പോലീസ് 1.25 ലക്ഷം ഇനാം പ്രഖ്യാപിച്ച കുറ്റവാളി, ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ 1.25 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച കുറ്റവാളി പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ബിഹാര്‍ സമസ്‌തിപൂര്‍ സ്വദേശിയായ ലാലന്‍ സിങ്ങാണ് മരിച്ചത്. സബ് ഇന്‍സ്‌പെക്‌ടര്‍മാരെ വെടിവച്ചു കൊലപ്പെടുത്തിയത് ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ് ഇയാള്‍. ഇന്ന് രാവിലെയാണ് കേസിനാസ്‌പദമായ സംഭവം.കുറ്റവാളി കൊല്ലപ്പെട്ടുവെന്ന വിവരം ഉത്തര്‍പ്രദേശ് പൊലീസ് തന്നെയാണ് പുറത്ത് വിട്ടത്. അഡിഷണൽ പൊലീസ് സൂപ്രണ്ട് ലാൽ പ്രതാപ് സിങ്ങിന്‍റെ നേതൃത്വത്തിലുള്ള സംഘവുമായുള്ള ഏറ്റുമുട്ടലില്‍ കുറ്റവാളി ലാലന്‍ സിങ് വെടിയേറ്റ് മരിച്ചൂവെന്ന് എഡിജിപി അമിതാഭ് യാഷ് പറഞ്ഞു.
ഏറ്റുമുട്ടലില്‍ വെടിയേറ്റ പ്രതിയെ ആദ്യം സിഎച്ച്സി സർസാവയിലെത്തിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ അവിടെ നിന്നും സഹാറൻപൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അവിടെ ചികിത്സയില്‍ തുടരവേ ഇയാള്‍ മരിച്ചു.കൊല്ലപ്പെട്ട ലാലന്‍ സിങ് നിരവധി കേസുകളില്‍ പ്രതിയാണെന്ന് എഡിജിപി യാഷ് പറഞ്ഞു. രണ്ട് ഇന്‍സ്‌പെക്‌ടര്‍മാര്‍, ബാങ്കിലെ ക്യാഷര്‍, സെക്യൂരിറ്റി ഗാര്‍ഡ് എന്നിവര്‍ ഉള്‍പ്പെടെ ഏഴ് പേരെ ഇയാള്‍ നിഷ്‌കരുണം കൊന്നിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. അത് മാത്രമല്ല പൊലീസ് ഇന്‍സ്‌പെക്‌ടര്‍മാരെ കൊലപ്പെടുത്തിയതിന് ശേഷം അവരുടെ സര്‍വീസ് പിസ്റ്റള്‍ കൊള്ളയടിക്കുകയും ബാങ്ക് കൊള്ളയടിക്കുകയും പൊലീസിന്‍റെ പിസ്റ്റള്‍ ഉപയോഗിച്ച് വെടിയുതിര്‍ത്ത് പലയിടത്തും കവര്‍ച്ച നടത്തുകയും ചെയ്‌തിട്ടുണ്ട്.ഗുണ്ടാ സംഘങ്ങളുമായി അടുത്ത ബന്ധമുള്ള സിങ്ങിനൊപ്പം ഇയാളുടെ സഹോദരന്മാരും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു. പൊലീസുമായുള്ള ഏറ്റുമുട്ടലിനിടെ ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന കൂട്ടാളി ഓടി രക്ഷപ്പെട്ടു. അയാള്‍ക്കായുള്ള തെരച്ചില്‍ പുരോഗമിക്കുകയാണ്. ഇയാളെ കണ്ടെത്തിയാല്‍ ഉടന്‍ തന്നെ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.