ട്രെയിൻ തട്ടി ചികിത്സയിലായിരുന്ന എട്ടുവയസുകാരൻ മരിച്ചു

കോഴിക്കോട്: ട്രെയിൻ തട്ടി ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന എട്ടുവയസുകാരൻ മരിച്ചു. കോഴിക്കോട് വെസ്റ്റ് കണ്ണഞ്ചേരി കുഞ്ഞീരിയമ്പലത്ത് മുബസാനയിൽ അഹമ്മദ് കോയയുടെ മകൻ ഫൈസാൻ ആണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യആശുപത്രി തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.ഇന്നലെ രാവിലെ എട്ടുമണിയോടെയാണ് അപകടം ഉണ്ടായത്. യശ്വന്ത് പൂരിൽ നിന്നും കണ്ണൂരിലേക്ക് പോവുകയായിരുന്ന യശ്വന്ത്പുർ കണ്ണൂർ എക്‌സ്‌പ്രസ് ട്രെയിൻ ആണ് കുട്ടിയെ ഇടിച്ചത്. അപകടത്തിൽ തലക്ക് സാരമായി പരിക്കേറ്റതിനെ തുടർന്ന് ഉടൻ തന്നെ സ്ഥലത്തെത്തിയ പന്നിയങ്കര പോലീസും മീഞ്ചന്ത ഫയർ യൂണിറ്റും ചേർന്ന് കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കുകയും ചെയ്‌തു.പിന്നീട് കുട്ടിയുടെ ആരോഗ്യനില വഷളായതിനെ തുടർന്ന് ഇന്ന് ഉച്ചക്ക് 12:30 യോടെ മരണം സംഭവിച്ചു. രാവിലെ കൂട്ടുകാർ റെയിൽവേ ട്രാക്കിന് സമീപത്തെ ഗ്രൗണ്ടിൽ കളിക്കുന്നത് കണ്ട് അങ്ങോട്ടേക്ക് കളിക്കാൻ ഓടിയതായിരുന്നു ഫൈസാൻ. ഈ സമയത്താണ് വീടിന് മുമ്പിലെ റെയിൽവേ ട്രാക്കിലൂടെ ട്രെയിൻ കുതിച്ചെത്തിയത്. പരപ്പിൽ എംഎംഎൽപി സ്‌കൂൾ മൂന്നാം ക്ലാസ് വിദ്യാർഥിയാണ് മരിച്ച ഫൈസാൻ.