തദ്ദേശ തെരഞ്ഞെടുപ്പ് : കേരളത്തിൽ 92 ലക്ഷം വോട്ടർമാർ വിധിയെഴുതി. പോളിംഗിൽ ഇടിവ്

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൻ്റെ ആദ്യഘട്ട വോട്ടെടുപ്പ് കേരളത്തിൽ പൂർത്തിയായി. ഏഴ് ജില്ലകളിലായി നടന്ന വോട്ടെടുപ്പിൽ 92 ലക്ഷത്തോളം വോട്ടർമാർ തങ്ങളുടെ സമ്മതിദാന അവകാശം വിനിയോഗിച്ചപ്പോൾ 69.70 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. 2020ലെ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ എറണാകുളം ഒഴികെയുള്ള ജില്ലകളിൽ പോളിങ് ശതമാനത്തിൽ കാര്യമായ കുറവ് രേഖപ്പെടുത്തിയത് മുന്നണികളെ ആശങ്കയിലാക്കിയിട്ടുണ്ട്.
കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലെ കണക്കുകൾ പരിശോധിക്കുമ്പോൾ ഇത്തവണ വോട്ടെടുപ്പിൽ വലിയൊരു ഇടിവാണ് സംഭവിച്ചിരിക്കുന്നത്. എറണാകുളം ജില്ലയിൽ മാത്രമാണ് നേരിയ വർധന രേഖപ്പെടുത്തിയത്. 2015ൽ 78.5 ശതമാനവും 2020ൽ 72.9 ശതമാനവുമായിരുന്ന പോളിങ് ഇത്തവണ 0.19 ശതമാനത്തിൻ്റെ വർധനയോടെ 73.09 ശതമാനമായി ഉയർന്നു. ഇതോടെ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയ ജില്ലയായി എറണാകുളം മാറി. ഏറ്റവും വലിയ തിരിച്ചടി നേരിട്ടത് ഇടുക്കിയിലാണ്. 2020ൽ 76.5 ശതമാനം രേഖപ്പെടുത്തിയ ജില്ലയിൽ ഇത്തവണ 6.62 ശതമാനം കുറഞ്ഞ് 69.88 ശതമാനം മാത്രമാണ് പോളിങ്. കോട്ടയത്ത് 2020ലെ 73.9 ശതമാനത്തിൽ നിന്ന് 4.47 ശതമാനം കുറഞ്ഞ് 69.43 ശതമാനമായി.പത്തനംതിട്ടയിൽ 69.8 ശതമാനത്തിൽ നിന്ന് 4.04 ശതമാനം കുറഞ്ഞ് 65.76 ശതമാനത്തിലേക്ക് താഴ്ന്നു. ഇവിടെ സ്ത്രീകളേക്കാൾ കൂടുതൽ പുരുഷന്മാരാണ് വോട്ട് ചെയ്തത്. പുരുഷന്മാരുടെ പോളിങ് 61.65 ശതമാനവും സ്ത്രീകളുടേത് 60.64 ശതമാനവുമാണ്. ആലപ്പുഴയിൽ 76.1 ശതമാനത്തിൽ നിന്ന് 3.6 ശതമാനം കുറഞ്ഞ് 72.50 ശതമാനത്തിലേക്ക് പോളിങ് എത്തി. തിരുവനന്തപുരത്ത് 2020ൽ 68.9 ശതമാനമുണ്ടായിരുന്നത് 3.25 ശതമാനം കുറഞ്ഞ് 65.65 ശതമാനമായി. കൊല്ലത്ത് 71.8 ശതമാനത്തിൽ നിന്ന് 2.8 ശതമാനം കുറഞ്ഞ് 69.00 ശതമാനത്തിലേക്കും എത്തി.
