ഇൻഡിഗോ സര്‍വീസുകള്‍ വെട്ടിക്കുറച്ച്‌ കേന്ദ്രം ; മറ്റ് വിമാനക്കമ്പനികള്‍ക്ക് നേട്ടം

മുംബൈ: കഴിഞ്ഞ ദിവസങ്ങളിലായി നിലനിന്നിൽക്കുന്ന ഇൻഡിഗോ പ്രതിസന്ധിക്ക് പിന്നാലെ കര്‍ശന നടപടിയുമായി ഡിജിസിഎ (ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ). ഇൻഡിഗോ സര്‍വീസുകള്‍ വെട്ടിക്കുറച്ച്‌ കേന്ദ്രം ; മറ്റ് വിമാനക്കമ്പനികള്‍ക്ക് നേട്ടം. വിമാന സർവീസുകളിലെ തുടർച്ചയായ തടസങ്ങൾ കാരണം യാത്രക്കാർ നിരന്തരം ബുദ്ധിമുട്ടുകള്‍ നേരിടുന്ന പശ്ചാത്തലത്തിലാണ് കര്‍ശന നടപടിയുമായി കേന്ദ്രം മുന്നോട്ട് പോകുന്നത്.

ഇൻഡിഗോയുടെ 5 ശതമാനം സര്‍വീസുകള്‍ എയര്‍ ഇന്ത്യയ്‌ക്കും ആകാശയ്‌ക്കും കൈമാറണമെന്നും കേന്ദ്രം വ്യക്തമാക്കി. പ്രതിസന്ധിക്ക് പിന്നാലെ ഇൻഡിഗോ നിലവിൽ സർവീസ് നടത്തുന്ന റൂട്ടുകളുടെ എണ്ണം കുറയ്ക്കുമെന്ന് സിവിൽ വ്യോമയാന മന്ത്രി കെ റാം മോഹൻ നായിഡു കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. തുടർന്നാണ് ഡിജിസിഎ ഉത്തരവ്. 2025-26 വിൻ്റർ ഷെഡ്യൂളിൻ്റെ ഭാഗമായി എയർലൈൻ പ്രതിദിനം 2,200 ലധികം വിമാനങ്ങൾ സർവീസ് നടത്തുന്നുണ്ട്.ഏതാനും മാസങ്ങൾ വരെയും 59,438 വിമാനങ്ങൾ സർവീസ് നടത്തിയിരുന്നു. എന്നാൽ നവംബറിൽ ആഭ്യന്തര സർവീസുകൾ നടത്തുന്ന 951 വിമാനങ്ങളുടെ സർവൂസുകൾ റദ്ദാക്കിയിരുന്നു എന്ന് പ്രസ്‌താവനയിൽ പറയുന്നു. "2025 ലെ വിൻ്റർ ഷെഡ്യൂളുകളിൽ 403 വിമാനങ്ങളിൽ നിന്ന് 351 വിമാനങ്ങൾ ഉപയോഗിച്ച് ഷെഡ്യൂൾ ആറ് ശതമാനം വർധിപ്പിക്കാൻ അനുമതി ലഭിച്ചു. എന്നിരുന്നാലും ഒക്‌ടോബറിൽ 339 ഉം നവംബറിൽ 344 വിമാനങ്ങളും മാത്രമേ എയർലൈനിന് സർവീസ് നടത്താൻ കഴിഞ്ഞുള്ളൂ", എന്ന് പ്രസ്‌താനയിൽ പറയുന്നു.

"മേൽപ്പറഞ്ഞതിനെ 2024 ലെ വിൻ്റർ ഷെഡ്യൂളുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇൻഡിഗോ പുറപ്പെടലുകൾ 9.66 ശതമാനമായി വർധിപ്പിച്ചതായും 2025 ലെ സമ്മർ ഷെഡ്യൂളുമായി താരതമ്യപ്പെടുത്തുമ്പോൾ 6.05 ശതമാനമായി വർധിപ്പിച്ചതായും അനുമാനിക്കാം. എന്നിരുന്നാലും ഈ ഷെഡ്യൂളുകൾ കാര്യക്ഷമമായി പ്രവർത്തിപ്പിക്കാൻ എയർലൈനിന് സാധിച്ചിട്ടില്ല. അതിനാൽ വിവിധ മേഖലകളിലുടനീളം ഷെഡ്യൂൾ 5 ശതമാനമായി കുറയ്‌ക്കാൻ നിർദേശിച്ചിരിക്കുന്നു. ഡിസംബർ 10 ന് വൈകുന്നേരം 5 മണിക്കുള്ളിൽ ഇൻഡിഗോ പുതുക്കിയ ഷെഡ്യൂളുകളെക്കുറിച്ചുള്ള വിശദമായ അറിയിപ്പ് പുറപ്പെടുവിക്കുന്നതായിരിക്കും" എന്നും പ്രസ്‌താവനയിൽ കൂട്ടിച്ചേർത്തു.

ഇൻഡിഗോ സർവീസുകളിലെ തുടർച്ചയായ തടസങ്ങൾ യാത്രക്കാർക്ക് ബുദ്ധിമുട്ടുകൾ സൃഷ്‌ടിക്കുന്ന സാഹചര്യത്തിൽ രാജ്യത്തുടനീളമുള്ള വിമാനത്താവളങ്ങളിൽ കൃത്യമായ പരിശോധനകൾ നടത്താൻ സിവിൽ ഏവിയേഷൻ മന്ത്രാലയത്തിൻ്റെ നിർദേശം. പ്രധാന വിമാനത്താവളങ്ങളിൽ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനും കുടുങ്ങിക്കിടക്കുന്നതോ വൈകിയതോ ആയ യാത്രക്കാരുടെ ആശങ്കകൾ ഉടനടി പരിഹരിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും വേണ്ടിയാണ് ഈ നടപടിയെന്ന് മോഹൻ നായിഡു പറഞ്ഞു.

ഇൻഡിഗോയുടെ പ്രവർത്തനങ്ങളിലെ ക്രമക്കേടുകൾ രാജ്യവ്യാപകമായുള്ള സര്‍വീസുകളെ ബാധിക്കാൻ തുടങ്ങിയത് ഡിസംബർ 3 മുതലാണ്. തുടർന്ന് മന്ത്രാലയവും ഡിജിസിഎയും എല്ലാ വിമാനത്താവളങ്ങളിലെയും സ്ഥിതിഗതികൾ നിരന്തരം നിരീക്ഷിച്ചു വരികയാണെന്ന് എക്‌സിലെ പോസ്‌റ്റിൽ പറയുന്നു.വിമാനത്താവളങ്ങളിൽ ഗ്രൗണ്ട് പരിശോധനകൾ നടത്തുക, യാത്രക്കാരുമായി സംവദിക്കുക, എയർലൈൻ ഹാൻഡ്‌ലിംഗ് നടപടിക്രമങ്ങൾ പരിശോധിക്കുക, ആശയവിനിമയ കാലതാമസം, തിരക്ക് നിയന്ത്രിക്കൽ, ടെർമിനലുകളിലെ അപര്യാപ്‌തമായ സഹായം എന്നിവയുൾപ്പെടെ യാത്രാ സേവനങ്ങളിലെ പ്രതിസന്ധികള്‍ തിരിച്ചറിയുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത് എന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി.

യാത്രക്കാർ ഉന്നയിക്കുന്ന ഫീഡ്‌ബാക്ക് ഉൾപ്പെടെ ഉടനടി പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നീണ്ട ക്യൂ, ചെക്ക്-ഇൻ പ്രക്രിയകളുടെ താമസം, പുനഃക്രമീകരിച്ച വിമാന സര്‍വീസുകളുടെ കാല താമസം എന്നിവയെക്കുറിച്ച് സോഷ്യൽ മീഡിയയിൽ യാത്രക്കാരുടെ പരാതികൾ ഉയരുന്നത് കണക്കിലെടുത്താണ് മന്ത്രാലയത്തിൻ്റെ നടപടികൾ.

ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോ ഈ ആഴ്‌ച ആദ്യം മുതൽ സര്‍വീസ് നടത്തുന്നതില്‍ പ്രതിസന്ധി നേരിടുകയാണ്. ഇത് ഡൽഹി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ് തുടങ്ങി നിരവധി വിമാനത്താവളങ്ങളിൽ വ്യാപകമായി പ്രതിസന്ധിക്ക് കാരണമായിരുന്നു. നിരവധി സര്‍വീസുകള്‍ റദ്ദാക്കുകയും യാത്രക്കാര്‍ ടിക്കറ്റ് നിരക്ക് റീ ഫണ്ട് നല്‍കുകയും ചെയ്‌തിരുന്നു. വ്യോമയാന മേഖലകളിലെ കുത്തകവല്‍ക്കരണമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്ന് വിദഗ്‌ധര്‍ തുറന്നടിച്ചിരുന്നു.