കെപിസിസി ആസ്ഥാനത്തേക്ക് ബിജെപി പ്രതിഷേധ മാർച്ച് നടത്തി: നേതാക്കൾക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു

തിരുവനന്തപുരം: കേന്ദ്ര സർക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ കോൺഗ്രസ് നടത്തുന്ന പ്രതിഷേധങ്ങൾക്കെതിരെ തിരുവനന്തപുരത്തെ കെ.പി.സി.സി ആസ്ഥാനത്തേക്ക് ബി.ജെ.പി നടത്തിയ മാർച്ചിൽ വൻ സംഘർഷം. ഡൽഹിയിൽ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കോൺഗ്രസ് നടത്തുന്ന സമരത്തിൽ പ്രതിഷേധിച്ചായിരുന്നു മാർച്ച്.പ്രതിഷേധത്തിനിടെ ബി.ജെ.പി സംസ്ഥാന അധ്യക്ഷനും എം.എൽ.എയുമായ രാജീവ് ചന്ദ്രശേഖർ, മുതിർന്ന നേതാവ് കുമ്മനം രാജശേഖരൻ, തിരുവനന്തപുരം ഡെപ്യൂട്ടി മേയർ ആശാനാഥ് തുടങ്ങി നിരവധി നേതാക്കൾ നിൽക്കുന്നിടത്തേക്ക് പോലീസ് ജലപീരങ്കി പ്രയോഗിച്ചു.ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എം.എൽ.എ മാർച്ച് ഉദ്ഘാടനം ചെയ്തു. ജനാധിപത്യം അട്ടിമറിക്കാൻ സമ്മതിക്കില്ലെന്നും ഡൽഹിയിൽ നടന്നത് പ്രധാനമന്ത്രി മോദിയെ ആക്രമിക്കാനുള്ള ശ്രമമാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. പ്രതിഷേധത്തിനിടെ വനിതാ പ്രവർത്തകയുടെ മുഖത്ത് അടിച്ചതായി ബി.ജെ.പി ആരോപിച്ചു. പോലീസ് ജലപീരങ്കി പ്രയോഗിച്ചതോടെ കടുത്ത സംഘർഷാവസ്ഥ ഉടലെടുത്തു.