"അന്യേഷണം ശരിയായ ദിശയിൽ" : ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

"അന്യേഷണം ശരിയായ ദിശയിൽ"  : ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

എറണാകുളം: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ സിബിഐ അന്വേഷണം ഉണ്ടാകില്ലെന്ന് ഹൈക്കോടതി. കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കൊണ്ടുള്ള പൊതു താൽപ്പര്യഹർജിയാണ് ഹൈക്കോടതി തീർപ്പാക്കിയത്. പൊലീസിൻ്റെ അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തിലാണ് നടപടി. സിബിഐ അന്വേഷണം വേണ്ടെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചതിന് പിന്നാലെയാണ് ഈ തീരുമാനം.ഇൻ്റലിജൻസ് വീഴ്‌ചയുണ്ടെന്ന ആരോപണം ശരിയല്ലെന്നും അന്വേഷണം ശരിയായ ദിശയിലാണെന്നും പൊതുതാൽപര്യ ഹർജി തള്ളണമെന്നുമായിരുന്നു സർക്കാർ ആവശ്യപ്പെട്ടത്. അഭിഭാഷകനായ ജോജോ ജോസാണ് ഹർജി നൽകിയത്. പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നും പക്ഷപാതപരമാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. കേരള പൊലീസിനെ അപകീർത്തിപ്പെടുത്താനാണ് ഈ ആരോപണങ്ങളെന്നായിരുന്നു സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്.

കേസിൽ ഇതുവരെ 25 പ്രതികളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്‌തു. 44 സാക്ഷിമൊഴികളും ശാസ്ത്രീയ തെളിവുകളും മാധ്യമ ദൃശ്യങ്ങളും ശേഖരിച്ചു. മാസപ്പടി കേസിൽ പിണറായി വിജയൻ്റെ വാടക വീട്ടിൽ റെയ്‌ഡ് നടത്തി മടങ്ങുകയായിരുന്ന ഇ.ഡി ഉദ്യോഗസ്ഥരുടെ സംഘത്തിനെതിരെയായിരുന്നു സിപിഎം പ്രവർത്തകരുടെ അക്രമണം.

മാസപ്പടി കേസും ഇഡി ഉദ്യോഗസ്ഥർക്ക് നേരെയുള്ള ആക്രമണവും

മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ പിണറായി വിജയൻ്റെ തിരുവനന്തപുരത്തെ വാടക വീട്ടിൽ ഇഡി ഉദ്യോഗസ്ഥർ റെയ്‌ഡ് നടത്തിയതാണ് ആക്രമണങ്ങൾക്ക് വഴിവച്ചത്. മണിക്കൂറുകൾ നീണ്ട പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ ഇഡി ഉദ്യോഗസ്ഥർക്ക് നേരെയായിരുന്നു ആക്രമണം ഉണ്ടായത്. കല്ല്, ഇഷ്‌ടിക, വടി, എന്നിവ ഉപയോഗിച്ചാണ് സിപിഎം പ്രവർത്തകർ ആക്രമണം അഴിച്ചുവിട്ടത്. പൊലീസും കേന്ദ്ര സേനയും കാവലുണ്ടായിരുന്നെങ്കിലും ഇഡി ഉദ്യോഗസ്ഥരെയും അവരുടെ വാഹനവും ആക്രമിച്ചത് വലിയ സുരക്ഷ വീഴ്‌ചയായി കണക്കാക്കി.സംഭവത്തിൽ വനിത ഉദ്യോഗസ്ഥയടക്കമുള്ളവർക്ക് പരിക്കേറ്റു. വാഹനത്തിൻ്റെ ഡ്രൈവർക്ക് കണ്ണിന് പരിക്കേറ്റു. പരിക്കേറ്റ ഡ്രൈവർ തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇഡി ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ ഈ ആക്രമണം സംസ്ഥാന വ്യാപകമായി ചർച്ചയായതോടെ പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്‌തു.

പിന്നീട് പ്രതികൾ സമർപ്പിച്ച ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. എന്നാൽ കേസിൽ ഒന്‍പതാം പ്രതിയായ ഡിവൈഎഫ്ഐ പ്രവർത്തകന്‍ ഹരീഷ്‌ കുമാറിന് ജാമ്യം ലഭിച്ചതിനെതിരെ ഇഡി ഹൈക്കോടതിയെ സമീപിച്ചിരുന്നു. സർക്കാർ അഭിഭാഷകൻ കോടതിയെ തെറ്റിദ്ധരിപ്പിച്ചതാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇഡി അപ്പീൽ നൽകിയത്.