ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരമായി അജ്മാൻ.

അബുദാബി : ആഗോള സുരക്ഷാ സൂചികയിൽ സമാനതകളില്ലാത്ത ചരിത്രനേട്ടം സ്വന്തമാക്കി യുണൈറ്റഡ് അറബ് എമിറേറ്റ്സ് . ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളുടെ ആഗോള പട്ടികയിൽ യുഎഇയിലെ അഞ്ച് പ്രമുഖ നഗരങ്ങൾ മുൻനിരയിൽ ഇടംപിടിച്ചു . പ്രമുഖ ഗ്ലോബൽ ഡാറ്റാബേസ് പ്ലാറ്റ്‌ഫോമായ ‘നംബിയോ’ പുറത്തുവിട്ട 2026-ലെ മിഡ്-ഇയർ ക്രൈം ആൻഡ് സേഫ്റ്റി ഇൻഡക്സ് പ്രകാരമാണ് ഈ വൻ നേട്ടം. ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരത്തിനുള്ള ഒന്നാം സ്ഥാനം യുഎഇയിലെ ‘അജ്മാൻ’ എമിറേറ്റ്സ് സ്വന്തമാക്കി.ആഗോള സുരക്ഷാ റാങ്കിങ്ങിൽ ആദ്യത്തെ നാല് സ്ഥാനങ്ങളും യുഎഇ നഗരങ്ങളാണ് കൈക്കലാക്കിയത് എന്നത് രാജ്യത്തിന്റെ സുരക്ഷാ മികവിന് അടിവരയിടുന്നു. അജ്മാന് തൊട്ടുപിന്നാലെ തലസ്ഥാന നഗരമായ അബുദാബി രണ്ടാം സ്ഥാനവും, റാസൽഖൈമ മൂന്നാമതും, ഷാർജ നാലാമതും സ്ഥാനങ്ങൾ കരസ്ഥമാക്കി. യുഎഇയിലെ മറ്റൊരു പ്രമുഖ മെട്രോ നഗരമായ ദുബായ് ലോക റാങ്കിങ്ങിൽ ആറാം സ്ഥാനത്താണ്.
നൂതനമായ പോലീസ് സംവിധാനം, അടിയന്തര സാഹചര്യങ്ങളിലെ അതിവേഗ പ്രതികരണം, കൃത്യമായ കമ്മ്യൂണിറ്റി പങ്കാളിത്തം, പൊതുസുരക്ഷ ഉറപ്പാക്കാനായി നടപ്പിലാക്കിയ നവീന സാങ്കേതികവിദ്യകൾ എന്നിവയാണ് അജ്മാനെ ലോകത്തിന്റെ നെറുകയിൽ എത്തിച്ചത്. യുഎഇ ഭരണനേതൃത്വത്തിന്റെ ദീർഘവീക്ഷണത്തോടെയുള്ള പ്രവർത്തനങ്ങളും, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉൾപ്പെടെയുള്ള അത്യാധുനിക സാങ്കേതികവിദ്യകൾ സുരക്ഷാ മേഖലയിൽ പ്രായോഗികമാക്കിയതുമാണ് ഈ അഭിമാന നേട്ടത്തിന് പിന്നിലെന്ന് അജ്മാൻ പോലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ ശൈഖ് സുൽത്താൻ ബിൻ അബ്ദുല്ല അൽ നുഐമി വ്യക്തമാക്കി.കുറ്റകൃത്യങ്ങൾ മുൻകൂട്ടി തടയുന്നതിനും പോലീസിന്റെ പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുന്നതിനുമായി എഐ , പ്രെഡിക്റ്റീവ് ടെക്നോളജികൾ , ബിഗ് ഡാറ്റാ അനലിറ്റിക്സ് (എന്നിവ അടിസ്ഥാനമാക്കിയുള്ള ആധുനിക സുരക്ഷാ മാതൃകയാണ് അജ്മാൻ പോലീസ് എമിറേറ്റിൽ വിജയകരമായി നടപ്പിലാക്കിയിട്ടുള്ളത്. ഇവിടുത്തെ സ്മാർട്ട് നിരീക്ഷണ സംവിധാനങ്ങളെ തത്സമയ അനലിറ്റിക്കൽ പ്ലാറ്റ്‌ഫോമുകളുമായി ബന്ധിപ്പിച്ചാണ് ‘അജ്മാൻ, ദി സിറ്റി ഓഫ് സേഫ്റ്റി’ എന്ന ഔദ്യോഗിക മുദ്രാവാക്യം പോലീസ് പ്രാവർത്തികമാക്കുന്നത്. ഇത് വഴി നഗരത്തിലെ അപകടസാധ്യതകൾ മുൻകൂട്ടി തിരിച്ചറിയാനും അനിഷ്ട സംഭവങ്ങൾ ഉണ്ടാകുന്നതിന് മുൻപ് തന്നെ ശക്തമായ പ്രതിരോധ നടപടികൾ സ്വീകരിക്കാനും കൺട്രോൾ റൂമുകൾക്ക് സാധിക്കുന്നുണ്ട്. ഇതിന് പുറമെ മുതിർന്ന പൗരന്മാർ, സ്ത്രീകൾ, ഭിന്നശേഷിക്കാർ എന്നിവർക്കായി വിഭാവനം ചെയ്ത സവിശേഷ ഡിജിറ്റൽ സേവനങ്ങളിലൂടെ പൊതുജനവിശ്വാസം ശക്തിപ്പെടുത്താൻ കമ്മ്യൂണിറ്റി പൊലീസിങ്ങിന് സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു