IPL 2026: ഒന്നാം ക്വാളിഫയറിൽഗുജറാത്ത് ടൈറ്റൻസിനെതിരേ ആർസിബിയുടെ മികച്ച പോരാട്ടം

ധരംശാല: ഐപിഎൽ ഒന്നാം ക്വാളിഫയറിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ ടോസ് നേടിയ ഗുജറാത്ത് ടൈറ്റൻസ് ബൗളിങ് തെരഞ്ഞെടുത്തു. ടോസ് ഭാഗ്യം തുണച്ച ഗുജറാത്ത് നായകൻ ശുഭ്മാൻ ഗിൽ ആർസിബിയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഈ സീസണിൽ ധരംശാലയിൽ നടന്ന രണ്ട് രാത്രി മത്സരങ്ങളിലും രണ്ടാമത് ബാറ്റ് ചെയ്ത ടീമുകളാണ് വിജയിച്ചത് എന്ന ചരിത്രം കണക്കിലെടുത്താണ് ഗുജറാത്ത് ബൗളിങ് തെരഞ്ഞെടുത്തത്. കൂടാതെ ഇരുടീമുകളും തമ്മിൽ ഈ വർഷം ഏറ്റുമുട്ടിയ രണ്ട് മത്സരങ്ങളിലും റൺസ് പിന്തുടർന്നവർക്കായിരുന്നു വിജയം.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് ഭേദപ്പെട്ട തുടക്കമാണ് ലഭിച്ചത്. 15 ഓവറുകൾ പൂർത്തിയാകുമ്പോൾ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സ് നേടിയ ആർസിബി മികച്ച സ്കോറിലേക്ക് നീങ്ങുകയാണ്. പരിക്കിനെത്തുടർന്ന് വിശ്രമത്തിലായിരുന്ന പ്രമുഖ ഓപ്പണർ ഫിൽ സാൽറ്റ് ഇംഗ്ലണ്ടിൽ നിന്ന് തിരിച്ചെത്തിയെങ്കിലും പ്ലെയിങ് ഇലവനിലോ ബെഞ്ചിലോ ഇടംപിടിച്ചില്ല. സാൽറ്റിന്റെ അസാന്നിധ്യത്തിൽ വിരാട് കോഹ്ലിക്കൊപ്പം വെങ്കിടേഷ് അയ്യരാണ് ആർസിബിക്കായി ഇന്നിങ്സ് ഓപ്പൺ ചെയ്തത്.തുടക്കത്തില്‍ ആക്രമിച്ചു കളിച്ച വെങ്കിടേഷ് അയ്യർ കേവലം 7 പന്തിൽ 3 ഫോറും ഒരു സിക്സറുമടക്കം 19 റൺസെടുത്ത് കഗിസോ റബാഡയുടെ പന്തിൽ ശുഭ്മാൻ ഗില്ലിന് ക്യാച്ച് നൽകി പുറത്തായി. തുടർന്ന് ക്രീസിലെത്തിയ ദേവ്ദത്ത് പടിക്കലിനെ കൂട്ടുപിടിച്ച് വിരാട് കോഹ്ലി സ്കോർ മുന്നോട്ടുനയിച്ചു. 25 പന്തിൽ 5 ഫോറും ഒരു സിക്സറുമടക്കം 43 റൺസ് നേടിയ കോഹ്ലിയെ ജേസൺ ഹോൾഡറാണ് ക്ലീൻ ബൗൾഡാക്കിയത്. തൊട്ടുപിന്നാലെ 19 പന്തിൽ നിന്ന് 30 റൺസ് എടുത്ത ദേവ്ദത്ത് പടിക്കലിനെയും ഹോൾഡർ ജോസ് ബട്ലറുടെ കൈകളിൽ എത്തിച്ചു. പിന്നീട് നായകൻ രജത് പതിദാറും ക്രുണാൽ പാണ്ഡ്യയും ഇന്നിങ്സ് മികച്ച രീതിയില്‍ മുന്നോട്ടു നയിച്ചു. ഗുജറാത്തിനായി ജേസൺ ഹോൾഡർ രണ്ട് വിക്കറ്റും കഗിസോ റബാഡ ഒരു വിക്കറ്റും വീഴ്ത്തി.മത്സരത്തിനായി ആർസിബി നിരയിൽ കൗതുകകരമായ മാറ്റമാണ് വരുത്തിയത്. റൊമാരിയോ ഷെപ്പേർഡിന് പകരം ജേക്കബ് ഡഫിയെ അവർ ആദ്യ ഇലവനിൽ ഉൾപ്പെടുത്തി. ഇതോടെ മത്സരത്തിന്റെ സാഹചര്യം അനുസരിച്ച് ഷെപ്പേർഡിനെ ഇംപാക്ട് പ്ലെയറായി ഇറക്കാനോ, അതല്ലെങ്കിൽ ലെഗ് സ്പിന്നർ സുയാഷ് ശർമ്മയെ ബൗളിങ്ങിൽ ഉപയോഗിക്കാനോ ആർസിബിക്ക് സാധിക്കും.
മറുഭാഗത്ത് ഗുജറാത്ത് ടൈറ്റൻസ് ടീമിൽ അവസാന നിമിഷം ഒരു മാറ്റം വരുത്തി. ഏപ്രിൽ 9-ന് ശേഷം ആദ്യമായി കുൽവന്ത് ഖെജ്രോലിയ ടീമിലിടം നേടി. അർഷാദ് ഖാന് പകരമാണ് ഖെജ്രോലിയ എത്തിയത്. സ്പിന്നർമാർക്ക് വലിയ പിന്തുണ നൽകാത്ത ധരംശാലയിലെ പിച്ചിൽ പേസർമാരായ പ്രസീദ്ധ് കൃഷ്ണയും കുൽവന്ത് ഖെജ്രോലിയയും ഗുജറാത്തിന്റെ ആദ്യ ഇലവനിലുണ്ട്. റൺസ് പിന്തുടരുമ്പോൾ ഇവരിലൊരാൾക്ക് പകരം രാഹുൽ തെവാട്ടിയ ഇംപാക്ട് പ്ലെയറായി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ഇലവൻ: വിരാട് കോഹ്ലി, വെങ്കിടേഷ് അയ്യർ, ദേവ്ദത്ത് പടിക്കൽ, രജത് പതിദാർ (ക്യാപ്റ്റൻ), ജിതേഷ് ശർമ്മ, ടിം ഡേവിഡ്, ക്രുണാൽ പാണ്ഡ്യ, ജേക്കബ് ഡഫി, ഭുവനേശ്വർ കുമാർ, ജോഷ് ഹേസൽവുഡ്, രാസിഖ് സലാം.
ഗുജറാത്ത് ടൈറ്റൻസ് ഇലവൻ: ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), ബി സായ് സുദർശൻ, ജോസ് ബട്ലർ, വാഷിങ്ടൺ സുന്ദർ, ജേസൺ ഹോൾഡർ, നിശാന്ത് സിന്ധു, റാഷിദ് ഖാൻ, കുൽവന്ത് ഖെജ്രോലിയ, കഗിസോ റബാഡ, മുഹമ്മദ് സിറാജ്, എം പ്രസീദ്ധ് കൃഷ്ണ.