ഐപിഎൽ 2026: KKRനെതിരെ DCക്ക് 40 റൺസിന്റെ ആശ്വാസ ജയം

ഐപിഎൽ 2026: KKRനെതിരെ DCക്ക് 40 റൺസിന്റെ ആശ്വാസ ജയം

കൊൽക്കത്ത: കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ഡൽഹി ക്യാപിറ്റൽസിന് 40 റൺസിന്റെ ആധികാരിക ജയം. കെ.എൽ രാഹുലിന്‍റെ തകർപ്പൻ അർധസെഞ്ചുറിയുടെയും, ലുംഗി എൻഗിഡി-കുൽദീപ് യാദവ് സഖ്യത്തിന്‍റെ മാരക ബൗളിങ്ങിന്‍റേയും കരുത്തിലാണ് ജയം. ഇതോടെ ഐപിഎൽ 2026 സീസണിലെ തങ്ങളുടെ യാത്ര ആറാം സ്ഥാനക്കാരായി ഡൽഹി അവസാനിപ്പിച്ചു.ഈഡൻ ഗാർഡൻസിൽ നടന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഡൽഹി ക്യാപിറ്റൽസ്, ഈ വേദിയിലെ തങ്ങളുടെ ഏറ്റവും ഉയർന്ന സ്കോറായ 203/5 റൺസ് പടുത്തുയർത്തി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ കൊൽക്കത്ത 18.4 ഓവറിൽ 163 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു.

തകർത്തടിച്ച് രാഹുൽ

ഡൽഹിക്ക് വേണ്ടി ഓപ്പണർമാരായ കെ.എൽ രാഹുലും അഭിഷേക് പോറെലും (22) ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. വെറും 30 പന്തിൽ 60 റൺസ് അടിച്ചുകൂട്ടിയ രാഹുൽ 200 സ്ട്രൈക്ക് റേറ്റിലാണ് റൺസ് വാരിയത്. ഇതിൽ അഞ്ച് അർധസെഞ്ചുറികളാണ് രാഹുൽ ഈ സീസണിൽ സ്വന്തമാക്കിയത്. യുവതാരം സാഹിൽ പരേഖ് (24), അക്സർ പട്ടേൽ (39) എന്നിവരും മികച്ച പിന്തുണ നൽകി. അവസാന ഓവറുകളിൽ തകർത്തടിച്ച ഡേവിഡ് മില്ലറും (19 പന്തിൽ 28), അഷുതോഷ് ശർമ്മയും (18*) ചേർന്നാണ് ഡൽഹി സ്കോർ 200 കടത്തിയത്. അവസാന 5 ഓവറിൽ കൊൽക്കത്തയുടെ മോശം ഫീൽഡിംഗിന്‍റെ ആനുകൂല്യം മുതലെടുത്ത് 63 റൺസാണ് ഡൽഹി അടിച്ചെടുത്തത്.

രഹാനെയുടെ പോരാട്ടം

മറുപടി ബാറ്റിംഗിന് ഇറങ്ങിയ കൊൽക്കത്തയ്ക്ക് ക്യാപ്റ്റൻ അജിങ്ക്യ രഹാനെ മികച്ച തുടക്കം നൽകി. 39 പന്തിൽ 4 ഫോറും 4 സിക്സും അടക്കം 63 റൺസാണ് രഹാനെ അടിച്ചെടുത്തത്. എന്നാൽ 13-ാം ഓവറിൽ കുൽദീപ് യാദവ് തുടർച്ചയായ പന്തുകളിൽ രഹാനെയെയും റിങ്കു സിംഗിനെയും പുറത്താക്കിയതോടെ കൊൽക്കത്തയുടെ തകർച്ച തുടങ്ങി. തൊട്ടടുത്ത പന്തിൽ തേജ്വസി ദഹിയ നൽകിയ എളുപ്പമുള്ള ക്യാച്ച് വിക്കറ്റ് കീപ്പർ അഭിഷേക് പോറെൽ കൈവിട്ടതു കൊണ്ട് മാത്രമാണ് കുൽദീപിന് ഹാട്രിക് നഷ്ടമായത്.ഒരു ഘട്ടത്തിൽ 128/3 എന്ന ശക്തമായ നിലയിലായിരുന്ന കൊൽക്കത്തയ്ക്ക് അവസാന 7 വിക്കറ്റുകൾ വെറും 35 റൺസിനിടയിലാണ് നഷ്ടമായത്. ഇതോടെ മൂന്ന് വട്ട ചാമ്പ്യന്മാരായ കെ.കെ.ആർ തോൽവിയോടെ ഈ സീസൺ അവസാനിപ്പിച്ചു.

മിന്നിത്തിളങ്ങി ബോളിംഗ് നിര

ഡൽഹിക്കായി ലുംഗി എൻഗിഡി 27 റൺസ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തി. കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ വിക്കറ്റൊന്നും നേടാനാകാതിരുന്ന ചൈനാമാൻ ബൗളർ കുൽദീപ് യാദവ് 29 റൺസിന് 3 വിക്കറ്റ് വീഴ്ത്തി ശക്തമായ തിരിച്ചുവരവ് നടത്തി. മിച്ചൽ സ്റ്റാർക്കും അക്‌സര്‍ പട്ടേലും ഓരോ വിക്കറ്റ് വീതം നേടി ബോളിംഗ് നിരയിൽ തിളങ്ങി.

https://www.worldm.news/sports/rajasthan-royals-thrash--26232