വിജയ്‌യെ അറസ്റ്റ് ചെയ്യേണ്ടി വന്നാൽ അത് ചെയ്യുമെന്ന് മന്ത്രി ദുരൈമുരുകൻ

ചെന്നൈ: വിജയ്‌യെ അറസ്റ്റ് ചെയ്യേണ്ടി വന്നാൽ അറസ്റ്റ് ചെയ്യുമെന്ന് മാധ്യമങ്ങളോട് തമിഴ്‌നാട് ജലവിഭവ വകുപ്പ് മന്ത്രി ദുരൈമുരുകൻ. വെല്ലൂരിൽ 'നാളം കാക്കും സ്റ്റാലിൻ' മെഡിക്കൽ ക്യാമ്പിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു മന്ത്രി ദുരൈമുരുകൻ. കല്ലക്കുറിച്ചി സംഭവത്തിൽ മുഖ്യമന്ത്രി പോവാതിരുന്നത് അന്നത്തെ സാഹചര്യം വ്യത്യസ്‌തമായതു കൊണ്ടാണെന്നും എന്നാൽ കരൂരിലേത് 41 പേർ മരിച്ച വലിയ ദുരന്തമാണെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, ലോകം മുഴുവൻ വീക്ഷിക്കുന്ന ഈ സംഭവത്തിൽ മുഖ്യമന്ത്രി ഉടനെ പോകുന്നത് വളരെ സ്വാഭാവികമാണ് എന്നും മന്ത്രി ദുരൈമുരുകൻ കൂട്ടിച്ചേർത്തു. വിജയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ഇന്നലെ മദ്രാസ് ഹൈക്കോടതി രംഗത്ത് വന്നിരുന്നു.“വിജയ് എത്തുമെന്ന് കരുതി പാർട്ടി അംഗങ്ങൾ തടിച്ചുകൂടി. പാർട്ടി എക്‌സിക്യൂട്ടീവ് അംഗങ്ങളും പ്രവർത്തകരും 8 മണിക്കൂർ പ്രദേശത്ത് കാത്തിരുന്നു. അതിനാൽ ഈ മരണങ്ങൾക്ക് ടിവികെ ഉത്തരവാദിയാണ്, സംഭവം നടന്നതിനുശേഷം പാർട്ടി പ്രവർത്തകർ ഒളിവിൽ പോയി. മരണങ്ങൾക്ക് ശേഷവും ജില്ലാ സെക്രട്ടറിമാർ ഉൾപ്പെടെയുള്ള പ്രധാന നേതാക്കൾ സ്ഥലം സന്ദർശിച്ചില്ല” കോടതി പറഞ്ഞു.
മുൻകൂർ ജാമ്യം തേടി ടിവികെ ജനറൽ സെക്രട്ടറി ബുസി ആനന്ദും ജോയിൻ്റ് സെക്രട്ടറി നിർമ്മൽ കുമാറും സമർപ്പിച്ച ഹർജികൾ പരിഗണിക്കവേ ആയിരുന്നു ഹൈക്കോടതിയുടെ വിമർശനം. ഇരുവരുടേയും മുൻകൂർ ജാമ്യാപേക്ഷയിൽ വിധി പറയുന്നതും കോടതി മാറ്റിവച്ചു.റോഡ് ഷോ നടത്താൻ അനുമതി ഇല്ലാഞ്ഞിട്ടും സർക്കാർ എന്തുകൊണ്ട് പരിപാടി റദ്ദാക്കിയില്ലെന്നും ജഡ്‌ജി ചോദിച്ചു. കൂടാതെ, പ്രചാരണത്തിനിടെ സംഭവിച്ച 41 പേരുടെ മരണത്തെക്കുറിച്ച് ഒരു വിവരവും നൽകിയിട്ടില്ല എന്നും ഇതിൽ പൊലീസ് വകുപ്പ് എന്ത് നടപടിയാണ് സ്വീകരിച്ചതെന്നും ജഡ്‌ജി ജ്യോതിരാമൻ ചോദിച്ചു.പൊതുയോഗങ്ങളും റോഡ് ഷോകളും നടത്തുന്നതിനുള്ള രീതികൾ ഇതിനകം നിശ്ചയിച്ചിട്ടുണ്ട് എന്നും അവ പാലിക്കുന്ന കക്ഷിക്ക് മാത്രമേ അനുമതി നൽകാവൂ എന്നും കോടതി പറഞ്ഞു. അതേസമയം, തമിഴ്‌നാടിൻ്റെ വെട്രി കഴകം ഉൾപ്പെടെ എല്ലാ കക്ഷികളും റോഡ് ഷോകൾ നടത്തരുത് എന്നും മധുര ബെഞ്ച് ഉത്തരവിട്ടു.തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിച്ച സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഒരു ഏകാംഗ കമ്മീഷനെ രൂപീകരിച്ചിരുന്നു. ഈ സാഹചര്യത്തിൽ, കരൂർ കേസ് സിബിഐക്ക് കൈമാറുന്നത് ഉൾപ്പെടെ വിവിധ ഹർജികളും കോടതിയിൽ ഫയൽ ചെയ്‌തു.