കർണൂൽ ബസ് അപകടത്തിനു വഴിവെച്ചത് മദ്യ ലഹരിയിലെത്തിയ ബൈക്ക് യാത്രികൻ

ഹൈദരാബാദ്: 20പേരുടെ ജീവനെടുത്ത ആന്ധ്രാപ്രദേശിലെ കർണൂൽ ബസ് അപകടത്തിനു വഴിവെച്ചത് മദ്യ ലഹരിയിലെത്തിയ ബൈക്ക് യാത്രികനെന്ന് ഫോറൻസിക് റിപ്പോർട്ട്. ബൈക്ക് യാത്രികൻ ബി. ശിവശങ്കർ മദ്യപിച്ച് വാഹനമോടിച്ചാണ് അപകടത്തിൽ പെട്ടതെന്ന് കുർണൂൽ ഡിഐജി കെ. പ്രവീൺ മാധ്യമങ്ങളോട് പറഞ്ഞു. ബൈക്കുമായി കൂട്ടിയിടിച്ചതിനു പിന്നാലെയാണ് ബസിന് തീപിടിച്ചത്. തീപിടിച്ച ബസിൽ കുടുങ്ങിയ പത്തൊൻപതോളം പേരാണ് വെന്തു മരിച്ചത്.
ബസ് ഇടിക്കുന്നതിനു മുമ്പ് തന്നെ ബൈക്ക് അപകടത്തിൽപ്പെട്ടിരുന്നുവെന്ന് പൊലീസ് നേരത്തെ നിഗമനത്തിലെത്തിയിരുന്നു." ബൈക്കിന്റെ ഹെഡ്‌ലൈറ്റ് പ്രവർത്തിച്ചിരുന്നില്ല. മദ്യപിച്ച് അമിതവേഗത്തിൽ വാഹനം ഓടിക്കുന്നതിനിടെയാണ് ബൈക്ക് നനഞ്ഞ റോഡിൽ തെന്നി വീണ് അപകടം ഉണ്ടായത്. ബൈക്ക് യാത്രികൻ മദ്യപിച്ചിരുന്നു എന്നതിന് മതിയായ തെളിവുകൾ നേരത്തെ പൊലീസിന് ലഭിച്ചിരുന്നു. ആന്തരികാവയവങ്ങളുടെ സാമ്പിൾ പരിശോധനയിൽ മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്തിയതോടെ ഇത് സ്ഥിരീകരിച്ചു,' ഡിഐജി പറഞ്ഞു. അപകടത്തിൽ ബൈക്ക് യാത്രികനായ ശിവശങ്കർ കൊല്ലപ്പെടുകയും പിൻസീറ്റിലിരുന്ന യെറി സ്വാമി എന്നയാൾ നിസ്സാര പരിക്കുകളോടെ രക്ഷപെടുകയും ചെയ്തിരുന്നു. ബൈക്ക് അപകടത്തിൽപെട്ട് റോഡിൽ വീണ് ഏതാനും മിനിറ്റുകൾ കഴിഞ്ഞാണ് ബസ് ബൈക്കിനു മുകളിലൂടെ കയറിയത്. അടിയിലായ ബൈക്കുമായി ഏകദേശം 300 മീറ്ററോളം ബസ് ഓടി നീങ്ങി. ഇതിനു പിന്നാലെ ബസിൻ്റെ ഇന്ധന ടാങ്ക് പൊട്ടിത്തെറിച്ച് തീപ്പിടുത്തം ഉണ്ടായതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
https://www.worldm.news/latest-news/bus-fire--11267
ബസ് ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്‌തു:
കർണൂലിൽ 20 പേരുടെ മരണിനിടയാക്കിയ ബസ് ഓടിച്ച ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. ഡ്രൈവർ എം ലക്ഷ്മയ്യെയാണ് ഞായറാഴ്്ച ആന്ധ്രാപ്രദേശ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ നാളെ കോടതിയിൽ ഹാജരാക്കും.
മദ്യപിച്ച് വാഹനമോടിക്കുന്നവർ തീവ്രവാദികൾ:
അതേസമയം, കർണൂൽ അപകടത്തിന്റെ പശ്ചാത്തലത്തിൽ മദ്യപിച്ച് വാഹനമോടിക്കുന്നവർക്കെതിരെ രൂക്ഷ പ്രതികരണവുമായി സിറ്റി പൊലീസ് കമ്മീഷണർ വി സി സജ്ജനാർ. മദ്യപിച്ച് വാഹനമോടിക്കുന്നവർ തീവ്രവാദികളാണെന്ന് അദ്ദേഹം പറഞ്ഞു. മദ്യപിച്ച് വാഹനമോടിക്കുന്നവർ ഒരു ദയയും പ്രതീക്ഷിക്കേണ്ടെന്നും അദ്ദേഹം എക്സിൽ കുറിച്ചു.ഇതൊരു റോഡപകടമല്ലെന്നും ക്രിമിനൽ പ്രവർത്തിയാണെന്നും സജ്ജനാർ കൂട്ടിച്ചേർത്തു. ബൈക്ക് ഓടിച്ച ബി ശിവ ശങ്കർ മദ്യപിച്ചിരുന്നുവെന്നാണ് റിപ്പോർട്ട്. പുലർച്ചെ 2.24ന് ബൈക്കിൽ പെട്രോളടിക്കുന്നതും 2.39ന് അപകടം നടക്കുന്നതും സിസിടിവിയിൽ വ്യക്തമാണ്. മദ്യപിച്ച് വാഹനമോടിക്കാമെന്ന അവരുടെ തീരുമാനം സങ്കൽപ്പിക്കാൻ പറ്റാത്ത ദുരന്തത്തിലെത്തിച്ചെന്നും സജ്ജനാർ പറഞ്ഞു.