അജ്മീറിൽ നീറ്റ് പരീക്ഷയുടെ പേരിൽ തട്ടിപ്പ് ശ്രമം: ചോദ്യപേപ്പർ നൽകാമെന്ന് പറഞ്ഞ് 30,000 രൂപ ആവശ്യപ്പെട്ട് വീഡിയോ കോൾ

അജ്മീറിൽ നീറ്റ് പരീക്ഷയുടെ പേരിൽ തട്ടിപ്പ് ശ്രമം: ചോദ്യപേപ്പർ നൽകാമെന്ന് പറഞ്ഞ് 30,000 രൂപ ആവശ്യപ്പെട്ട് വീഡിയോ കോൾ

അജ്മീർ: നീറ്റ് പരീക്ഷയ്ക്ക് മുന്നോടിയായി ചോദ്യപേപ്പർ നൽകാമെന്ന് പറഞ്ഞ് അജ്ഞാതന്റെ ഫോൺ കോൾ. പരീക്ഷാ പേപ്പർ ലഭിക്കുന്നതിനായി 30,000 രൂപ ആവശ്യപ്പെട്ട സംഭവത്തിൽ അജ്മീർ പോലീസ് അന്വേഷണം ആരംഭിച്ചു. ഡിഎവി കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥിക്കും, എബിവിപി പ്രവർത്തകനും മുൻ യൂണിയൻ പ്രസിഡന്റുമായ കൃഷ്ണ സിംഗ് താക്കൂറിനുമാണ് സമാനമായ കോളുകൾ വന്നത്.പരാതിക്കാരനായ കൃഷ്ണ സിംഗ് താക്കൂറിന്റെ മൊഴിപ്രകാരം, വിദ്യാർത്ഥിയെ വിളിച്ച് പരീക്ഷയ്ക്ക് മുൻപ് ചോദ്യപേപ്പർ നൽകാമെന്ന് അജ്ഞാതൻ വാഗ്ദാനം ചെയ്തു. തെളിവ് ആവശ്യപ്പെട്ടപ്പോൾ വീഡിയോ കോളിലൂടെ ചോദ്യപേപ്പർ എന്ന് തോന്നിപ്പിക്കുന്ന പേപ്പറുകൾ ഇയാൾ കാണിച്ചുകൊടുത്തു. പിന്നീട് ഇതേ നമ്പറിൽ നിന്ന് തന്നെ വിളിച്ചപ്പോൾ 30,000 രൂപ ആവശ്യപ്പെടുകയും പണം നൽകാനുള്ള ഓൺലൈൻ പേയ്‌മെന്റ് വിവരങ്ങൾ കൈമാറുകയുമായിരുന്നു. ഇയാൾ സംഭാഷണത്തിന്റെ റെക്കോർഡിംഗ് ഉൾപ്പടെ പൊലീസിന് പരാതിനൽകി .സംഭവത്തിൽ അഡീഷണൽ എസ്പി (സിറ്റി) ഹിമാൻഷു ജാഗിഡ് അന്വേഷണം സ്ഥിരീകരിച്ചു. വിളിച്ചത് ആരാണെന്ന് കണ്ടെത്താനും, വീഡിയോ കോളിൽ കാണിച്ചത് യഥാർത്ഥ ചോദ്യപേപ്പർ ആണോ അതോ വിദ്യാർത്ഥികളെ തെറ്റിദ്ധരിപ്പിക്കാനുള്ള തട്ടിപ്പ് ശ്രമമാണോ എന്ന് പരിശോധിക്കാനുമാണ് പോലീസ് തീരുമാനം. പ്രാഥമിക അന്വേഷണത്തിൽ ഇത് ഒരു തട്ടിപ്പ് ശ്രമമാണെന്ന് സംശയിക്കുന്നതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.