കതിരൂർ ഗ്രാമപഞ്ചായത്ത് ആർട്ട് ഗാലറിയിൽ 'കതിരൊളി' ആരംഭിച്ചു

കണ്ണൂർ : നവീകരിച്ച കതിരൂർ ഗ്രാമപഞ്ചായത്ത് ആർട്ട് ഗാലറിയിലെ 102-ാമത് ചിത്രകലാ പ്രദർശനമായ 'കതിരൊളി 'പഞ്ചായത്ത് പ്രസിഡന്റ് സുജയ പി പി യുടെ അധ്യക്ഷതയിൽ കാരായി രാജൻ എംഎൽഎ ഉദ്‌ഘാടനം ചെയ്തു. കഴിഞ്ഞ ഒക്ടോബറിൽ സംസ്ഥാന തലത്തിൽ കതിരൂരിൽ സംഘടിപ്പിച്ച ചിത്രകലാ ക്യാമ്പിൽ രൂപപ്പെട്ട 24 സർഗ്ഗാത്മക രചനകളാണ് ജൂൺ 15 മുതൽ ജൂലൈ 15 വരെ നീളുന്ന കതിരൊളി യിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
ഉദ്‌ഘാടനപരിപാടിക്ക് അനുബന്ധമായി കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആർട്ടിസ്റ്റ് ക്യൂറേറ്റർ രാജേന്ദ്രൻ പുല്ലൂരിന്റെ 50ൽ പരം രചനകളുടെ സ്ലൈഡ് പ്രദർശനവും നടന്നു .യോഗത്തിൽ പി പി സനിൽ, ഷീബ എം, (കതിരൂർ പഞ്ചായത്ത് മുൻ പ്രസിഡന്റുമാർ )സുധീഷ് എൻ, (പാനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് )ശിവകൃഷ്ണൻ കെ എം, ശശികുമാർ കെ (ചിത്രകാരന്മാർ )എന്നിവർ സംസാരിച്ചു. സമകാല കേരളത്തിൻ്റെ ചിത്രകലാ രംഗത്തെ നൂതനമായ സർഗ്ഗാത്മക മുന്നേറ്റമാണ് പ്രദർശനത്തിൽ ദൃശ്യമാകുന്നതെന്ന് ശിവകൃഷ്ണൻ കെ എം പറഞ്ഞു. കേരളത്തിൻ്റെ പാരിസ്ഥിതിക സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക രംഗങ്ങളിലെ വർത്തമാനകാല അവസ്ഥകളെ തെയ്യം കലയുടെ വൈകാരിക വീക്ഷണത്തിൽ സമീപിക്കുന്ന രാജേന്ദ്രൻ്റെ സർഗാത്മക രചനകളാണ് സ്ലൈഡ് ഷോയിൽ അവതരിപ്പിച്ചത്.
(പ്രദർശന സമയം രാവിലെ 10 മണി മുതൽ വൈകുന്നേരം 6 മണി വരെയാണ്. ഞായറാഴ്ച ഗാലറിക്ക് അവധിയാണ്.)
