ഫിഫ ലോകകപ്പ് പടിവാതിൽക്കൽ നിൽക്കെ നെയ്‌മറിനു വീണ്ടും പരിക്ക്

മുംബൈ : ഫിഫ ലോകകപ്പിൽ ബ്രസീലിന്‍റെ ആദ്യ മത്സരത്തിന് ഒരു മാസം മാത്രം ബാക്കിനിൽക്കെ നെയ്‌മറിന് വീണ്ടും പരിക്ക്. ഇതേ തുടർന്ന് ഇന്നലെ നടന്ന സാൻ ലോറെൻസോയ്‌ക്കെതിരായ സാന്‍റോസിന്‍റെ ഹോം മത്സരത്തിൽ 34 കാരനായ നെയ്‌മര്‍ കളിച്ചില്ല. താരത്തിന് കാൽവണ്ണയ്ക്കാണ് പരിക്കേറ്റിരിക്കുന്നത്. എന്നാൽ പരിക്ക് ഗുരുതരമല്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹത്തിന്‍റെ ക്ലബ്ബായ സാന്‍റോസ് വ്യക്തമാക്കി.
മെയ് 27 ന് നടക്കുന്ന ബ്രസീലിന്‍റെ ആദ്യ ലോകകപ്പ് പരിശീലന ക്യാമ്പിൽ പങ്കെടുക്കാൻ നെയ്‌മർ പൂർണ്ണ ഫിറ്റ്‌നസ് വീണ്ടെടുക്കുമെന്ന് സാന്‍റോസ് ടീം ഡോക്ടർ റോഡ്രിഗോ സൊഗൈബ് അറിയിച്ചു. അടുത്ത ചൊവ്വാഴ്‌ച ഡിപോർട്ടീവോ കുയെങ്കയ്‌ക്കെതിരായ മത്സരത്തിൽ നെയ്‌മര്‍ കളിക്കാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.2023 ഒക്ടോബറിൽ ഉറുഗ്വേയ്‌ക്കെതിരായ മത്സരത്തിനിടെയേറ്റ ഗുരുതരമായ മുട്ട് പരിക്കിന് ശേഷം നെയ്‌മര്‍ ഏറെക്കാലം അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. കഴിഞ്ഞ വർഷം ജനുവരിയിൽ തന്‍റെ പഴയ ക്ലബ്ബായ സാന്‍റോസിലേക്ക് തിരിച്ചെത്തിയ ശേഷം 38 മത്സരങ്ങളിൽ നിന്ന് 17 ഗോളുകൾ മാത്രമാണ് നെയ്‌മറിനു നേടാനായത്. എന്നാൽ സമീപകാല ഫോം നോക്കിയല്ല, അദ്ദേഹത്തിന്‍റെ പരിചയസമ്പത്തും ടീമിലുള്ള സ്വാധീനവും കണക്കിലെടുത്താണ് കോച്ച് കാർലോ ആൻസലോട്ടി താരത്തെ 26 അംഗ ലോകകപ്പ് സ്ക്വാഡിൽ ഉൾപ്പെടുത്തിയത്. നെയ്‌മറുടെ ശാരീരികക്ഷമത മാത്രമായിരുന്നു പ്രശ്നമെന്നും ലോകകപ്പിന് മുൻപ് അദ്ദേഹം പൂർണ്ണ സജ്ജനാകുമെന്നും ആൻസലോട്ടി വ്യക്തമാക്കിയിട്ടുണ്ട്.
നെയ്‌മറുടെ കരിയറിലെ നാലാമത്തെ ലോകകപ്പാണിത്. ഇതോടെ ബ്രസീലിനായി ഏറ്റവും കൂടുതൽ ലോകകപ്പ് കളിക്കുന്ന പെലെ, കഫു, റൊണാൾഡോ എന്നിവരടങ്ങുന്ന ഇതിഹാസ താരങ്ങളുടെ നിരയ്‌ക്കൊപ്പം നെയ്‌മറും എത്തും. കൂടാതെ നാല് ലോകകപ്പുകളിൽ ബ്രസീലിന്‍റെ പത്താം നമ്പർ ജേഴ്‌സി അണിയുന്ന രണ്ടാമത്തെ താരം എന്ന റെക്കോർഡും നെയ്‌മറിനു സ്വന്തമാക്കാം