സിപിഎം ആക്രമണത്തില്‍ തകർന്ന ടാക്‌സിക്ക് മുഴുവൻ നഷ്‌ടപരിഹാരവും നൽകി ED

സിപിഎം ആക്രമണത്തില്‍ തകർന്ന ടാക്‌സിക്ക് മുഴുവൻ നഷ്‌ടപരിഹാരവും നൽകി ED

എറണാകുളം: പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ വസതിയിൽ നടത്തിയ പരിശോധനയ്ക്കിടെ ഉണ്ടായ അക്രമ സംഭവങ്ങളിൽ കേടുപാടുകൾ സംഭവിച്ച ടാക്‌സി വാഹനത്തിന് പൂർണ നഷ്‌ടപരിഹാരം നൽകി എൻഫോഴ്സ്മെൻ്റ് ഡയറക്‌ടറേറ്റ് .പരിശോധനയ്ക്ക് എത്തിയ ഉദ്യോഗസ്ഥർ സഞ്ചരിച്ചിരുന്ന വാഹനം സിപിഎം പ്രവർത്തകർ തകർത്ത സംഭവത്തിലാണ് കേന്ദ്ര അന്വേഷണ ഏജൻസി തന്നെ നേരിട്ട് ഇടപെട്ട് വാഹന ഉടമയ്ക്ക് തുക കൈമാറിയത്. തിരുവനന്തപുരം സ്വദേശിയായ ടാക്‌സി ഡ്രൈവർക്കാണ് അറ്റകുറ്റപ്പണികൾക്കായി ആവശ്യമായ ഒന്നേമുക്കാൽ ലക്ഷത്തോളം രൂപ മുഴുവനായും നൽകിയത്.

മാസപ്പടി കേസിലെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ ശേഖരിക്കുന്നതിൻ്റെ ഭാഗമായാണ് കേന്ദ്ര ഏജൻസി പരിശോധനയ്ക്ക് എത്തിയത്. പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ പിണറായി വിജയൻ്റെ തിരുവനന്തപുരത്തെ വാടകവീട്ടിൽ ഇഡി ഉദ്യോഗസ്ഥർ പരിശോധന നടത്തിയതാണ് വലിയ പ്രതിഷേധങ്ങൾക്ക് വഴിവച്ചത്.ഉദ്യോഗസ്ഥർ പരിശോധനയ്ക്കായി പ്രതിപക്ഷ നേതാവിൻ്റെ വസതിയിലെത്തിയ സമയം സ്ഥലത്ത് തടിച്ചുകൂടിയ സിപിഎം പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തുടർന്നുണ്ടായ സംഘർഷ അന്തരീക്ഷത്തിനിടയിലാണ് ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ട് അക്രമണം അഴിച്ചുവിട്ടതും അവർ സഞ്ചരിച്ച ടാക്‌സി വാഹനം തകർത്തതും.

വാഹനത്തിൻ്റെ ചില്ലുകളും മറ്റ് ഭാഗങ്ങളും അടിച്ച് തകർത്ത നിലയിലായിരുന്നു. അപ്രതീക്ഷിതമായി ഉണ്ടായ ഈ ആക്രമണത്തിൽ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവ്വഹണം തടസപ്പെടുകയും പ്രദേശത്ത് വലിയ രീതിയിലുള്ള ക്രമസമാധാന പ്രശ്‌നങ്ങൾ രൂപപ്പെടുകയും ചെയ്‌തിരുന്നു.വാഹനം തകർന്നതോടെ തിരുവനന്തപുരം സ്വദേശിയായ സാധാരണക്കാരനായ ഡ്രൈവററാണ് പ്രതിസന്ധിയിലായത്. വാഹനം നന്നാക്കിയെടുക്കാൻ വലിയ തുക ആവശ്യമായി വന്നതോടെ ഡ്രൈവർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാവുകയായിരുന്നു. നിത്യവൃത്തിക്കായി ടാക്‌സി സർവീസിനെ മാത്രം ആശ്രയിച്ചു കഴിയുന്ന ഡ്രൈവർക്ക് വാഹനം ഓടിക്കാൻ സാധിക്കാതെ വന്നത് വലിയ തിരിച്ചടിയായി മാറി.