ഭരണനേട്ടങ്ങളും കോട്ടങ്ങളുമോടോപ്പം നടി ആക്രമിക്കപ്പെട്ട കേസ്, ശബരിമല സ്വർണക്കൊള്ള
വോട്ടെടുപ്പ് ദിനത്തിൽ വികസന ചർച്ചകൾക്കൊപ്പം നടി ആക്രമിക്കപ്പെട്ട കേസ്, ശബരിമല വിഷയം തുടങ്ങിയ വിവാദങ്ങളും സജീവമായിരുന്നു. നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന് അനുകൂലമായ വിധിയിൽ സന്തോഷമുണ്ടെന്നും സർക്കാർ അപ്പീൽ പോകുന്നത് എന്തിനാണെന്നും യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് ചോദിച്ചത് വലിയ വിവാദമായി. ഇത് യുഡിഎഫിനെ വെട്ടിലാക്കിയതോടെ കോൺഗ്രസ് നേതാക്കളായ സണ്ണി ജോസഫ്, രമേശ് ചെന്നിത്തല, വിഎം സുധീരൻ എന്നിവർ പാർട്ടി അതിജീവിതയ്ക്കൊപ്പമാണെന്ന് തിരുത്തി. മന്ത്രി വീണാ ജോർജ് അടക്കമുള്ള എൽഡിഎഫ് നേതാക്കൾ ഇതിനെ കോൺഗ്രസിൻ്റെ സ്ത്രീവിരുദ്ധത എന്ന് വിശേഷിപ്പിച്ചു. തുടർന്ന് തൻ്റെ വാക്കുകൾ മാധ്യമങ്ങൾ വളച്ചൊടിച്ചതാണെന്നും അതിജീവിതയ്ക്കൊപ്പമാണ് താനെന്നും വ്യക്തമാക്കി അടൂർ പ്രകാശ് മലക്കം മറിഞ്ഞു.
സർക്കാർ അതിജീവിതയ്ക്കൊപ്പമാണെന്നും അപ്പീൽ നൽകുന്നതിൽ നിയമോപദേശം തേടി തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. സർക്കാർ വിരുദ്ധ വികാരം ഇല്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. കേസിൽ വിധി വന്ന പശ്ചാത്തലത്തിൽ താൻ അതിജീവിതയ്ക്കൊപ്പമാണെന്ന് ശശി തരൂർ എംപിയും വികാരഭരിതനായി നടൻ ലാലും പ്രതികരിച്ചു. പ്രതികൾ ശിക്ഷിക്കപ്പെട്ടതിൽ സന്തോഷമുണ്ടെന്നും എന്നാൽ ഗൂഢാലോചന തെളിയാത്തതിൽ ആശങ്കയുണ്ടെന്നും ലാൽ പറഞ്ഞു. തൻ്റെ വാർഡിൽ എൻഡിഎ സ്ഥാനാർഥി ഇല്ലാത്തതിനാലും നോട്ട (NOTA) ഇല്ലാത്തതിനാലും തെരഞ്ഞെടുപ്പ് സമ്പ്രദായത്തെ പിസി ജോർജ് രൂക്ഷമായി വിമർശിച്ചു. താൽപര്യമില്ലാത്ത സ്ഥാനാർഥികളെ തിരസ്കരിക്കാനുള്ള അവകാശം നിഷേധിക്കുന്നത് ജനാധിപത്യവിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. നാടിന് പ്രയോജനകരമായവരെ വിജയിപ്പിക്കണമെന്ന് ബസേലിയസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ ആഹ്വാനം ചെയ്തു.
