ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ആശുപത്രി വിട്ടു , തുടര്‍ ചികിത്സ തലസ്ഥാനത്ത്

കണ്ണൂർ : കെഎസ്‌യുക്കാരുടെ കരിങ്കൊടി പ്രതിഷേധത്തിനിടെ പരിക്കേറ്റ് പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആശുപത്രി വിട്ടു. ഇന്ന് പുലര്‍ച്ചെ 4 മണിയോടെയാണ് ആശുപത്രിയില്‍ നിന്നും ഡിസ്‌ചാര്‍ജായത്. പിന്നാലെ കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് തിരിച്ചു.
മന്ത്രിയുടെ ആരോഗ്യനില മെച്ചപ്പെട്ടൂവെന്നും രക്തസമ്മര്‍ദം സാധാരണ നിലയിലായെന്നും ഇന്നലെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് മന്ത്രി ഡിസ്‌ചാര്‍ജ് ആവശ്യപ്പെട്ടത്. തുടര്‍ ചികിത്സ തിരുവനന്തപുരത്ത് വച്ചായിരിക്കും.അതേസമയം മന്ത്രി ആക്രമിക്കപ്പെട്ടൂവെന്ന സംഭവത്തില്‍ രാഷ്‌ട്രീയ പോരും വിമര്‍ശനങ്ങളും മുറുകുകയാണ്. മന്ത്രിയെ ആക്രമിക്കുന്ന ദൃശ്യം പുറത്ത് വിട്ടാല്‍ അവര്‍ക്ക് പാരിതോഷികം നല്‍കുമെന്ന് കെഎസ്‌യു പ്രഖ്യാപിച്ചിട്ടുണ്ട് . സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ക്യാമ്പയിനും നടത്തുന്നുണ്ട്.എന്നാല്‍ മന്ത്രിക്ക് നേരെ വധശ്രമമാണ് ഉണ്ടായതെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് സിപിഎം. മന്ത്രി ആക്രമിക്കപ്പെട്ടൂവെന്ന് പറയുന്നതിന്‍റെ നിരവധി ദൃശ്യങ്ങള്‍ പുറത്ത് വരുന്നുണ്ടെങ്കിലും അതിലൊന്നും കെഎസ്‌യു പ്രവര്‍ത്തകര്‍ മന്ത്രിയെ ആക്രമിക്കുന്ന ദൃശ്യങ്ങളില്ലെന്നതാണ് മറ്റൊരു വാസ്‌തവം. അതുകൊണ്ട് തന്നെ സിപിഎമ്മിന്‍റെ വാദങ്ങള്‍ക്ക് തെളിവുമില്ല. കേരളാപോലീസിനോ റെയിൽവേപോലീസിനോ അത്തരം ദൃശ്യങ്ങളൊന്നും ലഭിച്ചിട്ടില്ലാ എന്ന് ആധികാരികമായി തന്നെ വെളിപ്പെടുത്തിയിട്ടുമുണ്ട് .

വിവാദമായി മാറിയ ആശുപത്രിയിലെ 'സെൽഫി'കൾ
ആക്രമണത്തില്‍ കഴുത്തിന് ഗുരുതര പരിക്കേറ്റ് പരിയാരം മെഡിക്കല്‍ കോളജ് ഐസിയുവില്‍ കഴിഞ്ഞ മന്ത്രിയ്‌ക്കൊപ്പമുള്ള നഴ്‌സുമാരുടെ ഫോട്ടോ പുറത്ത് വന്നിരുന്നു. ഇതിനെിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. ഐസിയുവില്‍ പാലിക്കേണ്ട മര്യാദ പാലിച്ചില്ലെന്നാണ് വിവിധയിടങ്ങളില്‍ നിന്നും ഉയരുന്ന ആക്ഷേപം. കഴുത്തിന് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന മന്ത്രി നേഴ്സുമാരുമായി ചിരിച്ചുകൊണ്ട് എടുത്ത ഫോട്ടോകൾ ഏറെ വിമര്‍ശനത്തിന് വഴിവച്ചിരിക്കയാണ് . മന്ത്രി വീണാ ജോര്‍ജ് ഐസിയു സംവിധാനം ദുരുപയോഗം ചെയ്യുകയാണെന്നും കെഎസ്‌യു ആരോപിച്ചു.
ഫെബ്രുവരി 25നാണ് മന്ത്രിക്കെതിരെ കണ്ണൂരില്‍ കെഎസ്‌യുവിന്‍റെ കരിങ്കൊടി പ്രതിഷേധമുണ്ടായത്. ജില്ലയിലെ ഔദ്യോഗിക പരിപാടികൾക്ക് ശേഷം കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് തിരുവനന്തപുരത്തേക്ക് മടങ്ങുന്നതിനിടയിലാണ് സംഭവം.