'കലാച്ചി' നോവല്‍ വിവാദം: കെആർ മീര ഹരിത സാവിത്രിക്ക് ലീഗൽ നോട്ടീസ് അയച്ചു

'കലാച്ചി' നോവല്‍ വിവാദം: കെആർ മീര ഹരിത സാവിത്രിക്ക് ലീഗൽ നോട്ടീസ് അയച്ചു

തിരുവനന്തപുരം :' കലാച്ചി- സിൻ'നോവൽ കോപ്പിയടി വിവാദത്തിൽ നിയമനടപടികളുമായി മുന്നോട്ട് പോകാനൊരുങ്ങി പ്രശസ്ത എഴുത്തുകാരി കെ.ആർ മീര. ഇതിന്റെ ഭാഗമായി ഹരിത സാവിത്രിക്ക് കെ.ആർ മീര വക്കീൽ നോട്ടീസ് അയച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെ കെ.ആർ മീര തന്നെയാണ് ഈ വിവരം വായനക്കാരെയും പൊതുസമൂഹത്തെയും അറിയിച്ചത്. പ്രിയപ്പെട്ട വായനക്കാരുടെയും തന്നെ സ്നേഹിക്കുന്നവരുടെയും പൊതുസമൂഹത്തിന്റെയും അറിവിലേക്കായി എന്ന് പരാമർശിച്ചുകൊണ്ടാണ് കെ.ആർ മീരയുടെ സോഷ്യൽ മീഡിയ പോസ്റ്റ് ആരംഭിക്കുന്നത്. ഹരിത സാവിത്രി തനിക്കെതിരെ ഉയർത്തിയ അടിസ്ഥാനരഹിതമായ ആരോപണങ്ങളും ആക്ഷേപങ്ങളും പൊതുസമൂഹത്തിൽ തനിക്ക് വലിയ രീതിയിൽ അവമതിപ്പ് ഉണ്ടാക്കിയെന്നാണ് കെ.ആർ മീരയുടെ ആരോപണം

'സിൻ' എന്ന നോവലിന്റെ എഴുത്തുകാരിയായ ഹരിത സാവിത്രി ഫേസ്ബുക്കിൽ പങ്കുവെച്ച ഒരു പോസ്റ്റിന് പിന്നാലെയാണ് മലയാള സാഹിത്യ ലോകത്തെ ചൂടുപിടിപ്പിച്ച ഈ കോപ്പിയടി വിവാദം ആരംഭിച്ചത്. കാമുകനെ തേടി വിദേശത്തെ സംഘർഷബാധിതമായ മേഖലകളിൽ എത്തുന്ന ഒരു യുവതിയുടെ കഥയാണ് രണ്ട് നോവലുകളുടെയും ഇതിവൃത്തം. കസാക്കിസ്ഥാനിലെ കലാച്ചി എന്ന ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ കെ.ആർ മീര കഥ പറയുമ്പോൾ, കുർദിസ്ഥാൻ പശ്ചാത്തലമാക്കിയാണ് ഹരിത സാവിത്രി തന്റെ നോവൽ എഴുതിയിരിക്കുന്നത്.

ഹരിതയുടെ 'സിൻ' എന്ന നോവൽ 2022-ലാണ് പുറത്തിറങ്ങിയത്. ഈ കൃതിക്ക് 2023-ലെ കേരള സാഹിത്യ അക്കാദമി അവാർഡും ലഭിക്കുകയുണ്ടായി. എന്നാൽ കെ.ആർ മീരയുടെ 'കലാച്ചി' എന്ന നോവൽ പുസ്തകരൂപത്തിൽ പുറത്തിറങ്ങുന്നത് 2025-ലാണ്. നോവൽ പുറത്തുവന്നത് 2025-ലാണെങ്കിലും, അതിന്റെ ആദ്യഭാഗങ്ങൾ 2020-ൽ തന്നെ ഒരു പ്രമുഖ ഓൺലൈൻ മാധ്യമത്തിൽ പ്രസിദ്ധീകരിച്ചിരുന്നുവെന്നാണ് കെ.ആർ മീര വ്യക്തമാക്കുന്നത്. എന്നാൽ കെ.ആർ മീരയുടെ ഈ വാദങ്ങളെയും ഹരിത സാവിത്രി പൂർണ്ണമായും തള്ളിക്കളയുകയാണ് ചെയ്യുന്നത്.