IPL 2026 : പ്ലേഓഫ് മത്സരക്രമവും വേദികളും അറിയാം

ഹൈദരാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗ് 2026 സീസൺ പ്ലേഓഫ് മത്സരങ്ങൾക്ക് വേദിയുണരുന്നു. തിങ്കളാഴ്ച്ച വാംഖഡെ സ്റ്റേഡിയത്തിൽ നടന്ന നിർണായക പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസിനെ 30 റൺസിന് പരാജയപ്പെടുത്തി രാജസ്ഥാൻ റോയൽസ് പ്ലേഓഫ് യോഗ്യത നേടുന്ന നാലാമത്തെ ടീമായി മാറി. ഇതോടെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്, പഞ്ചാബ് കിങ്സ് ടീമുകളുടെ പ്ലേഓഫ് പ്രതീക്ഷകൾ അവസാനിച്ചു. പോയിന്‍റ് പട്ടികയിൽ ആദ്യ രണ്ട് സ്ഥാനങ്ങളിലുള്ള ആർസിബിയും ഗുജറാത്ത് ടൈറ്റൻസും തമ്മിലാണ് ആദ്യ ക്വാളിഫയർ പോരാട്ടം. മേയ് 26 മുതൽ ആരംഭിക്കുന്ന പ്ലേഓഫിന്‍റെ പൂർണ്ണമായ മത്സരക്രമവും ആവേശകരമായ വേദികളും അറിയാം..
ഐപിഎൽ 2026 പോയിന്‍റ് പട്ടിക
നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ (RCB), ഗുജറാത്ത് ടൈറ്റൻസ് (GT), സൺറൈസേഴ്‌സ് ഹൈദരാബാദ് (SRH) എന്നീ ടീമുകൾ നേരത്തെ തന്നെ പ്ലേഓഫ് ഉറപ്പിച്ചിരുന്നു. ലീഗ് ഘട്ടം അവസാനിക്കുമ്പോൾ ആർസിബി ഒന്നാമതും, ഗുജറാത്ത് ടൈറ്റൻസ് രണ്ടാമതും, സൺറൈസേഴ്സ് ഹൈദരാബാദ് മൂന്നാമതും, രാജസ്ഥാൻ റോയൽസ് നാലാമതുമാണ്.
പ്ലേഓഫ് മത്സരഘടന
മേയ് 26 ചൊവ്വാഴ്ച നടക്കുന്ന ക്വാളിഫയർ 1-ൽ ഒന്നാം സ്ഥാനക്കാരായ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും രണ്ടാം സ്ഥാനക്കാരായ ഗുജറാത്ത് ടൈറ്റൻസും തമ്മില്‍ ഏറ്റുമുട്ടും. ഇതിൽ ജയിക്കുന്നവർ നേരിട്ട് ഫൈനലിലേക്ക് യോഗ്യത നേടും. തോൽക്കുന്ന ടീമിന് ക്വാളിഫയർ 2-ലൂടെ ഫൈനലിലെത്താൻ ഒരു അവസരം കൂടി ലഭിക്കും. മൂന്നും നാലും സ്ഥാനക്കാരായ സൺറൈസേഴ്‌സ് ഹൈദരാബാദും രാജസ്ഥാൻ റോയൽസും തമ്മിലുള്ള എലിമിനേറ്റർ മത്സരത്തിലെ വിജയികളാകും ക്വാളിഫയർ 2-ൽ ആദ്യ മത്സരത്തിൽ തോറ്റവരുമായി ഏറ്റുമുട്ടുക.
മത്സരക്രമവും വേദികളും (മത്സരങ്ങളെല്ലാം ഇന്ത്യൻ സമയം രാത്രി 7:30-ന്)
- ക്വാളിഫയർ 1 (മേയ് 26): റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ vs ഗുജറാത്ത് ടൈറ്റൻസ് (വേദി: എച്ച്.പി.സി.എ സ്റ്റേഡിയം, ധർമ്മശാല)
- എലിമിനേറ്റർ (മേയ് 27): സൺറൈസേഴ്‌സ് ഹൈദരാബാദ് vs രാജസ്ഥാൻ റോയൽസ് (വേദി: മഹാരാജ യാദവീന്ദ്ര സിംഗ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയം, ന്യൂ ചണ്ഡിഗഡ്)
- ക്വാളിഫയർ 2 (മേയ് 29): ക്വാളിഫയർ 1-ൽ തോറ്റവർ vs എലിമിനേറ്ററിലെ വിജയികൾ (വേദി: ന്യൂ ചണ്ഡിഗഡ്)
- ഫൈനൽ (മേയ് 31): ക്വാളിഫയർ 1-ലെ വിജയികൾ vs ക്വാളിഫയർ 2-ലെ വിജയികൾ (വേദി: നരേന്ദ്ര മോദി സ്റ്റേഡിയം, അഹമ്മദാബാദ്).