിപൂരിൽ നിന്നുള്ള ഈ കൗമാര വിസ്മയം റൺവേട്ടക്കാരുടെ പട്ടികയിൽ ഒന്നാമതെത്തി അഭിമാനകരമായ ഓറഞ്ച് ക്യാപ് സ്വന്തമാക്കി. രാജസ്ഥാൻ റോയൽസിനായി 16 മത്സരങ്ങളിൽ നിന്ന് 48.50 ശരാശരിയിൽ 776 റൺസാണ് വൈഭവ് അടിച്ചുകൂട്ടിയത്. കേവലം റൺസ് കണ്ടെത്തുക മാത്രമല്ല, ടി20 ക്രിക്കറ്റിനെത്തന്നെ വിറപ്പിക്കുന്ന തരത്തിലായിരുന്നു വൈഭവിൻ്റെ ബാറ്റിങ് പ്രകടനം. കഴിഞ്ഞ 18 ഐപിഎൽ പതിപ്പുകളിലെ ഓറഞ്ച് ക്യാപ് ജേതാക്കളെക്കാൾ ഉയർന്ന, 237.30 എന്ന അവിശ്വസനീയമായ സ്ട്രൈക്ക് റേറ്റിലാണ് ഈ 15-കാരൻ സീസണിൽ ബാറ്റ് വീശിയത്.

റൺവേട്ടയിലെ മുൻനിരക്കാർ

വൈഭവ് സൂര്യവംശി (രാജസ്ഥാൻ റോയൽസ്) – 776 റൺസ്

ശുഭ്‌മാൻ ഗിൽ (ഗുജറാത്ത് ടൈറ്റൻസ്) – 732 റൺസ്

സായ് സുദർശൻ (ഗുജറാത്ത് ടൈറ്റൻസ്) – 722 റൺസ്

ഐപിഎൽ 2026: അവാർഡ് ജേതാക്കൾ

  • ഓറഞ്ച് ക്യാപ് (ഏറ്റവും കൂടുതൽ റൺസ്): വൈഭവ് സൂര്യവംശി
  • പർപ്പിൾ ക്യാപ് (ഏറ്റവും കൂടുതൽ വിക്കറ്റ്): കാഗിസോ റബാദ
  • ഐപിഎൽ 2026 ചാമ്പ്യന്മാർ:റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു
  • ഫൈനലിലെ സൂപ്പർ സ്ട്രൈക്കർ:വെങ്കിടേഷ് അയ്യർ
  • ഫൈനലിലെ താരം (പ്ലെയർ ഓഫ് ദി മാച്ച്):വിരാട് കോഹ്‌ലി
  • സീസണിൽ ഏറ്റവും കൂടുതൽ ഡോട്ട് ബോളുകൾ എറിഞ്ഞ താരം:മുഹമ്മദ് സിറാജ്
  • സീസണിലെ മികച്ച യുവതാരം (എമേർജിങ് പ്ലെയർ):വൈഭവ് സൂര്യവംശി
  • സീസണിലെ സൂപ്പർ സ്ട്രൈക്കർ:വൈഭവ് സൂര്യവംശി
  • സീസണിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടിയ താരം:വൈഭവ് സൂര്യവംശി
  • ഏറ്റവും മൂല്യമേറിയ താരം (മോസ്റ്റ് വാല്യബിൾ പ്ലെയർ):വൈഭവ് സൂര്യവംശി
  • സീസണിലെ മികച്ച ക്യാച്ച് (പെർഫെക്റ്റ് ക്യാച്ച്):മനീഷ് പാണ്ഡെ


ഭുവിയെ മറികടന്ന് റബാദ; 'പർപ്പിൾ ക്യാപ്' സൗത്ത് ആഫ്രിക്കൻ പേസർക്ക്!

ബാറ്റിങ് വെടിക്കെട്ടുകൾ നിറഞ്ഞ ഐപിഎല്ലില്‍ വിക്കറ്റ് വേട്ടക്കാരുടെ തമ്പുരാനായി ഗുജറാത്ത് ടൈറ്റൻസിൻ്റെ കാഗിസോ റബാദ. അവസാന പന്തുവരെ നീണ്ട പോരാട്ടത്തിനൊടുവിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിൻ്റെ ഇന്ത്യൻ പേസർ ഭുവനേശ്വർ കുമാറിനെ നേരിയ വ്യത്യാസത്തിൽ മറികടന്നാണ് റബാദ വിക്കറ്റ് വേട്ടക്കാർക്കുള്ള പർപ്പിൾ ക്യാപ് തൻ്റെ കൈപ്പിടിയിലൊതുക്കിയത്.

ഈ സീസണിൽ ബൗളർമാർ തമ്മിലുള്ള മത്സരം അക്ഷരാർത്ഥത്തിൽ പ്രവചനാതീതമായിരുന്നു. ആർസിബിയുടെ വിശ്വസ്‌ത ബൗളർ ഭുവനേശ്വർ കുമാറും ഗുജറാത്ത് ടൈറ്റൻസിൻ്റെ കാഗിസോ റബാദയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ടൂർണമെൻ്റിലുടനീളം കാഴ്‌ചവെച്ചത്.ഫൈനൽ മത്സരത്തിന് മുൻപ് ഇരുവർക്കും വിക്കറ്റ് വേട്ടയിൽ തുല്യസാധ്യതകളായിരുന്നു. കലാശപ്പോരാട്ടത്തിൽ ആർസിബിക്കായി തകർപ്പൻ ബൗളിങ് കാഴ്ചവെച്ച ഭുവനേശ്വർ കുമാർ 2 നിർണായക വിക്കറ്റുകൾ വീഴ്ത്തി തൻ്റെ ആകെ വിക്കറ്റ് സമ്പാദ്യം 28-ൽ എത്തിച്ചു (16 മത്സരങ്ങളിൽ നിന്ന്). ഇതോടെ ഭുവി പർപ്പിൾ ക്യാപ് നേടുമെന്ന് തോന്നിച്ച നിമിഷത്തിലാണ് റബാദയുടെ മാന്ത്രിക സ്പെൽ പിറന്നത്.

