ഡോ.സിജെ റോയിയുടെ മരണം: ഉന്നതതല അന്വേഷണം പ്രഖ്യാപിച്ച് കർണാടക സർക്കാർ , സംസ്‌കാരം ഇന്ന്

ഡോ.സിജെ റോയിയുടെ മരണം:   ഉന്നതതല അന്വേഷണം പ്രഖ്യാപിച്ച് കർണാടക  സർക്കാർ , സംസ്‌കാരം ഇന്ന്

ബെംഗളൂരു: കോണ്‍ഫിഡൻ്റ് ഗ്രൂപ്പ് ഉടമ സിജെ റോയ് ജീവനൊടുക്കിയ സംഭവത്തിൽ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ച് കർണാടക സർക്കാർ. സത്യം പുറത്തുകൊണ്ടുവരുമെന്നും ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ പ്രതികരിച്ചു. സിജെ റോയ്‌യുടെ സംസ്‌കാരം ഇന്ന് ബെംഗളൂരുവിൽ നടക്കും.

"ഞങ്ങൾ ഉന്നതതല അന്വേഷണം നടത്തി സത്യം പുറത്തുകൊണ്ടുവരും. കേരളത്തിൽ നിന്നുള്ള ഒരു സംഘം ഇവിടെ വന്നതായി ഞങ്ങൾ അറിഞ്ഞു, അന്വേഷണത്തിൽ കൂടുതൽ വിവരങ്ങൾ വെളിപ്പെടും. ഇത് സംഭവിക്കാൻ പാടില്ലായിരുന്നു. അദ്ദേഹം ഒരു നല്ല ബിസിനസുകാരനായിരുന്നു.കേന്ദ്ര സർക്കാർ ഞങ്ങളോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. വിശദമായ അന്വേഷണം നടത്തിയ ശേഷം സർക്കാർ സത്യം ജനങ്ങളെ അറിയിക്കും" - ശിവകുമാർ പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണെന്നും സംഭവം  നടന്ന സ്ഥലം സമഗ്രമായി വിശകലനം ചെയ്‌തുവരികയാണ് എന്നും ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ (സെൻട്രൽ ഡിവിഷൻ) അക്ഷയ് മചീന്ദ്ര ഹകെ പറഞ്ഞു. ഫോറൻസിക് സയൻസ് ലബോറട്ടറി (എഫ്എസ്എൽ), ക്രൈം ഓഫീസർ (സോകോ) സംഘങ്ങൾ ഇക്കാര്യം അന്വേഷിക്കുന്നുണ്ടെന്നും കഴിഞ്ഞ രണ്ട് ദിവസം ആദായനികുതി വകുപ്പ് റെയ്‌ഡ് നടന്ന് വരികയായിരുന്നുവെന്നും ബെംഗളൂരു പൊലീസ് കമ്മീഷണർ സീമന്ത് കുമാർ സിങ് സ്ഥിരീകരിച്ചു.

ആദായനികുതി വകുപ്പിൻ്റെ ചോദ്യം ചെയ്യലിനിടെ ഇടവേള ആവശ്യപ്പെട്ടാണ്  അദ്ദേഹത്തിന്റെ ഓഫീസിനകത്തുപോയി  സ്വയം വെടിവച്ച് മരിച്ചത്.കഴിഞ്ഞ രണ്ട് മൂന്ന് ദിവസം ആദായനികുതി സംഘം അദ്ദേഹത്തിൻ്റെ വീട്ടിൽ പരിശോധന നടത്തിവരികയായിരുന്നു. കേരളത്തിൽ നിന്നുള്ള ഒരു സംഘവും എത്തിയിരുന്നു. നിലവിൽ ഇന്ത്യയിൽ ഇല്ലാത്ത കുടുംബാംഗങ്ങളുമായി പൊലീസ് ബന്ധപ്പെട്ടിട്ടുണ്ട്, ഇന്ന് അവർ എത്തും. മുമ്പും റെയ്‌ഡുകൾ നടന്നിട്ടുണ്ട്. അതിൻ്റെ വിശദാംശങ്ങൾ ഇതുവരെ ലഭിച്ചിട്ടില്ല കേസിൽ കൂടുതൽ അന്വേഷണം നടത്തുമെന്നും പൊലീസ് പറഞ്ഞു.

റോയ് നിയമവിരുദ്ധമായി ഒന്നും ചെയ്യില്ലാ എന്നും ആദായനികുതി വകുപ്പിലെ ഉദ്യോഗസ്ഥൻ അദ്ദേഹത്തെ കടുത്ത സമ്മർദ്ദത്തിലാക്കിയിരുന്നുവെന്നും  സഹോദരൻ സി.ജെ.ബാബു മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം റോയിയുടെ ഭാര്യയും മകനും ബെംഗളൂരുവിലെ ബൗറിങ് ആശുപത്രിയിലെത്തി. പോസ്റ്റ്‌മോർട്ടം നടപടി ക്രമങ്ങള്‍ പുരോഗമിക്കുകയാണ്. ഭാര്യ ലിന റോയിയും മകൻ രോഹിത് റോയിയും കർണാടക പ്രദേശ് യൂത്ത് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് മുഹമ്മദ് നാലപാടിനൊപ്പമാണ് ആശുപത്രി മോർച്ചറിയിൽ എത്തിയത്. ശവസംസ്‌കാരം ഇന്ന് ബെംഗളൂരുവില്‍ നടക്കും. രാവിലെ സഹോദരന്‍റെ വീട്ടിലെത്തിക്കുന്ന മൃതദേഹം ഉച്ചവരെ പൊതുദര്‍ശനത്തിന് വച്ച ശേഷമായിരിക്കും ശവസംസ്‌കാര ചടങ്ങുകൾ നടക്കുക.

https://www.worldm.news/news/confident-group-owner-cj-roy-17266