അസമിൽ പ്രളയം ; ഏഴുപേരെ കാണാതായി, 7 ലക്ഷത്തോളം പേരെ ബാധിച്ച് വെള്ളപ്പൊക്കം

അസമിൽ പ്രളയം ; ഏഴുപേരെ കാണാതായി, 7 ലക്ഷത്തോളം പേരെ ബാധിച്ച് വെള്ളപ്പൊക്കം

ഗുവാഹത്തി: അസമിൽ  കനത്ത മഴയിലും പ്രളയത്തിലും ഏഴുപേരെ കാണാതായി . സംസ്ഥാനത്തെ ശിവസാഗർ, ചരൈദേവ് ജില്ലകളിലെ 25 ശതമാനത്തോളം പ്രദേശങ്ങൾ വെള്ളപ്പൊക്കത്തിൽ പൂർണ്ണമായും ഒറ്റപ്പെട്ട നിലയിലാണ്. സംസ്ഥാനത്തൊട്ടാകെ ഏഴു ലക്ഷത്തോളം ആളുകളെ പ്രളയം ഗുരുതരമായി ബാധിച്ചതായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ അറിയിച്ചു.ചില പ്രദേശങ്ങളിൽ വെള്ളക്കെട്ട് കുറഞ്ഞുതുടങ്ങിയെങ്കിലും വീടുകളും റോഡുകളും കനത്ത ചെളികൊണ്ട് മൂടിയ അവസ്ഥയിലാണ്. റോഡ് ഗതാഗതം പൂർണ്ണമായി തകർന്നത് പലയിടത്തും ജനജീവിതം സ്തംഭിപ്പിച്ചു. ഇന്ത്യൻ സൈന്യം, എൻ.ഡി.ആർ.എഫ്, എസ്.ഡി.ആർ.എഫ് എന്നീ സേനാവിഭാഗങ്ങൾ സംയുക്തമായി ദുരിതബാധിത മേഖലകളിൽ രക്ഷാപ്രവർത്തനം നടത്തിവരികയാണ്.


മഴ കുറഞ്ഞതോടെ ജോർഹട്ട്, ഗോലാഘട്ട് ജില്ലകളിൽ സ്ഥിതിഗതികൾ ഭാഗികമായി മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും ശിവസാഗർ, ചരൈദേവ് എന്നിവിടങ്ങളിൽ ഗതാഗത സംവിധാനങ്ങൾ പുനഃസ്ഥാപിക്കാൻ സാധിച്ചിട്ടില്ല. ഒറ്റപ്പെട്ടുപോയ മുഴുവൻ കുടുംബങ്ങൾക്കും അടിയന്തര ആശ്വാസ സാമഗ്രികൾ എത്തിക്കുന്നതിനായി ചെളിയടിഞ്ഞ പാതകൾ ശുചീകരിക്കാനുള്ള പ്രവൃത്തികൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്.അതേസമയം, കുടുങ്ങിക്കിടക്കുന്ന പല വിദൂര പ്രദേശങ്ങളിലേക്കും ഇപ്പോഴും എത്തിപ്പെടാൻ സാധിക്കാത്തത് രക്ഷാപ്രവർത്തകർക്ക് കനത്ത വെല്ലുവിളിയാകുന്നുണ്ട്. മഴയുടെ ശക്തി കുറഞ്ഞെങ്കിലും ജനജീവിതം സാധാരണ നിലയിലേക്ക് തിരിച്ചെത്താൻ ദിവസങ്ങൾ വേണ്ടിവരുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.