പടിക്കലിനെ വീഴ്ത്തി സിംഹാസനത്തിലേക്ക്

മത്സരത്തിൻ്റെ നിർണായക ഘട്ടത്തിൽ ആർസിബി ബാറ്റർ ദേവ്ദത്ത് പടിക്കലിൻ്റെ വിക്കറ്റ് വീഴ്ത്തിയാണ് റബാദ ഈ സീസണിലെ തൻ്റെ 29-ാം വിക്കറ്റ് സ്വന്തമാക്കിയത്. ഒരൊറ്റ വിക്കറ്റിൻ്റെ ഈ നേരിയ ലീഡോടെ ഭുവനേശ്വർ കുമാറിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി റബാദ ഐപിഎൽ 2026-ൻ്റെ പർപ്പിൾ ക്യാപ് ജേതാവായി പ്രഖ്യാപിക്കപ്പെട്ടു.

ഐപിഎൽ 2026 വിക്കറ്റ് വേട്ട

കാഗിസോ റബാദ (ഗുജറാത്ത് ടൈറ്റൻസ്) – 29 വിക്കറ്റുകൾ

ഭുവനേശ്വർ കുമാർ (റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു) – 28 വിക്കറ്റുകൾ

ക്രിക്കറ്റ് ലോകത്തിൻ്റെ  'കിംഗ് ' വിരാട് കോഹ്‌ലി തന്നെ

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ഐപിഎൽ 2026 മഹാകലാശപ്പോരാട്ടത്തിൽ ഗുജറാത്ത് ടൈറ്റൻസിനെ തകർത്ത് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു തുടർച്ചയായ രണ്ടാം തവണയും കിരീടമുയർത്തിയപ്പോൾ, വിജയശില്പിയായി മാറിയത് മറ്റാരുമല്ല ക്രിക്കറ്റ് ലോകത്തിൻ്റെ 'കിങ്' വിരാട് കോഹ്‌ലി തന്നെ! ഫൈനലിലെ അത്യുഗ്രൻ പ്രകടനത്തോടെ മത്സരത്തിലെ മികച്ച താരത്തിനുള്ള 'പ്ലെയർ ഓഫ് ദി മാച്ച്' പുരസ്കാരവും കോഹ്‌ലി സ്വന്തമാക്കി.വലിയ വേദികൾ എപ്പോഴും വലിയ കളിക്കാർക്കുള്ളതാണെന്ന് വിരാട് കോഹ്‌ലി ഒരിക്കൽ കൂടി തെളിയിച്ചു . 

കിരീടപ്പോരാട്ടത്തിൻ്റെ കടുത്ത സമ്മർദ്ദത്തിനിടയിലും ഗുജറാത്ത് ടൈറ്റൻസിന്റെ കരുത്തുറ്റ ബൗളിങ് നിരയെ കോഹ്‌ലി നിഷ്പ്രഭമാക്കി. വെറും 42 പന്തുകളിൽ നിന്ന് 75 റൺസ് അടിച്ചുകൂട്ടിയ കോഹ്‌ലിയുടെ ഇന്നിങ്സാണ് ആർസിബിയുടെ അഞ്ച് വിക്കറ്റ് വിജയത്തിന് അടിത്തറയിട്ടത്. ടീമിന് ഏറ്റവും ആവശ്യമുള്ള ഘട്ടത്തിൽ ഫോമിലേക്കുയരുന്ന തന്റെ പതിവ് ശൈലി കോഹ്‌ലി ഫൈനലിലും ആവർത്തിക്കുകയായിരുന്നു. വെങ്കിടേഷ് അയ്യരുടെ (ഫൈനൽ സൂപ്പർ സ്ട്രൈക്കർ) വെടിക്കെട്ട് പ്രകടനത്തിനൊപ്പം കോഹ്‌ലി കാട്ടിയ പക്വതയാർന്ന ബാറ്റിങ്ങാണ് ആർസിബിക്ക് അനായാസ ജയം സമ്മാനിച്ചത്.

ഫൈനലിലെ ഈ മാച്ച് വിന്നിങ് പ്രകടനത്തോടെ വിരാട് കോഹ്‌ലി തൻ്റെ ഐപിഎൽ 2026 കാമ്പെയ്ൻ ഗംഭീരമായി അവസാനിപ്പിച്ചു. ഈ സീസണിൽ ആകെ 16 മത്സരങ്ങളിൽ നിന്ന് 56.25 എന്ന മികച്ച ശരാശരിയിൽ 675 റൺസാണ് കോഹ്‌ലി അടിച്ചുകൂട്ടിയത്. റൺവേട്ടക്കാരുടെ പട്ടികയിൽ നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തതെങ്കിലും, ഫൈനലിലെ ഈ 75 റൺസ് കിരീടത്തോളം പോന്ന ഒന്നായി മാറി.

https://www.worldm.news/sports/rcb-win-ipl-for-2-straight--26433