വിജയപ്രതീക്ഷയിൽ ഇരു മുന്നണികളും ,കൂടുതൽ സീറ്റുകൾ പ്രതീക്ഷിച്ച് ബിജെപി
ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ എക്കാലത്തെയും പോലെ ഇടതുപക്ഷം മികച്ച വിജയം നേടുമെന്ന് എംഎ ബേബി പറഞ്ഞു. വികസന പ്രവർത്തനങ്ങളും ജനക്ഷേമ പദ്ധതികളും ജനങ്ങൾ വോട്ടായി മാറ്റുമെന്ന് എൽഡിഎഫ് കൺവീനർമാരും മന്ത്രി വി ശിവൻകുട്ടിയും ആത്മവിശ്വാസം പ്രകടിപ്പിച്ചു. വർഗീയതയ്‌ക്കെതിരായ പോരാട്ടമാണ് എൽഡിഎഫ് നടത്തുന്നതെന്ന് ബേബി കൂട്ടിച്ചേർത്തു. സംസ്ഥാനത്ത് യുഡിഎഫ് തരംഗമാണെന്നും വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശനും ചാണ്ടി ഉമ്മൻ എംഎൽഎയും അവകാശപ്പെട്ടു. സർക്കാർ വിരുദ്ധ വികാരവും ശബരിമല സ്വർണക്കൊള്ള ഉൾപ്പെടെയുള്ള വിഷയങ്ങളും ജനങ്ങളെ സ്വാധീനിക്കുമെന്നും സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട നിർണായക തെളിവുകൾ പുറത്തുവിടുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ടീം യുഡിഎഫ് ആയിട്ടാണ് പ്രവർത്തിച്ചതെന്നും തിരുവനന്തപുരം കോർപ്പറേഷനിലടക്കം അപ്രതീക്ഷിത മുന്നേറ്റം ഉണ്ടാകുമെന്നും കെ മുരളീധരൻ പറഞ്ഞു. തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി പിടിക്കുമെന്നും ശബരിമലയിലെ വിശ്വാസികളുടെ വികാരം വോട്ടിൽ പ്രതിഫലിച്ച് നഗരസഭയിൽ തിലകമണിയുമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു. സുരേഷ് ഗോപി, രഞ്ജിത്ത്, ചിപ്പി തുടങ്ങിയ താരങ്ങളും വോട്ട് രേഖപ്പെടുത്തി.
അനിഷ്ട സംഭവങ്ങളും വിയോഗങ്ങളും
വോട്ടെടുപ്പിനിടെ ദാരുണമായ ചില സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇടുക്കി കരുണാപുരത്ത് വോട്ട് ചെയ്ത് മടങ്ങിയ ശ്രീജിത്ത് (20) എന്ന യുവാവ് ചെക്ക് ഡാമിൽ മുങ്ങിമരിച്ചു. കാഞ്ഞൂർ ഗ്രാമപഞ്ചായത്തിൽ വോട്ട് ചെയ്യാൻ നിൽക്കുമ്പോൾ വേലിക്കകത്ത് ബാബു (75) കുഴഞ്ഞുവീണു മരിച്ചു. സ്ഥാനാർഥികളുടെ മരണത്തെത്തുടർന്ന് മൂന്നിടങ്ങളിൽ തെരഞ്ഞെടുപ്പ് മാറ്റിവച്ചു. എറണാകുളം പാമ്പാക്കുട പഞ്ചായത്തിലെ പത്താം വാർഡിലെ യുഡിഎഫ് സ്ഥാനാർഥി സിഎസ് ബാബു വോട്ടെടുപ്പിനിടെ അന്തരിച്ചതിനാലും തിരുവനന്തപുരം വിഴിഞ്ഞം വാർഡിലെ സ്വതന്ത്ര സ്ഥാനാർഥി നേരത്തെ മരിച്ചതിനാലും വോട്ടെടുപ്പ് നടന്നില്ല. മലപ്പുറം എടക്കര മൂത്തേടം പഞ്ചായത്തിലെ യുഡിഎഫ് സ്ഥാനാർഥി ഹസീന മരിച്ചതിനാലും തെരഞ്ഞെടുപ്പ് മാറ്റിവച്ചിട്ടുണ്ട്.
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണർ എ ഷാജഹാൻ 80 ശതമാനം പോളിങ് പ്രതീക്ഷിച്ചിരുന്നെങ്കിലും അത് നടന്നില്ല. 15,432 പോളിങ് സ്റ്റേഷനുകളിലായി വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിരുന്നത്. യന്ത്രത്തകരാറുകൾ ഉടനടി പരിഹരിക്കാൻ എൻജിനീയർമാരുടെ സേവനവും ലഭ്യമാക്കിയിരുന്നു. രണ്ടാം ഘട്ട തെരഞ്ഞെടുപ്പിൻ്റെ പ്രചാരണം ഇന്ന് വൈകിട്ടോടെ അവസാനിച്ചു. കുറഞ്ഞ പോളിങ് ശതമാനം ആരെ തുണയ്ക്കുമെന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേരളം. എറണാകുളത്തെ മുന്നേറ്റവും മലയോര ജില്ലകളിലെ പിന്നോക്കാവസ്ഥയും വരും ദിവസങ്ങളിൽ സജീവ ചർച്ചയാകും.
https://www.worldm.news/keralam/local-body-elections-71-lakh--12735