വിവർത്തന സാഹിത്യത്തിലെ വിശ്രുത എഴുത്തുകാരി ലീലാസർക്കാറിനെ ആദരിക്കുന്നു

വിവർത്തന സാഹിത്യത്തിലെ വിശ്രുത എഴുത്തുകാരി ലീലാസർക്കാറിനെ ആദരിക്കുന്നു

മുംബൈ:  വിവർത്തന സാഹിത്യത്തിലെ വിശ്രുത എഴുത്തുകാരിയും മലയാളിയുമായ  ലീലാസർക്കാറിനെ സാഹിത്യ രംഗത്തെ സമഗ്ര സംഭാവനയ്ക്ക് ,നെരൂൾ -ന്യൂ ബോംബെ കേരളീയ സമാജം ആദരിക്കുന്നു .ജൂൺ 14, ഞായറാഴ്ച വൈകിട്ട് 5.00 മണിക്ക് നെരൂൾ സമാജം ഹാളിൽ നടക്കുന്ന ചടങ്ങുകൾ നോവലിസ്റ്റ് ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.

ന്യൂ ബോംബെ കേരളീയ സമാജം പ്രസിഡന്‍റ് കെ.എ. കുറുപ്പ് അധ്യക്ഷം വഹിക്കുന്നചടങ്ങിൽ  കേരളസാഹിത്യ അക്കാദമി അവാർഡ് ജേതാവ് എസ് .ഹരീഷ് 'മലയാള സാഹിത്യത്തിന് പരിഭാഷയുടെ സംഭാവന' എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തും.ലീല സർക്കാറിന്‍റെ വിവർത്തന കൃതികളെ  സാഹിത്യകാരൻ സി.പി. കൃഷ്ണകുമാർ  സദസ്സിന് പരിചയപ്പെടുത്തും.പ്രമുഖ പത്രപ്രവർത്തകൻ എൻ. ശ്രീജിത്ത് ആശംസകൾ നേർന്നുകൊണ്ട് സംസാരിക്കും.

ബംഗാളി സാഹിത്യത്തിലെ ക്ലാസ്സിക് രചനകൾ മലയാളത്തിലും എം.ടി.യുടെ 'വാനപ്രസ്ഥം', വൈക്കം മുഹമ്മദ് ബഷീറിൻ്റെ  'മതിലുകള്‍'എന്നിവയടക്കം പ്രശസ്‌ത കൃതികൾ ബംഗാളി ഭാഷയിലേക്കും വിവർത്തനം  ചെയ്തിട്ടുള്ള ലീലാസർക്കാർ  തൻ്റെ  92-ാമത്തെ വയസ്സിലും എഴുത്ത് തുടരുകയാണ്.ഏകദേശം നൂറ്റിയഞ്ചോളം പുസ്‌തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.  കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം (1993 'ആരണ്യത്തിന്റെ അധികാരം') കേരള സാഹിത്യ പുരസ്‌കാരം (2000 'മാനസ വസുധ') എം.എന്‍. സത്യാര്‍ഥി എം.എന്‍. സത്യാര്‍ഥി ട്രസ്റ്റിന്റെ പുരസ്‌കാരം, സി.പി. മേനോന്‍ സ്മാരക പുരസ്‌കാരം, ബംഗാളി-മലയാളം നിഘണ്ടുവിനുള്ള ഭാഷാജ്ഞാന പുരസ്‌കാരം, ഭാരത് ഭവന്റെ 2014ലെ  'വിവര്‍ത്തകരത്നം' പുരസ്‌കാരം തുടങ്ങിയ നിരവധി  പുരസ്‌കാരങ്ങള്‍  ലഭിച്ചിട്ടുണ്ട് .

തൃശൂർ കൊടകരയിലെ  ഡോ.കെ.കെ.മേനോൻ്റെയും ഇരിങ്ങാലക്കുട തൊട്ടിപ്പാളിലെ മലയാറ്റിൽ വീട്ടിൽ അമ്മിണിയമ്മയുടെയും മകളായി സിങ്കപ്പൂരിലാണ് ലീലസർക്കാർ  ജനിച്ചത്. രണ്ടാം ലോകമഹായുദ്ധം തുടങ്ങിയപ്പോൾ  കുടുംബം നാട്ടിലേക്കു മടങ്ങി. തൃശൂർ സെന്റ്‌ മേരീസ്‌ കോളജിലും എറണാകുളം മഹാരാജാസ്‌ കോളജിലും പഠിച്ച്‌  ബിരുദാനന്തര ബിരുദവുമായി മുംബൈയിലെത്തി .ഭർത്താവ് പരേതനായ  ദീപേഷ് സർക്കാർ. മകൻ അനൂപ്‌സർക്കാർ കുടുംബസമേതം വിദേശത്താണ്.