ദേശീയ ചലച്ചിത്ര പുരസ്‌കാര തിളക്കത്തിൽ വൈക്കം വിജയലക്ഷ്‌മി

 ദേശീയ ചലച്ചിത്ര പുരസ്‌കാര തിളക്കത്തിൽ വൈക്കം വിജയലക്ഷ്‌മി

മുംബൈ: 72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തിൽ മലയാളത്തിന് വീണ്ടും അഭിമാന നിമിഷം. മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം വൈക്കം വിജയലക്ഷ്മി സ്വന്തമാക്കി. 'അജയന്‍റെ രണ്ടാം മോഷണം' എന്ന ചിത്രത്തിലെ 'അങ്ങ് വാന കോണില്' എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചതിനാണ് വൈക്കം വിജയ ലക്ഷ്മിയ പുരസ്‌കാരത്തിന് അര്‍ഹമാക്കിയത്.

ഹൃദയസ്പർശിയായ ആലാപനവും വ്യത്യസ്തമായ ശബ്ദഭംഗിയും സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കിയ ഈ ഗാനം ദീബു നൈനാൻ തോമസിന്‍റെ സംഗീത സംവിധാനത്തിലാണ് പിറന്നത്. 

ദീബു നൈനാൻ തോമസ് 

"അങ്ങ് വാന കോണിൽ ..."എന്ന ഗാനം ഒരുപാട് നാളുകൾക്കുശേഷം വരികൾക്കനുസരിച്ച് ട്യൂൺ ചെയ്‌ത ഗാനമാണ്. ഇപ്പോൾ സാധാരണയായി ട്യൂണിന് അനുസരിച്ചാണ് വരികൾ എഴുതുക. സിനിമയുടെ ഡയറക്‌ടർ ജിതിൻ ലാലും ഗാനരചയിതാവ് മനു മഞ്ജിത്തും അജയൻ്റെ രണ്ടാം മോഷണം എന്ന സിനിമയുടെ സംഗീതവുമായി ബന്ധപ്പെട്ട് എന്നെ കാണാൻ ചെന്നൈയിലേക്ക് വന്നപ്പോൾ ഈ ഗാനത്തിൻ്റെ വരികൾ അവരുടെ പക്കൽ ഉണ്ടായിരുന്നു. കുട്ടികൾക്ക് വേണ്ടിയുള്ള താരാട്ട് പാട്ട് പോലെ ഈ വരികൾക്ക് ട്യൂൺ ചെയ്യണമെന്നാണ് അവരുടെ ആദ്യ ആവശ്യം. വരികൾ വായിച്ചപ്പോഴും സിനിമയുടെ കഥ ഉൾക്കൊണ്ടപ്പോഴും ഈ ഗാനത്തിന് പിന്നിലെ സാധ്യത ഞാൻ മനസ്സിലാക്കി. ഈ ഗാനത്തിന് രണ്ട് സ്വഭാവമാണ്. ആദ്യപകുതിയിൽ ഇതൊരു നല്ല താരാട്ട്. രണ്ടാം പകുതിയിൽ നായകന് നൽകുന്ന ഊർജം. താരാട്ടിലൂടെ സ്നേഹം പകർന്നു കൊടുക്കുകയും അതുവഴി നായകന് ലക്ഷ്യം നേടാൻ പ്രേരിപ്പിക്കുകയും ഈ ഗാനംചെയ്യുന്നുണ്ട്. നേടാനുള്ളത് നേട് ഈ ലോകം നിനക്കൊപ്പം ഉണ്ട് എന്ന ആശയത്തിലാണ് പാട്ട് അവസാനിക്കുന്നത്. താരാട്ടും മോട്ടിവേഷനും ഒരുമിച്ച് വരുമ്പോൾ ഒരുപാട് പേർക്ക് ആ ഗാനം കണക്‌ടായി",.. ദീബു പ്രതികരിച്ചു.

ആലാപനത്തിൻ്റെ  വ്യത്യസ്തതകൊണ്ട് ഹൃദയം കീഴടക്കിയ ഗായിക 

നാടൻ സംഗീതത്തിന്‍റെ മാധുര്യവും ശാസ്ത്രീയ സംഗീതത്തിന്റെ ചാരുതയും സമന്വയിപ്പിക്കുന്ന ആലാപനശൈലിയിലൂടെ ശ്രദ്ധ നേടിയ വൈക്കം വിജയലക്ഷ്മി മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക് ഉൾപ്പെടെയുള്ള ഭാഷകളിലും നിരവധി ശ്രദ്ധേയ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ഓരോ ഗാനത്തിലും വികാരങ്ങൾ അതിന്റെ തീവ്രതയിൽ പ്രേക്ഷകരിലേക്കെത്തിക്കുന്ന കഴിവാണ് താരത്തെ വേറിട്ടുനിർത്തുന്നത്.കാഴ്ചപരിമിതികളെ അതിജീവിച്ച് സ്വന്തം പ്രതിഭയിലൂടെ ഇന്ത്യൻ സംഗീതലോകത്ത് വ്യക്തിമുദ്ര പതിപ്പിച്ച കലാകാരിയാണ് വൈക്കം വിജയലക്ഷ്മി. ആത്മവിശ്വാസവും അർപ്പണബോധവും കൊണ്ട് സംഗീതരംഗത്ത് ഉയർന്നുവന്ന അവർ നിരവധി യുവകലാകാരന്മാർക്ക് പ്രചോദനമാണ്. ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിലെ ഈ അംഗീകാരം അവരുടെ വർഷങ്ങളായുള്ള സംഗീതസാധനയ്ക്ക് ലഭിച്ച വലിയ അംഗീകാരമായാണ് വിലയിരുത്തപ്പെടുന്നത്.

അപ്രതീക്ഷിതമായി എത്തിയ ഈ ദേശീയ പുരസ്കാര നേട്ടത്തിൽ ഏറെ സന്തോഷമുണ്ടെന്നും പഞ്ഞ കർക്കടക മാസത്തിൽ ഇരട്ടി മധുരം ലഭിച്ചതുപോലെയാണ് ഈ അംഗീകാരമെന്നും വിജയലക്ഷ്മിപറഞ്ഞു .

"പാട്ട് പുറത്തിറങ്ങിയ നാൾ മുതൽ പത്രമാധ്യമങ്ങളിലൂടെയും അല്ലാതെയും വലിയ അഭിനന്ദനങ്ങളാണ് ലഭിച്ചത്. കേരളത്തിന് പുറമെ തമിഴ്നാട്ടിലും മറ്റ് ഇതര സംസ്ഥാനങ്ങളിലെ വേദികളിലും ഈ ഗാനം ആലപിക്കാൻ സാധിച്ചു. അത്രയധികം പ്രശംസകളാണ് ഗാനത്തിന് ലഭിച്ചതെന്നും ആരൊക്കെയാണ് നല്ലത് പറഞ്ഞതെന്ന് ഓർത്തെടുക്കാൻ പോലും സാധിക്കാത്ത അത്രയും വലിയ സ്വീകരണമാണ് ആസ്വാദകർ നൽകിയത്", അവർ കൂട്ടിച്ചേർത്തു.


പുരസ്‌ക്കാരത്തിന് അർഹമായ ഗാനത്തിൻ്റെ ലിങ്ക് :