FIFA WORLD CUP2026: നാല് മണിക്കൂർ നീണ്ട മത്സരത്തിൽ ഫ്രാൻസിനെ 3-0 ന് വിജയിപ്പിച്ച് എംബാപ്പെ
ഫിഫ ലോകകപ്പ് ഗ്രൂപ്പ് 'ഐ'യിൽ നടന്ന ആവേശകരമായ മത്സരങ്ങളിൽ വമ്പൻ ജയത്തോടെ ഫ്രാൻസും നോർവേയും പ്രീ-ക്വാർട്ടർ യോഗ്യത നേടി. സൂപ്പർ താരം കിലിയൻ എംബാപ്പെ ഇരട്ട ഗോളുകളുമായി തിളങ്ങിയ മത്സരത്തിൽ ഇറാഖിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ഫ്രാൻസ് തകർത്തത്. മറ്റൊരു മത്സരത്തിൽ സ്റ്റാർ സ്ട്രൈക്കർ എർലിങ് ഹാലൻഡിന്റെ ഇരട്ട ഗോൾ കരുത്തിൽ നോർവേ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് സെനഗലിനെ പരാജയപ്പെടുത്തി നോക്കൗട്ട് ഉറപ്പിച്ചു.
തന്റെ നൂറാം അന്താരാഷ്ട്ര മത്സരത്തിനിറങ്ങിയ ക്യാപ്റ്റൻ കിലിയൻ എംബാപ്പെയുടെ തകർപ്പൻ പ്രകടനമാണ് ഫ്രാൻസിന് എളുപ്പമുള്ള വിജയം സമ്മാനിച്ചത്. മത്സരത്തിന്റെ 14-ാം മിനിറ്റിൽ മൈക്കൽ ഒലീസെയുടെ പാസിൽ നിന്ന് എംബാപ്പെ ഫ്രാൻസിനെ മുന്നിലെത്തിച്ചു. പിന്നീട് ഇറാഖ് ഗോൾകീപ്പറും ഡിഫൻഡറും വരുത്തിയ പിഴവ് മുതലെടുത്ത് ഉസ്മാനെ ഡെംബെലെ നൽകിയ പാസ് സ്വീകരിച്ച് എംബാപ്പെ രണ്ടാം ഗോളും നേടി.
ഈ രണ്ട് ഗോളുകളോടെ ലോകകപ്പിൽ ഏറ്റവും കൂടുതൽ മത്സരങ്ങളിൽ ഒന്നിലധികം ഗോളുകൾ നേടുന്ന താരം എന്ന റെക്കോർഡ് എംബാപ്പെ സ്വന്തമാക്കി. കൂടാതെ ലോകകപ്പിലെ തന്റെ ആകെ ഗോൾ നേട്ടം 16 ആയി ഉയർത്തിയ എംബാപ്പെ, മിറോസ്ലാവ് ക്ലോസെയ്ക്കൊപ്പം എക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരിൽ രണ്ടാം സ്ഥാനത്തെത്തി. 18 ഗോളുകളുള്ള ലയണൽ മെസ്സി മാത്രമാണ് ഇനി എംബാപ്പെയ്ക്ക് മുന്നിലുള്ളത്. മത്സരത്തിന്റെ മൂന്നാം ഗോൾ ഒലീസെയുടെ അസിസ്റ്റിൽ നിന്ന് ഡെംബെലെയാണ് സ്വന്തമാക്കിയത്.

സെനഗലിനെ വീഴ്ത്തി നോർവേ; ഗോൾ വേട്ട തുടർന്ന് ഹാലൻഡ്
ന്യൂജേഴ്സി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആഫ്രിക്കൻ കരുത്തരായ സെനഗലിനെതിരെ കഠിനമായ പോരാട്ടത്തിനൊടുവിലാണ് നോർവേ വിജയം പിടിച്ചെടുത്തത്. 43-ാം മിനിറ്റിൽ പെഡേഴ്സണിലൂടെ നോർവേയാണ് ആദ്യം മുന്നിലെത്തിയത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ മാർട്ടിൻ ഒഡെഗാർഡിന്റെ പാസിൽ നിന്ന് ഹാലൻഡ് നോർവേയുടെ രണ്ടാം ഗോൾ നേടി.53-ാം മിനിറ്റിൽ ഇസ്മായില സാറിലൂടെ സെനഗൽ ഒരു ഗോൾ തിരിച്ചടിച്ചെങ്കിലും, 58-ാം മിനിറ്റിൽ ഹാലൻഡ് വീണ്ടും വലകുലുക്കി നോർവേയുടെ ലീഡ് ഉയർത്തി. മത്സരത്തിന്റെ ഇൻജുറി ടൈമിൽ സാർ സെനഗലിനായി വീണ്ടും ഗോളടിച്ചെങ്കിലും നോർവേയുടെ വിജയം തടയാനായില്ല. ഈ പ്രകടനത്തോടെ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ രണ്ട് മത്സരങ്ങളിലും ഒന്നിലധികം ഗോളുകൾ നേടുന്ന താരമെന്ന റെക്കോർഡ് ഹാലൻഡ് സ്വന്തമാക്കി.ഈ വിജയങ്ങളോടെ ഗ്രൂപ്പിലെ അവസാന മത്സര ഫലങ്ങൾ എന്തുതന്നെയായാലും ഫ്രാൻസും നോർവേയും അടുത്ത റൗണ്ടിലേക്ക് യോഗ്യത ഉറപ്പാക്കി കഴിഞ്ഞു. ഗോൾഡൻ ബൂട്ടിനായുള്ള മെസ്സി, എംബാപ്പെ, ഹാലൻഡ് എന്നിവരുടെ പോരാട്ടം വരും മത്സരങ്ങളിൽ കൂടുതൽ ആവേശകരമാകും.

