ഹിസ്ബുള്ളയുടെ ഭൂഗർഭ തുരങ്കങ്ങൾ തകർത്ത് ഇസ്രായേൽ; വെടിനിർത്തൽ കരാർ ലംഘിച്ചെന്ന് ആരോപണം

ഹിസ്ബുള്ളയുടെ ഭൂഗർഭ തുരങ്കങ്ങൾ തകർത്ത് ഇസ്രായേൽ; വെടിനിർത്തൽ കരാർ ലംഘിച്ചെന്ന് ആരോപണം

ജറുസലേം: ദക്ഷിണ ലബനനിലെ മജ്ദൽ സൂൺ ഗ്രാമത്തിൽ ഹിസ്ബുള്ള ഉപയോഗിച്ചിരുന്ന ഭൂഗർഭ തുരങ്കങ്ങൾ തകർത്തതായി ഇസ്രായേൽ സൈന്യം അറിയിച്ചു. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സും സംയുക്തമായാണ് ഇക്കാര്യം പുറത്തുവിട്ടത് 200 മീറ്റർ നീളമുള്ള തുരങ്കത്തിനുള്ളിൽ നൂറുകണക്കിന് ആയുധങ്ങളും വിക്ഷേപണികളും കണ്ടെത്തിയതായും ഇവർ അവകാശപ്പെട്ടു. ആക്രമണത്തിന് മുൻപ് അമേരിക്കയെ വിവരം അറിയിച്ചിരുന്നു.യുഎസിന്റെ മധ്യസ്ഥതയിൽ ഇസ്രായേലും ലബനനും തമ്മിൽ വെടിനിർത്തൽ കരാറിലെത്തി രണ്ട് ദിവസത്തിന് ശേഷമാണ് ഈ ആക്രമണം നടന്നിരിക്കുന്നത്. ഈ കരാർ പ്രകാരം ഇസ്രായേൽ സേന ഘട്ടംഘട്ടമായി പിന്മാറുകയും ലബനീസ് സൈന്യം വിന്യസിക്കപ്പെടുകയും ചെയ്യേണ്ടതാണ്. എന്നാൽ താൽക്കാലികമായി ഒരു സുരക്ഷാ മേഖലയിൽ തുടരാൻ ഇസ്രായേൽ സൈന്യത്തിന് അനുവാദമുണ്ട്. ഇസ്രായേലിന്റെ നടപടി വെടിനിർത്തൽ കരാറിന്റെ പരസ്യമായ ലംഘനമാണെന്ന് ഹിസ്ബുള്ള ആരോപിച്ചു. വെടിനിർത്തൽ കരാർ ഒരു കീഴടങ്ങലാണെന്ന് വിശേഷിപ്പിച്ച ഹിസ്ബുള്ള നേതാവ് നയിം ഖാസിം, തങ്ങൾ സായുധ പ്രതിരോധം തുടരുമെന്നും പ്രഖ്യാപിച്ചു.ദക്ഷിണ ലബനനിലെ സുരക്ഷാ മേഖലയിൽ ഇസ്രായേൽ സേന തുടരുമെന്ന് നെതന്യാഹു വ്യക്തമാക്കി. വടക്കൻ അതിർത്തിയിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഭീകരവാദ അടിസ്ഥാന സൗകര്യങ്ങൾ തകർക്കുന്നതിനുമായി തങ്ങൾ തുടർന്നും പ്രവർത്തിക്കും. ഇറാൻ-ഇസ്രായേൽ യുദ്ധത്തിന്റെ ഭാഗമായി നടന്നുകൊണ്ടിരിക്കുന്ന ഈ സംഘർഷത്തിൽ ഇതിനകം പത്തുലക്ഷത്തിലധികം ലബനീസ് ജനതയ്ക്ക് വീടുകൾ ഉപേക്ഷിക്കേണ്ടി വന്നിട്ടുണ്ട്. വാഷിംഗ്ടൺ ഉറപ്പുനൽകിയ കരാറുകൾ ലംഘിക്കപ്പെടുന്ന സാഹചര്യത്തിൽ മേഖലയിലെ സമാധാനം വീണ്ടും വലിയ പ്രതിസന്ധിയിലായിരിക്കുകയാണ്.