'പ്രസവാനന്തരം' : കവിത
കണ്ണിറത്തുമ്പിലെ നനഞ്ഞപീലികൾ
ആർത്തലച്ചൊഴിഞ്ഞൊരു മഴത്തോർച്ചയോർമ്മിപ്പിച്ചു.
ഇലപ്പടർപ്പുകളിൽ നിന്നിറ്റിയ
അവസാന നനവെന്നപോലെ...!
വിങ്ങി വിങ്ങി കടച്ചിൽകനത്ത
തൊണ്ടയടഞ്ഞുപോയിരുന്നു.
മനസ്സിലാക്കാനൊരു പൂച്ചക്കുഞ്ഞുമില്ലായിരുന്നു
ഒന്നുമറിയാതെവിരലുണ്ണുന്ന കുഞ്ഞിനെനോക്കുമ്പോൾ
എങ്ങുന്നില്ലാത്തൊരു ദേഷ്യം കേറിവരും.
കയ്യിളക്കിക്കരയുന്നയതിനെയെടുക്കാതെ
കൊഞ്ചിക്കാതെ
കൈകാലുകൾ നിലത്തുറഞ്ഞ് ശിലപോലെ-
യിരുന്നതോർമ്മയുണ്ട്.
ഉറക്കമില്ലാ രാവുകളെപ്പോഴും
പല്ലിളിക്കുന്ന
പിശാചിനെപ്പോലെ.
ഉൾവേദനയുടെ
കടുത്തയാലസ്യത്തിൽ തലപൊങ്ങാതെ ശരീരം.
വിശക്കുമ്പോളല്ലാതെയും
അമ്മച്ചൂടിന് ചെരിഞ്ഞുചെരിഞ്ഞുവരുന്ന കുഞ്ഞുദേഹം
വാപൊളിക്കുമ്പോൾ എടുത്തെറിഞ്ഞ്കളയാൻ
തലയ്ക്കുള്ളിൽ അബോധത്തിന്റെ ആക്രമണത്വര!
ഇപ്പോൾ നിവർത്തിപ്പിടിച്ച കൈക്കുള്ളിൽ
ഒരുകുഞ്ഞുപിടപ്പ് ഒടുങ്ങിയിരിക്കുന്നു.
കാതിൽ പിഞ്ചുകരച്ചിലും ഞാനും മാത്രമെന്നോർമ്മിക്കുന്നു.
ഇരുകൈകളാലും കണ്ണുപൊത്തിയിരുന്നു
എപ്പോഴോ എഴുന്നേറ്റൊരു കുരുക്കിട്ടയോർമ്മ
ആരുമറിഞ്ഞിട്ടില്ല
അറിഞ്ഞുവരുമ്പോൾ
ഞങ്ങളവരെ പൊന്നുപോലെ നോക്കിയതാ
അപലക്ഷണംകെട്ട
പെണ്ണിന്റെയഹമ്മതിയെന്ന് കഥകൾ പിറക്കുകയായി,
ചിരിവരുന്നുണ്ടെനിക്ക്...
സങ്കടങ്ങളെന്നും മുടക്കമില്ലാതെ
ഹാജർ രേഖപ്പെടുത്തുമ്പോൾ
പിന്നെയെൻ്റെ ചിരികളൊക്കെ
അവധിയിലായിരുന്നല്ലോ!