ലോകകപ്പിൽ റെക്കോർഡുകൾ തകർത്ത് ചരിത്ര കുതിപ്പോടെ ലയണൽ മെസി

ലോകകപ്പിൽ റെക്കോർഡുകൾ തകർത്ത് ചരിത്ര കുതിപ്പോടെ ലയണൽ മെസി

മിയാമി : ഫുട്ബോൾ ലോകകപ്പ് ചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർത്ത് അർജന്റീന സൂപ്പർ താരം ലയണൽ മെസി. ലോകകപ്പ് ചരിത്രത്തിൽ 20 ഗോളുകൾ തികയ്ക്കുന്ന ആദ്യ താരമെന്ന സുവർണ്ണ നേട്ടം മെസി സ്വന്തമാക്കി. കാബോ വെർദെയ്‌ക്കെതിരായ മത്സരത്തിൽ ഗോൾ നേടിയതോടെയാണ് താരം ഈ ചരിത്രനേട്ടത്തിൽ എത്തിയത്. ഇതോടെ ടൂർണമെന്റിൽ ഏഴ് ഗോളുകളുമായി ഗോൾഡൻ ബൂട്ട് പോരാട്ടത്തിൽ മെസി ഒന്നാമതെത്തി. ആറ് ഗോളുകളുമായി ഫ്രാൻസിന്റെ കിലിയൻ എംബാപ്പെയാണ് തൊട്ടുപിന്നിലുള്ളത്.മെസിക്ക് പിന്നാലെ ഹാരി കെയ്‌നും എർലിങ് ഹാളണ്ടും അഞ്ച് ഗോളുകളുമായി ശക്തമായ പോരാട്ടത്തിലാണ്. ഒസ്മാൻ ഡെംബലെ, വിനീഷ്യസ് ജൂനിയർ, ഇസ്മയില സാർ എന്നിവർ നാല് ഗോളുകൾ വീതം നേടി ഗോൾ വേട്ടക്കാരുടെ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.ലോകകപ്പ് ചരിത്രത്തിൽ തുടർച്ചയായ എട്ടു മത്സരങ്ങളിൽ ഗോൾ നേടുന്ന ആദ്യ താരമെന്ന റെക്കോർഡും മെസിയുടെ പേരിലായി. കൂടാതെ, തുടർച്ചയായ അഞ്ച് നോക്കൗട്ട് മത്സരങ്ങളിൽ ഗോൾ നേടുന്ന താരമെന്ന നിലയിൽ 1962-ൽ ബ്രസീലിന്റെ വാവ സ്ഥാപിച്ച ചരിത്രനേട്ടത്തിനൊപ്പമെത്താനും 39-കാരനായ മെസിക്ക് സാധിച്ചു. കഴിഞ്ഞ ലോകകപ്പിലെ ഓസ്‌ട്രേലിയക്കെതിരായ പ്രകടനത്തിൽ തുടങ്ങി ഇന്നത്തെ മത്സരം വരെ നീളുന്നതാണ്  മെസിയുടെ ഈ ഗോൾവേട്ട.